ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റു​മാ​യി സ​ഹ​ക​രി​ച്ച് ഗു​ഡ്‌​വി​ല്‍ ഗ്ലോ​ബ​ല്‍ ഇ​നി​ഷ്യേ​റ്റീ​വ്​ ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച ടാ​ല​ന്റ് ലാ​ബ് ശി​ല്‍പ​ശാ​ല​യി​ല്‍ കോ​ൺ​സ​ൽ ഹം​ന മ​റി​യം സം​സാ​രി​ക്കു​ന്നു

കുട്ടികളുടെ അഭിരുചികൾ മാനിക്കുക, ഒന്നും അടിച്ചേല്‍പിക്കരുത് -ഇന്ത്യൻ കോണ്‍സല്‍മാര്‍

ജിദ്ദ: മാതാപിതാക്കളുടെ ഇംഗിതങ്ങളും അതിരുകടന്ന മോഹങ്ങളും കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും സ്വന്തം അഭിരുചിക്ക് അനുസൃതമായ പഠനമേഖല തെരഞ്ഞെടുക്കാനും അതില്‍ മുന്നേറാനും അരങ്ങൊരുക്കുകയെന്നത് അവരുടെ ജീവിതവിജയത്തിന് അത്യന്താപേക്ഷിതമാണെന്നും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ മൂന്നു യുവ ഐ.എഫ്.എസ് ഓഫിസര്‍മാര്‍ പ്രവാസി മാതാപിതാക്കളെ ഉണര്‍ത്തി. കോണ്‍സല്‍മാരായ ഹംന മറിയം, മുഹമ്മദ് അബ്ദുല്‍ ജലീല്‍, മുഹമ്മദ് ഹാഷിം എന്നിവരാണ് കുട്ടികളില്‍ ആത്മ വിശ്വാസവും സ്വപ്നങ്ങള്‍ കാണാനുള്ള അഭിനിവേശവും ജനിപ്പിക്കവെ ഇക്കാര്യം വ്യക്തമാക്കിയത്.

ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റിവ് (ജി.ജി.ഐ) ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് 'സമഗ്ര മികവ്' എന്ന ശീര്‍ഷകത്തില്‍ ഇൻറർനാഷനൽ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ടാലന്റ് ലാബ് സീസണ്‍ രണ്ട് ഏകദിന ശില്‍പശാലയിൽ 'പ്രതിഭാശേഷിയും ജീവിത നൈപുണ്യവും' എന്ന വിഷയത്തില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അവര്‍.

തനിക്ക് ഡോക്ടറാവാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതോടെ, പ്രശസ്ത ഡോക്ടര്‍മാരായ മാതാപിതാക്കള്‍ അസ്വസ്ഥരായെങ്കിലും അത് താല്‍ക്കാലിക പ്രതിഭാസം മാത്രമായിരുന്നെന്നും അഭിരുചിക്കിണങ്ങിയ ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡല്‍ഹിയിലെ കോളജില്‍ ചേര്‍ന്ന നിമിഷമായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും ആമോദ നിമിഷമെന്നുള്ള അനുഭവം കോമേഴ്‌സ് കോണ്‍സലും മലയാളിയുമായ ഹംന മറിയം കുട്ടികളുമായി പങ്കുവെച്ചു. അഭിരുചിക്കിണങ്ങുന്ന പഠനമേഖല തെരഞ്ഞെടുത്ത് മുന്നേറിയതുകൊണ്ടു മാത്രമാണ് സിവില്‍ സര്‍വിസില്‍ രാജ്യത്തെ ഇരുപത്തിയെട്ടാം റാങ്കുകാരിയായി മാറാന്‍ സാധിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

പതിനാറാം വയസ്സില്‍ തന്നോടുതന്നെയുള്ള ആത്മസംവാദത്തിന്റെ ഫലമായാണ് ഇന്നത്തെ നിലയിലെത്തിയതെന്ന് കമ്യൂണിറ്റി വെല്‍ഫയര്‍ കോണ്‍സലും മലയാളിയുമായ മുഹമ്മദ് അബ്ദുല്‍ ജലീല്‍ പറഞ്ഞു. ഏതാണ് മികച്ച വഴിയെന്ന് നിരന്തര ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുക. തെറ്റായ വഴിയിലാണെന്നു തോന്നുന്ന നിമിഷം പിന്‍വാങ്ങുക. ഉദാത്ത മാതൃകകള്‍ സ്വീകരിക്കുകയും വിനയം മുറുകെപിടിക്കുകയും ചെയ്യുക -അദ്ദേഹം പറഞ്ഞു.

