റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ വെസ്റ്റേൺ റിങ് റോഡിലുള്ള വാദി ഹനീഫ തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച്.
പാലത്തിന്റെയും അതിനെ തൂണുകളുമായി ബന്ധിപ്പിക്കുന്ന കേബിളുകളുടെയും സുരക്ഷയും ഭാരം വഹിക്കാനുള്ള അവയുടെ ശേഷിയും ഉറപ്പാക്കാനാണ് റിയാദ് നഗരസഭ നിർമിത ബുദ്ധിയെ ഉപയോഗപ്പെടുത്തിയത്. തൂക്കുപാലത്തിന്റെപരിശോധനയും വിലയിരുത്തലും അറ്റകുറ്റപ്പണികളും ശനിയാഴ്ചയാണ് ആരംഭിച്ചത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതിനും റോഡ് ഗതാഗതം സുഗമമാക്കുന്നതിനും സഹായിക്കുന്ന ഈ തൂക്കു പാലം റിയാദിലെ ഏറ്റവും പ്രധാനപ്പെട്ട ലാൻഡ്മാർക്കുകളിലൊന്നാണ്. വിസ്മയകരവും മനോഹരവുമായ കാഴ്ചയാണ് ഹനീഫ താഴ്വരക്ക് കുറുകെ രണ്ട് തൂണുകളിൽ തൂക്കിയിട്ട പോലുള്ള ഈ പാലം.
രാജ്യത്തെ ഇത്തരത്തിലുള്ള സവിശേഷമായ പാലങ്ങളിലൊന്നാണ്. റിയാദിൽനിന്ന് ജിദ്ദയിലേക്കുള്ള എക്സ്പ്രസ് ഹൈവേയായ ആറുവരിപ്പാത കടന്നുപോകുന്ന പാലത്തിന് 763 മീറ്റർ നീളവും 35.8 മീറ്റർ വീതിയുമാണുള്ളത്. തൂണിൽ ഉറപ്പിച്ച 48 കേബിളുകളിൽ ബന്ധിപ്പിച്ചാണ് പാലം തൂക്കിയിട്ടിരിക്കുന്നത്.
രാജ്യത്ത് ആദ്യമായി പാലം പരിശോധിക്കുന്നതിലും വിലയിരുത്തുന്നതിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. കേബിളുകളുടെ ഉറപ്പ് പരിശോധിച്ചത് 360 ഡിഗ്രി കാമറ ഘടിപ്പിച്ച റോബോട്ടിനെ ഉപയോഗിച്ചാണ്. പാലത്തിന്റെ സുരക്ഷ, കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ, ഭാരം താങ്ങാനുള്ള ശേഷി എന്നിവ വിശകലനം ചെയ്യാനാണ് നിർമിതബുദ്ധിയെ ഉപയോഗപ്പെടുത്തുന്നത്.
ആഴമുള്ള താഴ്വരയിൽനിന്ന് 175.5 മീറ്ററും 167.5 മീറ്ററും ഉയരമുള്ള രണ്ട് തൂണുകളിൽ കേബിളുകളാൽ ബന്ധിപ്പിച്ച നിലയിലുള്ള ഈ പാലത്തിന് 27 വർഷത്തെ പഴക്കമാണുള്ളത്. ലോകത്തെ ശ്രദ്ധേയ തൂക്കുപാലങ്ങൾ രൂപകൽപന ചെയ്തിട്ടുള്ള ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് സിവിൽ എൻജിനീയർ ശേഷാദ്രി ശ്രീനിവാസനാണ് ഈ പാലത്തിന്റെ ഡിസൈനർ.
1993ൽ നിർമാണം ആരംഭിച്ച് 1997ൽ പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്ത ഈ പാലം ഇന്ന് ഏറ്റവും തിരക്കേറിയ ഹൈവേയുടെ ഭാഗമാണ്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്.
പാലത്തിൽ വലിയ തോതിലുള്ള അപ്ഗ്രേഡിങ് ജോലികളാണ് റിയാദ് സിറ്റി റോയൽ കമീഷന്റെ മേൽനോട്ടത്തിൽ നടക്കുന്നത്. ഒരു ബില്യൺ ഡോളർ ചെലവിൽ വിപുലീകരണ നിർമാണപ്രവൃത്തികൾ തുർക്കിഷ് കമ്പനി ഐസി ഇക്റ്റാസും റിയാദിലെ അൽറാഷിദ് ആൻഡ് കോൺട്രാക്ടിങ്ങ് കമ്പനിയുമാണ് നടത്തുന്നത്.
ശനിയാഴ്ച ആരംഭിച്ച ജോലി 10 ദിവസം വരെ തുടരും. ജിദ്ദ ഹൈവേയുമായി ചേരുന്ന ഭാഗം മുതൽ അബ്ദുല്ല ബിൻ ഹുദാഫ അൽസഹ്മി റോഡ് വരെ ഓരോ ദിശയിലും നാല് വരികൾ അടങ്ങുന്ന പാലത്തിന്റെ രണ്ട് ദിശകളിലേക്കുമുള്ള ജോയിന്റുകളുടെ വിപുലീകരണവും അറ്റകുറ്റപ്പണികളുമാണ് നടക്കുന്നതെന്ന് റോയൽ കമീഷൻ അധികൃതർ അറിയിച്ചു.
അതിന്റെ ഭാഗമായി പാലത്തിലെ രണ്ട് ട്രാക്കുകൾ അടച്ച് മറ്റ് രണ്ട് ട്രാക്കുകളിലേക്ക് ഗതാഗതം തിരിച്ചുവിട്ട് പാലം ഭാഗികമായി അടച്ചിരിക്കുകയാണ്.
ജോലികൾ പൂർത്തീകരിച്ച് ജൂലൈ 30ന് റോഡ് വീണ്ടും തുറക്കും. റോഡിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും തലസ്ഥാനത്തെ റോഡ് ഉപയോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.