റിയാദ്: സൗദി അറേബ്യയിൽ താമസ കെട്ടിടങ്ങളുടെ വാടക ഇ-പേമെൻറ് സംവിധാനം വഴി മാത്രമെ ഇനി മുതൽ അടക്കാനാവൂ. പുതിയ നിയമം ജനുവരി 15 മുതൽ നടപ്പാവും. ഭവനമന്ത്രാലയത്തിന് കീഴിലുള്ള ‘ഇജാർ’ എന്ന റിയൽ എസ്റ്റേറ്റ് വെബ് പോർട്ടലിലെ ഇലക്ട്രോണിക് പേമെൻറ് സംവിധാനത്തിലൂടെയാണ് പണം അടക്കേണ്ടതെന്ന് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി വ്യക്തമാക്കി. മന്ത്രിസഭ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും അതോറ്റി പറഞ്ഞു.
ഫ്ലാറ്റുകളും വില്ലകളുമടക്കം മുഴുവൻ കെട്ടിടങ്ങളുടെയും വാടക ഡിജിറ്റൽ സംവിധാനം നിജപ്പെടുത്തിയെന്നും പുതുവർഷം മുതലുള്ള എല്ലാ താമസ വാടക കരാറുകളും ഇതിലുൾപ്പെടുമെന്നും അതോറിറ്റി വിശദമാക്കി. ജനുവരി 15നു ശേഷം ഈ സംവിധാനത്തിന് പുറത്ത് അടക്കുന്ന വാടക അംഗീകരിക്കപ്പെടില്ല. അതിന് നിയമ സാധുതയുണ്ടാവില്ല. കെട്ടിട ഉടമയും വാടകക്കാരനും തമ്മിൽ എന്തെങ്കിലും തർക്കമുണ്ടായാൽ അതൊരു തെളിവായി പരിഗണിക്കുകയുമില്ല.
എന്നാൽ വാണിജ്യ കെട്ടിടങ്ങളുടെ വാടകയുടെ കാര്യത്തിൽ ഈ നിയമം ബാധകമല്ലെന്നും അതിനെ ഇജാർ പോർട്ടലിലെ ഡിജിറ്റൽ പേമെൻറ് സംവിധാനവുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. വാണിജ്യ കെട്ടിടങ്ങളുടെ കാര്യത്തിൽ സാമ്പ്രദായിക രീതിയാണ് തുടരുക.
അതോറിറ്റി ലൈസൻസുള്ള ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ മുഖേനയാണ് താമസത്തിനുള്ള ഫ്ലാറ്റുകളും വീടുകളും വില്ലകളും വാടകക്കെടുക്കേണ്ടത്. അതിന് കെട്ടിട ഉടമയും വാടകക്കാരനും ബ്രോക്കർ വഴി കരാറിലേർപ്പെടുകയും അത് ‘ഇജാർ’ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും വേണം. തുടർന്ന് പോർട്ടലിലെ ഡിജിറ്റൽ പേമെൻറ് സംവിധാനത്തിലൂടെ പണമടക്കണം. അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പണം കെട്ടിട ഉടമയുടെ ബാങ്ക് അക്കൗണ്ടിലെത്തും. പുതിയ നിയമം പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ വാടകക്കരാറുകളിന്മേൽ ഇലക്ട്രോണിക് രസീതുകൾ നൽകും. ക്രമേണ ഈ രസീത് സംവിധാനം നിർത്തലാക്കും. രസീത് ഇഷ്യൂ ചെയ്യാതെ തന്നെ ഡിജിറ്റൽ പേമെൻറ് പൂർത്തിയാക്കുന്ന രീതിയിലേക്ക് പൂർണമായും മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.