ദമ്മാം: സ്വാഭാവിക അഭിനയത്തികവും ശാലീനതയും സാമൂഹിക വിഷയങ്ങളിലടക്കം സ്വതന്ത്രമായ നിലപാടുകളും കൊണ്ട് മലയാളികൾ നെഞ്ചേറ്റിയ ചലച്ചിത്രനടി നിഖില വിമലിനെ വരവേൽക്കാൻ ദമ്മാമിലെ മലയാളി സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുന്നു.
നവംബർ 29ന് വൈകീട്ട് ‘ഗൾഫ് മാധ്യമം’ ദമ്മാം ലൈഫ് പാർക്കിലെ ആംഫി തിയറ്ററിൽ ഒരുക്കുന്ന ഒരുമയുടെ മഹോത്സവം ‘ഹാർമോണിയസ് കേരളയുടെ’ മുഖ്യ ആകർഷണമായാണ് യങ് സൂപ്പർ സ്റ്റാർ ആസിഫ് അലിക്കൊപ്പം മലയാള സിനിമയിലെ ഈ ‘ഭാഗ്യദേവത’യും എത്തുന്നത്.
കഥകളിയോടുള്ള അഭിനിവേശവും കഥാപാത്രങ്ങൾക്ക് ജീവൻ നൽകാനുള്ള കഴിവുമായാണ് നിഖില സിനിമയിൽ തന്റെ യാത്ര ആരംഭിച്ചത്. അവിസ്മരണീയ വേഷങ്ങൾ നിറഞ്ഞ ഒരു സിനിമ ജീവിതത്തിന്റെ തുടക്കമായി ‘ഭാഗ്യദേവത’ എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു.
പുതുമയാർന്ന കഥാപാത്രങ്ങളുമായി തടസ്സമില്ലാതെ പൊരുത്തപ്പെടാനുള്ള കഴിവ് എടുത്തു പറയേണ്ടതാണ്. വൈകാരിക തീവ്രമായ മുഹൂർത്തങ്ങൾ മുതൽ സാധാരണ കഥാപാത്രങ്ങൾ വരെ സ്വാഭാവികമായി അഭിനയിച്ചു ഫലിപ്പിക്കുന്നത് നിഖിലയുടെ അർപ്പണബോധത്തെയും പ്രതിബദ്ധതയെയും അടയാളപ്പെടുത്തുന്നു.
പൊതു ഇടങ്ങളിലും ചാനൽ അഭിമുഖങ്ങളിലുമെല്ലാം തലക്കനമില്ലാതെ സംവദിക്കുന്നത് വഴി പ്രേക്ഷകരുമായി ഹൃദയബന്ധം സ്ഥാപിക്കാൻ നിഖിലക്ക് കഴിഞ്ഞു. നിരൂപക പ്രശംസയും ആരാധകവൃന്ദവും ധാരാളമായി നേടാനുമായി. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലെ ശ്രദ്ധേയ വേഷങ്ങളിലൂടെ പ്രമുഖ തെന്നിന്ത്യൻ നടിയായി മാറി.
താൻ ഏറ്റെടുക്കുന്ന ഓരോ വേഷത്തിലൂടെയും സിനിമയിലെ കഥപറച്ചിലിന്റെ നിലവാരം കൂടി ഉയർത്തിയ നിഖില ആദ്യമായാണ് സൗദിയുടെ മണ്ണിലെത്തുന്നത്.
മലയാള ചലച്ചിത്രലോകത്തെ പ്രമുഖ ഗായകരും സ്റ്റാർ സിംഗർ ജേതാക്കളും കളം നിറയുന്ന ദമ്മാമിലെ ആംഫി തിയറ്ററിൽ നിഖില ആസ്വാദകരുടെ മനം കവരുമെന്ന കാര്യത്തിൽ സംശയമില്ല. സ്കൂൾ പഠനകാലത്ത് ‘സെന്റ് അൽഫോൻസ-ദി പാഷൻ ഫ്ലവർ’ (2008) എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് അഭിനയത്തിന് തുടക്കം കുറിച്ചത്.
ദിലീപിന്റെ നായികയായ ‘ലവ് 24X7D (2015) എന്ന സിനിമ വഴിത്തിരിവായി. വെട്രിവേൽ (2016) സിനിമയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച താരം കിഡാരി (2016) എന്ന ചിത്രത്തിലൂടെ നിരൂപക പ്രശംസ നേടി. സൗത്ത് ഇന്ത്യൻ ഇന്റർനാഷനൽ മൂവി അവാർഡിൽ മികച്ച നവാഗത നടിക്കുള്ള നാമനിർദേശം നിഖിലയെ തേടിയെത്തി. മേദ മേട അബ്ബായി (2017) എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിൽ അരങ്ങേറ്റം നടത്തുന്നത്.
അരവിന്ദന്റെ അതിഥികൾ (2018), ഞാൻ പ്രകാശൻ (2018), അഞ്ചാം പാതിരാ (2020), ദി പ്രീസ്റ്റ് (2021) തുടങ്ങിയ ചിത്രങ്ങളിൽ പ്രശംസനീയപ്രകടനങ്ങൾ നടത്തി. 2023ൽ ജോ ആൻഡ് ജോ, അയൽവാശി, ജേർണി ഓഫ് ലവ് 18+ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. ഏറ്റവും ജനപ്രിയ നടിക്കുള്ള കേരള കൗമുദി ഫ്ലാഷ് മൂവി അവാർഡ് (2019), വനിത ഫിലിം അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നിഖില നേടിയിട്ടുണ്ട്.
ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ ക്ലാസിക്കൽ നൃത്തങ്ങളിലും നിപുണയാണ്. കണ്ണൂർ തളിപ്പറമ്പിൽ 1994 മാർച്ച് ഒമ്പതിനാണ് ജനനം. സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്മെന്റ് ഓഫിസറായി വിരമിച്ച എം.ആർ. പവിത്രന്റെയും നർത്തകിയായ കലാമണ്ഡലം വിമലാദേവിയുടെയും മകളാണ്. അഖില വിമൽ ഏക സഹോദരി. തിയറ്റർ ആർട്സിൽ റിസർച് സ്കോളറായ നിഖില തളിപ്പറമ്പ് സർ സയ്യിദ് കോളജിൽനിന്ന് സസ്യശാസ്ത്രത്തിൽ ബിരുദം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.