ജുബൈൽ: സൗദി സിവിൽ സർവിസിൽ കഴിഞ്ഞ 10 വർഷത്തിനിടെ വനിത ഉദ്യോഗസ്ഥരുടെ എണ്ണം 25 മടങ്ങ് വർധിച്ചതായി ഫാമിലി അഫയേഴ്സ് കൗൺസിൽ റിപ്പോർട്ട്. സിവിൽ സർവിസിലും സൈനിക വിഭാഗത്തിൽ ചില മേഖലകളിലുമാണ് സൗദി അറേബ്യ സ്ത്രീ ശാക്തീകരണത്തിൽ കുതിച്ചുചാട്ടം നടത്തുന്നത്. 'സമൂഹത്തിലും വിവിധ ബിസിനസ്, സർക്കാർ മേഖലകളിലും സൗദി സ്ത്രീകളുടെ പങ്ക്'എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ 2019 അവസാനത്തോടെ സുരക്ഷ സൈനിക മേഖലകളിലെ വനിത ഉദ്യോഗസ്ഥരുടെ എണ്ണം 9408 ആയി ഉയർന്നതായും വനിതകൾക്കായി 500 സൈനിക തസ്തികകളിൽ നടപടികൾ പൂർത്തിയായതായും വ്യക്തമാക്കുന്നു. സിവിൽ സർവിസിലെ വനിത ജീവനക്കാരുടെ എണ്ണം 2010ൽ 21,000 ആയിരുന്നത് 2019ൽ 4,84,000 ആയി ഉയർന്നു. ഇത് കഴിഞ്ഞ 10 വർഷത്തിനിടെ ഏകദേശം 25 മടങ്ങ് കൂടുതലാണ്. സൈനിക, സുരക്ഷ മേഖലകളിലെ വനിത ജീവനക്കാർ സർക്കാർ മേഖലയിലെ മൊത്തം വനിത ജോലിക്കാരിൽ രണ്ടു ശതമാനമാണ്.
ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷനൽ ഗാർഡ് മന്ത്രാലയം, ജനറൽ ഇൻറലിജൻസ് പ്രസിഡൻറ്, ആഭ്യന്തര സുരക്ഷ വിഭാഗം പ്രസിഡൻറ്, അന്വേഷണ അതോറിറ്റി, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ, പബ്ലിക് പ്രോസിക്യൂഷൻ എന്നിവ ഈ മേഖലകളിൽ ഉൾപ്പെടുന്നു.
സൈനിക, സുരക്ഷ മേഖലകളിലെ സ്ത്രീകളുടെ സാന്നിധ്യം പ്രധാനമായും അഡ്മിനിസ്ട്രേറ്റിവ് അല്ലെങ്കിൽ ടെക്നിക്കൽ സപ്പോർട്ട് വിഭാഗങ്ങളിലെ ജോലികളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. വിഷൻ 2030െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഉചിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിെൻറ ഭാഗമായാണ് സ്ത്രീകളെ സൈനിക, സുരക്ഷ ജോലികളിലും നിയമിച്ചുതുടങ്ങിയത്. ആഭ്യന്തര മന്ത്രാലയം നിരവധി മേഖലകളിൽ കൂടുതൽ സ്ത്രീകളെ നിയമിക്കുന്നതിനുള്ള സാധ്യത ആരായുന്നുണ്ട്. പ്രതിരോധ മന്ത്രാലയത്തിലെ നിരവധി വനിത ഉദ്യോഗസ്ഥർ മികച്ച സംഭാവനകൾ നൽകി നിരവധി അവാർഡുകൾ ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.