ജിദ്ദ: അൽബാഹ, അൽജൗഫ്, ജിസാൻ എന്നിവിടങ്ങളിലെ വികസന പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് അതത് മേഖലകളിൽ തന്ത്രപ്രധാന കാര്യാലയങ്ങൾ ആരംഭിച്ചു. സൗദി കിരീടാവകാശിയും സാമ്പത്തിക വികസനകാര്യ കൗൺസിൽ ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. മൂന്ന് പ്രദേശങ്ങളുടെയും പ്രകൃതിപരമായ സവിശേഷതകളുടെ അടിസ്ഥാനത്തിൽ പരമാവധി പ്രയോജനം നേടുക, വികസനകാര്യത്തിൽ സ്വകാര്യമേഖലയെ ആകർഷിക്കുന്നവിധത്തിൽ നിക്ഷേപ അന്തരീക്ഷം വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് തുറന്നത്. സമഗ്രമായ വികസനം രാജ്യത്തെ എല്ലാ പ്രദേശങ്ങളിലേക്കും നഗരങ്ങളിലേക്കും എത്തിക്കുക, എല്ലാ പൗരന്മാർക്കും പ്രയോജനപ്പെടുന്നവിധത്തിൽ വ്യാപിപ്പിക്കുക, സമ്പന്നമായ സമ്പദ് വ്യവസ്ഥയും ക്ഷേമരാജ്യത്തിനായി ഉൗർജസ്വലമായൊരു സമൂഹത്തെയും സൃഷ്ടിക്കുക തുടങ്ങിയ കിരീടാവകാശിയുടെ താൽപര്യത്തിെൻറ ഭാഗമാണ് ഓഫിസ് തുറക്കൽ.
പ്രത്യേകിച്ച് വികസന അതോറിറ്റികളും തത്തുല്യമായ മറ്റ് ഓഫിസുകളും ഇല്ലാത്ത പ്രദേശങ്ങളിലാണ് ഈ ഓഫിസുകൾ ആരംഭിക്കുന്നത്. രാജ്യത്തെ എല്ലാ മേഖലകളിലും വിവേചനരഹിതമായി വികസനം എത്തിക്കുക എന്നതാണ് ലക്ഷ്യം. ഓഫിസുകൾ ആ പ്രദേശങ്ങളിലെ വികസനത്തിെൻറ എല്ലാ ഘടകങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഏറ്റവും ഉയർന്നനേട്ടം കൈവരിക്കാനും സമ്പദ് വ്യവസ്ഥയെ പിന്തുണക്കുന്ന ഘടകങ്ങളായി മാറ്റാനും ഓരോ പ്രദേശത്തുമുള്ള വികസന നിക്ഷേപങ്ങളിലും ഒാഫിസുകൾ ശ്രദ്ധ കേന്ദ്രീകരിക്കും. സ്വകാര്യമേഖലയെ വികസനത്തിൽ പങ്കാളിയാക്കാനും പ്രോത്സാഹിപ്പിക്കാനും എല്ലാ സർക്കാർ ഏജൻസികളുമായും സഹകരിച്ച് പ്രവർത്തിക്കുമെന്നും കിരീടാവകാശി പറഞ്ഞു. സമഗ്രവും സുസ്ഥിരവുമായ വികസനത്തോടൊപ്പം രാജ്യത്തെ എല്ലാ മേഖലകളിലെയും ആളുകൾക്ക് തൊഴിലവസരങ്ങൾ നൽകുകയും രാജ്യത്തിെൻറ എല്ലാ പ്രദേശങ്ങളിലും നഗരങ്ങളിലും ജീവിതനിലവാരം ഉയർത്തുന്നതിനും അടിസ്ഥാനസേവനങ്ങളും അടിസ്ഥാനസൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര മേഖലകളിലൊന്നാണ് അൽബാഹ. റഅ്ദാൻ വനം, കംഅ് പാർക്ക്, ശക്റാൻ പാർക്ക്, ഖർയത് ദിൽഅയ്ൻ എന്നിവയാലും നിരവധി പൗരാണിക ഗ്രാമങ്ങളും കോട്ടകളാലും പ്രശസ്തമാണ്. അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പഴയ ജനവാസകേന്ദ്രമായി വിശേഷിപ്പിക്കപ്പെടുന്നതാണ് അൽ-ജൗഫ് മേഖല. ചരിത്രപരമായ അതിെൻറ സാന്നിധ്യം ശിലായുഗംവരെ എത്തുന്നതാണ്. ഫലഭൂയിഷ്ടമായ നിരവധി കാർഷികമേഖലകളുണ്ട്. ഒലിവ് കൃഷിക്ക് പ്രസിദ്ധമാണ്. രാജ്യത്ത് 67 ശതമാനം ഒലിവ് എണ്ണയാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. ജിസാൻ പ്രദേശം ലോജിസ്റ്റിക്, കാർഷിക, പൈതൃക മേഖലയാണ്. നിരവധി സാമ്പത്തിക വരുമാന സ്രോതസ്സുകളുണ്ട്. ചെങ്കടൽ തീരത്തെ രാജ്യത്തെ മൂന്നാമത്തെ തുറമുഖമായ ജിസാൻ തുറമുഖം അതിൽ ഉൾപ്പെടുന്നു. പരിസ്ഥിതിയും കാലാവസ്ഥാ വൈവിധ്യവും അവിടത്തെ സവിശേഷതയാണ്. ഫറസാൻ ദ്വീപുകളിലേക്കുള്ള പ്രധാന കവാടമാണ്. ബി.സി 8000 മുതലുള്ള പുരാവസ്തുക്കൾ ജീസാൻ പ്രദേശത്തുണ്ട്. കാർഷികവിളകളുടെ വൈവിധ്യത്താൽ സവിശേഷമായതിനാൽ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കാർഷികമേഖലകളിൽ ഒന്നാണെന്നും കിരീടാവകാശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.