ജിദ്ദ: ചെങ്കടലിൽ അപൂർവയിനത്തിൽ പെട്ടതും ഭീമാകാരവുമായ ജീവികളും പുതിയ ദ്വീപുകളും കണ്ടെത്തി. വടക്കൻ ചെങ്കടലിലാണ് ഈ അപൂർവതകളുടെ കണ്ടെത്തലെന്ന് 'നിയോം' അധികൃതർ വ്യക്തമാക്കി. സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തി മേഖലയിൽ നിർമാണം പുരോഗമിക്കുന്ന സ്മാർട്ട് സിറ്റിയും ടൂറിസം കേന്ദ്രവുമാണ് 'നിയോം നഗരം'.ഈ പദ്ധതിയുടെ ഭാഗമായി നടന്ന വടക്കൻ ചെങ്കടൽ പര്യവേക്ഷണ പ്രവർത്തനത്തിെൻറ ഫലമായാണ് കണ്ടെത്തൽ. ഒാഷ്യൻ ഏക്സ് എന്ന ഷിപ്പിങ് കമ്പനിയുമായി സഹകരിച്ചാണ് പര്യവേക്ഷണം നടത്തിയത്.
ലോകത്തിലെ ഏറ്റവും നൂതന പര്യവേക്ഷണ, ഗവേഷണ കപ്പലുകളിലൊന്നായ 'ഒാഷ്യൻ എക്സ്പ്ലോററി'ലാണ് ആറ് ആഴ്ച നീണ്ട യാത്ര നടത്തിയത്. പവിഴപ്പുറ്റുകൾ എങ്ങനെ സംരക്ഷിക്കാമെന്നും പുനരുജ്ജീവിപ്പിക്കാമെന്നും പഠിക്കുന്നതിനോടൊപ്പം, സമുദ്ര ആവാസവ്യവസ്ഥ സംബന്ധിച്ച ശാസ്ത്രീയ ഗവേഷണവും ലക്ഷ്യമിട്ടാണ് യാത്ര സംഘടിപ്പിച്ചത്. സംയുക്ത പര്യവേക്ഷണ ദൗത്യം പ്രധാന ലക്ഷ്യങ്ങൾ കൈവരിച്ചതായി നിയോം സി.ഇ.ഒ എൻജി. നദ്മി നസ്ർ പറഞ്ഞു.
ആഗോള ശ്രദ്ധയിൽ നിന്ന് വളരെ അകലെയുള്ള പ്രകൃതിദത്ത പ്രദേശം തിരിച്ചറിയാൻ സാധിച്ചു. 635 മീറ്റർ ഉയരമുള്ള കടൽ കൊടുമുടി, ലോകത്തിലെ ഏറ്റവും വലിയ ആഴക്കടൽ ഉപ്പുവെള്ള അക്വേറിയം, മത്സ്യങ്ങളുടെയും പവിഴപ്പുറ്റുകളുടെയും ജൈവവൈവിധ്യം ആകർഷിക്കുന്ന 600 ചതുരശ്ര കിലോമീറ്ററിലധികം വിസ്തീർണം വരുന്ന സ്ഥലങ്ങൾ എന്നിവ കണ്ടെത്തിയതിലുൾപ്പെടും.
പ്രദേശത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത കൂറ്റൻ കണവയുടെ ദൃശ്യം രണ്ട് കാമറകളിൽ പതിഞ്ഞു. സ്രാവ്, തിമിംഗലം, ഡുഗോങ്, ആമ, ഡോൾഫിൻ എന്നിവയുൾപ്പെടെ 12 ഇനം ജീവികളുടെ സാന്നിധ്യമാണ് ഇവിടെ കണ്ടെത്തിയത്. നിയോമിലെ 341 ഇനം മത്സ്യങ്ങളെയും തിരിച്ചറിഞ്ഞു. അതിൽ എട്ടെണ്ണം പുതിയ ജീവിവർഗങ്ങളും 68 എണ്ണം പ്രാദേശികവും 18 എണ്ണം അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ ജീവജാലങ്ങളുമാണ്.
കാലാവസ്ഥാ വ്യതിയാനത്തോട് പ്രതിരോധം തീർക്കുന്ന വിധം സവിശേഷതകളുള്ള അപൂർവ പവിഴപ്പുറ്റുകളുടെ പുതിയ വാസസ്ഥലങ്ങൾ രേഖപ്പെടുത്താനും പര്യവേക്ഷണം ചെയ്യപ്പെടാത്ത മൂന്നു ദ്വീപുകളിൽ വിശദ സർവേ നടത്താനും സംഘത്തിന് കഴിഞ്ഞതായും കൂടാതെ കടലിൽ മുങ്ങിയ പഴയ കപ്പൽ അവശിഷ്ടങ്ങൾ കണ്ടെത്താനായെന്നും നിയോം സി.ഇ. ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.