തബൂക്ക്: തബൂക്കിലെ അൽഖാൻ ഗ്രാമത്തിൽ അപൂർവ പുരാവസ്തു ലിഖിതം കണ്ടെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അതോറിറ്റി നടത്തുന്ന പുരാവസ്തു സർവേ പ്രവർത്തനങ്ങളുടെ ഭാഗമായി സൗദി ഹെറിറ്റേജ് അതോറിറ്റിയാണ് ബൈ-ലീനിയർ ലിഖിതങ്ങളിലൊന്ന് കണ്ടെത്തിയത്. അക്ഷരങ്ങളുടെ രൂപങ്ങളെയും അവയുടെ വികാസത്തെയുംക്കുറിച്ചുള്ള പഠനമനുസരിച്ച് ഈ ലിഖിതം എ.ഡി അഞ്ചാം നൂറ്റാണ്ടിലേതാണ്. പുതിയതായി കണ്ടെത്തിയ ലിഖിതം തമൂദിക് പേനയാൽ ആദ്യകാല അറബി കാലിഗ്രഫിയിൽ രൂപപ്പെടുത്തിയതാണ്.
എ.ഡി അഞ്ചാം നൂറ്റാണ്ടിൽ തമൂദിക് പേന ഉപയോഗിച്ചുള്ള എഴുത്തിന്റെ തുടർച്ച സ്ഥിരീകരിക്കുന്നതിൽ ഇതിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. സൗദിയിലെ ബൈ-ലീനിയർ പുരാവസ്തു ലിഖിതങ്ങളുടെ ഒരു ശ്രേണിയിൽ ഇതിനെ തരംതിരിച്ചിരിക്കുന്നുവെന്ന് കമീഷൻ സൂചിപ്പിച്ചു. ലിഖിതത്തിൽ മൂന്നുവരികൾ അടങ്ങിയിരിക്കുന്നു. അതിൽ രണ്ടെണ്ണം തമൂദിക് പേനയിൽ എഴുതിയതാണ്. ഒരു വരി ആദ്യകാല അറബി ലിപിയിൽ എഴുതിയതാണെന്നും ഹെറിറ്റേജ് കമീഷൻ പറഞ്ഞു.
എ.ഡി അഞ്ചാം നൂറ്റാണ്ടുവരെ പുരാതന സമൂഹങ്ങൾക്കിടയിൽ തമൂദിക് പേന എഴുതാൻ ഉപയോഗിച്ചിരുന്നുവെന്ന അറിവിനു പുറമേ തമൂദിക് തൂലികയിലും ആദ്യകാല അറബി കാലിഗ്രഫിയിലും എഴുതുന്നതിലെ ചരിത്രപരമായ സമന്വയം പ്രതിനിധീകരിക്കുന്നതാണ് പുതിയ ശാസ്ത്രീയ കണ്ടെത്തെലുകളെന്ന് കമീഷൻ പറഞ്ഞു. അറേബ്യൻ ഉപദ്വീപിലെ പുരാതന അറബി എഴുത്തുകളുടെ ചരിത്രത്തിലേക്ക് കൂടുതൽ വെളിച്ചം വീശുന്നതാണിത്. കമീഷൻ അടുത്തിടെ കണ്ടെത്തിയ പുരാതന അറബി ലിഖിതങ്ങളിലേക്കും രചനകളിലേക്കുമുള്ള ഗുണപരമായ ഒരു കൂട്ടിച്ചേർക്കലാണിത്. ചരിത്രത്തിലുടനീളം അറബി അക്ഷര രൂപത്തിന്റെ വികാസം പഠിക്കുന്നതിലേക്കുള്ള തെളിവാണിതെന്നും കമീഷൻ പറഞ്ഞു.
അതേസമയം ആർക്കിയോളജിക്കൽ സർവേയിലൂടെയും ഉത്ഖനന പദ്ധതികളിലൂടെയും പൈതൃക അതോറിറ്റി പുരാവസ്തു കേന്ദ്രങ്ങളെക്കുറിച്ച് പഠിക്കാനും രേഖപ്പെടുത്താനും സംരക്ഷിക്കാനും പരിചയപ്പെടുത്താനും പ്രയോജനപ്പെടുത്താനും സൗദി ഹെറിറ്റേജ് അതോറിറ്റിയുടെ ശ്രമം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.