മദീന: റമദാൻ ആഗതമാകാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ വിശ്വാസികളെ സ്വീകരിക്കാൻ മക്കയിലെ മസ്ജിദുൽ ഹറാമും മദീനയിലെ മസ്ജിദുന്നബവിയും ഒരുക്കം ഊർജിതമാക്കി. ഇരു പള്ളികളിലും എത്തുന്ന വിശ്വാസികൾക്ക് ആവശ്യമായ സേവനങ്ങളും ആരോഗ്യ മുൻകരുതലുകളും പൂർത്തിയാക്കിവരുന്നതായി ഇരു ഹറമുകളുടെയും മേധാവി ശൈഖ് അബ്ദുറഹ്മാൻ അബ്ദുൽ അസീസ് അൽ സുദൈസ് അറിയിച്ചു. ഇരു ഹറമുകളുടെയും പ്രവേശന കവാടങ്ങളിൽ ആരോഗ്യ സുരക്ഷ മുൻകരുതലുകൾക്കായി പ്രത്യേക സാങ്കേതിക സേവന ഏജൻസിയെ നിശ്ചയിച്ചിട്ടുണ്ട്.
പള്ളികളുടെ അകത്തേക്ക് വിശ്വാസികളെ പ്രവേശിപ്പിക്കുന്നതിനും പ്രാർഥനക്ക് ശേഷം പുറത്തേക്കുപോകാനും പ്രത്യേക 'ഡോർസ് ഡിപ്പാർട്ട്മെൻറ്' സന്നദ്ധ പ്രവർത്തകരുടെ സേവനം കാര്യക്ഷമമാക്കുമെന്ന് വകുപ്പ് ഡയറക്ടർ ഫഹദ് അൽ ജഹ്ദ് അറിയിച്ചു. സന്ദർശകരുടെ സുരക്ഷ മുൻകരുതലും കോവിഡ് പ്രോട്ടോകോളുകളും നിരീക്ഷിക്കാൻ ഇവർ ജാഗരൂകരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാങ്കേതിക രംഗത്തും മറ്റും വിദഗ്ധരായ 150ലധികം ജീവനക്കാരുൾപ്പെട്ട സ്പെഷൽ അഡ്മിനിസ്ട്രേഷൻ ടീം ആണ് സുരക്ഷ സംവിധാനം നിരീക്ഷിക്കുന്നത്. ഇരു ഹറമുകളിലേക്കും പ്രവേശിക്കുന്ന കവാടങ്ങൾക്കരികെ യൂനിഫോമിൽ പ്രത്യേക കാവൽക്കാരെ വിന്യസിക്കുന്നുണ്ട്. വിശ്വാസികളുടെ സുഗമമായ സഞ്ചാരത്തിനുവേണ്ട നിർദേശങ്ങൾ ഇവർ നൽകും. പള്ളികളുടെ അകത്തളങ്ങളിൽ ഒഴിവുസ്ഥലങ്ങൾ ഉള്ളപ്പോൾ കവാടങ്ങൾക്കരികെയുള്ള പച്ച നിറത്തിലുള്ള ലൈറ്റ് തെളിയുകയും ഒഴിവ് സ്ഥലമില്ലെങ്കിൽ ചുവന്ന ലൈറ്റ് തെളിയുകയും ചെയ്യും. ഈ സംവിധാനവും തിരക്ക് നിയന്ത്രിക്കാൻ പര്യാപ്തമാണ്. അകത്തുള്ള വിശ്വാസികൾ പുറത്തു പോകുമ്പോൾ മറ്റുള്ളവർ അകത്തേക്ക് ഒരേ സമയം പ്രവേശിക്കാതിരിക്കാൻ സുരക്ഷാ സേന പ്രത്യേകം ശ്രദ്ധിക്കും.
പ്രവേശന ചട്ടങ്ങൾ അംഗീകരിച്ചും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വേണം വിശ്വാസികൾ ആരാധനാലയങ്ങളിൽ പ്രവേശിക്കേണ്ടതെന്നും അധികൃതർ അറിയിച്ചു. വിശുദ്ധ റമദാനിലെ രാത്രി നമസ്കാരമായ 'തറാവീഹി'നു ശേഷം അരമണിക്കൂർ കഴിഞ്ഞാൽ മദീനയിൽ മസ്ജിദുന്നബവി അടക്കുമെന്നും സുബ്ഹ് നമസ്കാരത്തിന് രണ്ടു മണിക്കൂർ മുമ്പ് വീണ്ടും തുറക്കുമെന്നും ഇരു ഹറം കാര്യ വകുപ്പ് വക്താക്കൾ അറിയിച്ചു. എന്നാൽ, റമദാനിലെ അവസാന പത്തിലെ ദിനരാത്രങ്ങളിൽ എല്ലാ സമയത്തും വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കും. കോവിഡ് പ്രോട്ടോകോൾ പാലനത്തിെൻറ അടിസ്ഥാനത്തിൽ ഒരേസമയം 60,000 പേർക്ക് ആണ് മസ്ജിദുന്നബവിയിൽ പ്രാർഥനക്ക് സൗകര്യം ഒരുക്കിയിട്ടുള്ളത്. തീർഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആൾക്കൂട്ടത്തെ നിയന്ത്രിക്കാനും ഇരു ഹറമുകളിലും വിവിധ സുരക്ഷ വകുപ്പുകൾ രംഗത്തിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.