ബാങ്കുകൾക്കേർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചതായി സൗദി സെൻട്രൽ ബാങ്ക്

ജിദ്ദ: സാമ്പത്തിക തട്ടിപ്പിൽ നിന്ന് ബാങ്ക് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി സൗദിയിലെ ബാങ്കുകൾക്ക് താൽക്കാലികമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചതായി സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു. ഓൺലൈൻ വഴി രാജ്യത്തിന് പുറത്തേക്കയക്കുന്ന പണം പുതിയ അക്കൗണ്ടിലേക്കാണെങ്കിൽ 24 മണിക്കൂറിന് ശേഷവും മുമ്പ് പണമയച്ച അക്കൗണ്ട് ആണെങ്കിൽ ചുരുങ്ങിയത് രണ്ട് മണിക്കൂറിനുള്ളിലും മാത്രമായിരിക്കും അതത് അക്കൗണ്ടിൽ പണമെത്തുക.

മുമ്പ് രേഖപ്പെടുത്താത്ത പുതിയ വിദേശ അക്കൗണ്ടുകളിലേക്ക് ഒരു ദിവസം പരമാവധി അയക്കാവുന്ന തുക 20,000 റിയാലും ഇലക്ട്രോണിക് സേവനങ്ങൾ വഴി ആഭ്യന്തര പ്രതിദിന കൈമാറ്റ പരിധി 60,000 റിയാലുമാക്കി സെൻട്രൽ ബാങ്ക് നേരത്തെ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. എന്നാൽ ബാങ്ക് ഉപഭോക്താക്കൾക്കുള്ള പ്രതിദിന പണകൈമാറ്റ പരിധി അവർക്ക് മുമ്പുണ്ടായിരുന്ന തലത്തിലേക്ക് തന്നെ പുനഃസ്ഥാപിച്ചതായും ഉപഭോക്താവിന് ബാങ്കുമായി ആശയവിനിമയം നടത്തി ആ പരിധി കുറയ്ക്കുന്നതിന് സൗകര്യം ഒരുക്കിയതായും സെൻട്രൽ ബാങ്ക് വ്യക്തമാക്കി.

ചൊവ്വാഴ്‌ച മുതൽ പുതുക്കിയ നിർദേശങ്ങൾ നടപ്പായി തുടങ്ങിയിട്ടുണ്ട്. പതിവ് നടപടിക്രമങ്ങൾ അനുസരിച്ച് ഓൺലൈനായി ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള സേവനവും പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാൽ തങ്ങൾ ബാങ്കിങ് സേവനങ്ങൾക്കായി ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളുടെ വിശ്വാസ്യത ഉപഭോക്താക്കൾ ഉറപ്പാക്കണം. ഇടപാടുകളിൽ മുൻകരുതൽ എടുക്കാനും വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കാനും ഉപഭോക്താക്കളോട് സെൻട്രൽ ബാങ്ക് അഭ്യർഥിച്ചു. 

Tags:    
News Summary - Restrictions on banks lifted -Saudi Central Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.