അഭിരുചി കൃത്യമായി തിരിച്ചറിയേണ്ടത് പഠനത്തിലെന്ന പോലെ ജോലിയിലും പ്രധാനമാണെന്നും ആത്മവിശ്വാസവും സ്ഥിരോത്സാഹവും കൈവിടരുതെന്നും രണ്ടുതവണ പരാജയം നുണഞ്ഞെങ്കിലും പ്രതീക്ഷ കൈവിടാതെ, തളരാതെ മൂന്നാമൂഴത്തില്‍ ഐ.എഫ്.എസ് കരസ്ഥമാക്കിയ ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ഹാഷിം പറഞ്ഞു. 'ക്രിയാത്മകതയുടെ നൃത്തവിരുന്ന്' എന്ന സെഷനില്‍ പ്രവാസി കലാകാരന്മാരായ അരുവി മോങ്ങവും മുഹ്സിന്‍ കാളികാവും വിദ്യാർഥികളുടെ മനം കവര്‍ന്ന പരിപാടികള്‍ അവതരിപ്പിച്ചു.

'ഭാവിയിലെ തൊഴില്‍ നൈപുണ്യം' എന്ന വിഷയത്തില്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ. ജംഷിത്ത് അഹ്‌മദിന്റെ ക്ലാസ് ഏറെ ശ്രദ്ധേയമായിരുന്നു. നിരന്തര പഠനവും അതിന്റെ പ്രയോഗവത്കരണവുമാണ് വിജയത്തിനാധാരമെന്ന് ഓൺലൈൻ വഴി സംസാരിച്ച ഡോ. ഇസ്മാഈൽ മരുതേരി വിദ്യാർഥികളെ ഉണർത്തി.

'ലോകത്തെ മാറ്റുന്ന റോബോട്ടിക്‌സും നിര്‍മിത ബുദ്ധിയും' എന്ന ശീര്‍ഷകത്തിൽ നടന്ന സെഷന്‍ റോബോട്ടുകളുടെ കണ്ണഞ്ചിപ്പിക്കുന്ന മാസ്മരിക ലോകത്തേക്ക് വിദ്യാര്‍ഥികളെ കൂട്ടിക്കൊണ്ടുപോയി. ഇഫത്ത് യൂനിവേഴ്‌സിറ്റിയും ന്യൂ അല്‍വുറൂദ് ഇൻറർനാഷനൽ സ്‌കൂളും ചേര്‍ന്നു നടത്തിയ സെഷനില്‍ ഇഫത്ത് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ഡോ. സെയിന്‍ ബാല്‍ഫഖീഹും ഉപമേധാവി ഡോ. ഫിദ ആബിദും, അൽ വുറൂദ് സ്‌കൂള്‍ കമ്പ്യൂട്ടര്‍ വിഭാഗം തലവന്‍ കാസിം ഇസ്മാഈലും പഠനക്ലാസുകള്‍ നടത്തുകയും വിദ്യാര്‍ഥികളുടെ റോബോട്ടിക് പ്രകടത്തിന് നേതൃത്വമേകുകയും ചെയ്തു.

'ആരോഗ്യമുള്ള മനസ്സില്‍ ആരോഗ്യമുള്ള ശരീരം' എന്ന വിഷയത്തില്‍ ജിദ്ദ ഇൻറർനാഷനൽ മെഡിക്കല്‍ സെന്റര്‍ സി.ഇ.ഒയും സൗദി ഇന്ത്യന്‍ ഹെല്‍ത്ത്‌കെയര്‍ ഫോറം പ്രസിഡന്റുമായ ഡോ. അഷ്‌റഫ് അമീർ സംസാരിച്ചു. വിദ്യാര്‍ഥികളുടെ ചോദ്യങ്ങളും സംശയനിവാരണങ്ങളും ശില്‍പശാലയെ ഏറെ സജീവമാക്കി. ഹസന്‍ ചെറൂപ്പ, നൗഫല്‍ പാലക്കോത്ത്, കെ.ടി അബൂബക്കര്‍, ജുവൈരിയ അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. ജലീല്‍ കണ്ണമംഗലം, എ.എം. അബ്ദുല്ലക്കുട്ടി, സാദിഖലി തുവ്വൂര്‍, കബീര്‍ കൊണ്ടോട്ടി, അഷ്‌റഫ് പട്ടത്തില്‍, അബു കട്ടുപ്പാറ, ജെസി സുബൈര്‍, ശിബിന അബു എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - Respect the tastes of children and do not impose anything -Indian consuls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.