ദമ്മാം: ഇന്ത്യയിൽ നിലവിലെ ഫാഷിസ്റ്റ് ഭരണകാലത്ത് സാമൂഹിക നീതിയുടെ രാഷ്ട്രീയത്തിന് പ്രസക്തി വർധിച്ചതായി റസാഖ് പാലേരി. ഹ്രസ്വസന്ദർശനത്തിന് ദമ്മാമിലെത്തിയ അദ്ദേഹം പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രോവിൻസ് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇന്ത്യയിൽനിന്ന് വിദേശത്തേക്കു പോയ ലക്ഷക്കണക്കിന് മനുഷ്യർ കേരളത്തിന്റെ സാമ്പത്തികനിലയെ താങ്ങിനിർത്തുന്നവരാണ്. അവർക്കു വേണ്ടിയുള്ള പുനരധിവാസ പദ്ധതികൾ ആവിഷ്കരിക്കാൻ സർക്കാർ തയാറാവേണ്ടതുണ്ട്. ലോക കേരളസഭയെ കുറിച്ച് പുനരാലോചിക്കുകയും ഫലപ്രദമാകുന്ന രീതിയിൽ പുനരാവിഷ്കരിക്കാനുള്ള ശ്രമങ്ങൾ കേരള സർക്കാർ നടപ്പാക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷ ഐക്യമാണ് കർണാടകയിൽ കണ്ടത്. ഇന്ത്യയുടെ ആഭ്യന്തര മന്ത്രി കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പറഞ്ഞത് കേരളത്തിലേക്ക് നോക്കൂ എന്നാണ്. കർണാടകയിലെ ജനങ്ങൾ കേരളത്തിലേക്ക് നോക്കിയപ്പോൾ കർണാടകയിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ സംസാരിച്ചു. ഇന്ത്യയിലെ ദലിത്, ആദിവാസി പിന്നാക്ക വിഭാഗങ്ങൾ ക്രൂരമായ ബലാത്സംഗ പീഡനങ്ങൾക്കും ആക്രമണങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുകയാണന്നും ഇത്തരം വാർത്തകളില്ലാത്ത ഒരു ദിവസം പോലും നമ്മുടെ ജനാധിപത്യ രാജ്യത്ത് കടന്നുപോകുന്നില്ലായെന്നത് ഏറെ ആശങ്കയുളവാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സമൂഹത്തെ ചേർത്തുനിർത്തി അവരോടൊപ്പം പ്രവർത്തിക്കുന്ന രാഷ്ട്രീയമാണ് വെൽഫെയർ പാർട്ടി നിർവഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുസമ്മേളനത്തിന് സമാപനം കുറിച്ച് പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എ. ഷഫീഖ് സംസാരിച്ചു. നമ്മുടെ രാജ്യം കെട്ടിപ്പടുക്കുന്നതിൽ പ്രവാസികൾ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്നും പ്രവാസികളുടെ കൈയൊപ്പു ചാർത്താത്ത ഒരു വികസനം പോലും നമ്മുടെ സംസ്ഥാനമായ കേരളത്തിലില്ലെന്നും പ്രവാസികളുടെ പ്രശ്നങ്ങൾ മുന്നോട്ടു കൊണ്ടുവരുവാനും പ്രവാസികളോടൊപ്പം എന്തിനും കൂടെയുണ്ടാകുമെന്നും ഞങ്ങൾ ഉറപ്പുതരുന്നതായും അദ്ദേഹം പറഞ്ഞു
പൊതുസമ്മേളനത്തിൽ ഈസ്റ്റേൺ പ്രോവിൻസ് പ്രസിഡൻറ് ഷബീർ ചാത്തമംഗലം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനില സലീം സ്വാഗതവും കൺവീനർ അൻവർ സലീം നന്ദിയും പറഞ്ഞു. സാബിഖ് കോഴിക്കോട്, ഫൈസൽ കുറ്റ്യാടി, ജംഷാദലി കണ്ണൂർ, ജമാൽ കൊടിയത്തൂർ, സിറാജ് തലശ്ശേരി, ജംഷാദലി കണ്ണൂർ, ജമാൽ പയ്യന്നൂർ, റഊഫ് ചാവക്കാട്, മുഹ്സിൻ ആറ്റശ്ശേരി, റഹീം തിരൂർക്കാട്, ഫൈസൽ കോട്ടയം, ബിജു പുതകുളം, സലീം കണ്ണൂർ, തൻസീം, അബ്ദുറഹീം, അനീസ മെഹബൂബ്, സജ്ന ശക്കീർ, ഷജീർ തൂണേരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.