ജിദ്ദ: റമദാനിൽ ഏഴുലക്ഷം ബോട്ടിൽ സംസം വിതരണം ചെയ്തതായി കിങ് അബ്ദുല്ല സംസം സുഖ്യാ പദ്ധതി സി.ഇ.ഒ എൻജി. അഹമ്മദ് ബിൻ മുഹമ്മദ് കഅ്കി പറഞ്ഞു. സംസം വീടുകളിൽ എത്തിച്ചുകൊടുക്കാൻ ആരംഭിച്ച പദ്ധതിക്കു കീഴിലാണ് വിതരണം.കോവിഡ് വ്യാപനത്തെ തുടർന്ന് കുദായിലെ വിതരണ കേന്ദ്രത്തിൽ സംസം വിതരണം നിർത്തിവെച്ച സാഹചര്യത്തിലും റമദാനിൽ സംസമിനുള്ള വർധിച്ച ആവശ്യം കണക്കിലെടുത്തുമാണ് ദേശീയ വാട്ടർ കമ്പനിയുമായി സഹകരിച്ച് മക്കയിൽ സംസം വീടുകളിലെത്തിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്. ‘ഹനാക്’ എന്ന പോർട്ടൽ വഴിയും പ്രമുഖ കച്ചവട കേന്ദ്രങ്ങൾ വഴിയുമാണ് സംസം നൽകുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ആളുകൾക്ക് കഴിയുന്നത്ര സംസം എത്തിച്ചുകൊടുക്കാനുള്ള ശ്രമത്തിലാണ് കിങ് അബ്ദുല്ല സംസം വിതരണം കേന്ദ്രമെന്ന് അദ്ദേഹം പറഞ്ഞു.
ഹനാക് പോർട്ടൽ വഴിയും പാണ്ട ഒൗട്ട്ലറ്റ് വഴിയും ഏഴു ലക്ഷത്തിലധികം സംസം വിതരണം ചെയ്തിട്ടുണ്ട്. 20 ലക്ഷം സംസം ബോട്ടിൽ സൂക്ഷിക്കാൻ കഴിയുന്നതാണ് പദ്ധതിക്ക് കീഴിലെ ഗോഡൗൺ. ദിവസവും രണ്ടുലക്ഷം ബോട്ടിൽ സംസം ഉൽപാദിപ്പിക്കാൻ കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഹനാക്’ പോർട്ടൽ വഴി അഞ്ചു ലിറ്ററിെൻറ ബോട്ടിലാണ് വിതരണം ചെയ്യുന്നത്. പോർട്ടൽ വഴി സംസം ആവശ്യമുള്ളവർ ഇ-പേമെൻറ് വഴിയാണ് പണം അടക്കേണ്ടത്. അഞ്ചു ലിറ്ററിന് 7.5 റിയാലാണ് ചാർജ്. ആദ്യഘട്ടത്തിൽ മക്കയിൽ ഒരാൾക്ക് നാലു ബോട്ടിൽ വരെ ലഭിക്കും. പാണ്ട ഒൗട്ട്ലറ്റ് വഴിയും സംസം ലഭിക്കും. ഒരു ബോട്ടിലിന് അഞ്ചു റിയാലായിരിക്കും ചാർജ്. ഒരാൾക്ക് രണ്ടു ബോട്ടിൽ വരെ ലഭിക്കും. നിലവിലെ സംവിധാനം താൽക്കാലികമാണ്. മഹാമാരി നീങ്ങിക്കഴിഞ്ഞാൽ നേരത്തെയുള്ള സംവിധാനത്തിൽ സംസം വിതരണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.