അബഹ: റിയാദ് മാരത്തണിൽ പങ്കെടുത്ത് തിളങ്ങുന്ന നേട്ടം കൈവരിച്ച മലയാളിയായ റസാഖ് കിണാശ്ശേരിയെ ഇന്ത്യൻ സോഷ്യൽ ഫോറം ആദരിച്ചു. ഈ മാസം ആദ്യം റിയാദിൽ നടന്ന ഹാഫ് മാരത്തൺ 21.097 കിലോമീറ്റർ മത്സരത്തിൽ പതിനായിരം പേർ പങ്കെടുത്തതിൽ സമയപരിധിക്കുള്ളിൽ ഓട്ടം പൂർത്തിയാക്കിയ 1,124 പേരിൽ 194ാമത്തെ സ്ഥാനക്കാരനും മലയാളികളിൽ ഒന്നാം സ്ഥാനക്കാരനുമാണ് ഖമീസ് മുശൈത്തിൽനിന്നും പങ്കെടുത്ത റസാഖ് കിണാശ്ശേരി.
ഇദ്ദേഹത്തിന്റെ മുമ്പത്തെ സമയമായ രണ്ടു മണിക്കൂർ 10 മിനിറ്റ് എട്ട് സെക്കൻഡിൽ നിന്നും നില മെച്ചപ്പെടുത്തി ഇത്തവണ ഒരു മണിക്കൂർ 54 മിനിറ്റ് 49 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പ്രവാസികൾക്കിടയിൽ ശ്രദ്ധനേടി. ഇന്ത്യൻ സോഷ്യൽ ഫോറം ഖമീസ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങ് അസീർ സ്റ്റേറ്റ് ആക്റ്റിങ് പ്രസിഡന്റ് ഹനീഫ ചാലിപ്പുറം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് ഇല്യാസ് ഇടക്കുന്നം അധ്യക്ഷത വഹിച്ചു. കോയ ചേലാമ്പ്ര സാഖ് കിണാശ്ശേരിക്ക് ഉപഹാരം നൽകി ആദരിച്ചു. അഷ്കർ വടകര പൊന്നാടയണിയിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് മുനീർ ചക്കുവള്ളി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.