റിയാദ്: ഇന്ത്യക്കും സൗദി അറേബ്യക്കുമിടയിൽ വിമാന സർവിസ് പുനരാരംഭിക്കുന്നതിനെ കുറിച്ച് ചർച്ച സജീവമാക്കി ഇരുപക്ഷവും. റിയാദിലെ ഇന്ത്യൻ എംബസിയിൽ പുതുതായി ചുമതലയേറ്റ ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ (ഡി.സി.എം) എൻ. റാം പ്രസാദ് ബുധനാഴ്ച സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി (ഗാക) അധികൃതരുമായി ഇൗ വിഷയത്തിൽ കൂടിക്കാഴ്ച നടത്തി. കോവിഡ് പശ്ചാത്തലത്തിലുണ്ടായ യാത്രാനിരോധനം നീക്കുക, ഇരുഭാഗത്തുനിന്നുമുള്ള വിമാന സർവിസിന് വേണ്ടി എയർ ബബിൾ കരാർ ഒപ്പിടുക, നിർത്തിവെച്ച വിമാന സർവിസ് സാധ്യമായ വേഗത്തിൽ പുനസ്ഥാപിക്കുക എന്നീ ഷയങ്ങളിലാണ് ചർച്ച നടന്നതെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു.
സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അസിസ്റ്റൻറ് പ്രസിഡൻറ് ഡോ. ബദർ അൽസഗ്രിയുടെ നേതൃത്വത്തിലുള്ള ഗാക സംഘത്തെയാണ് അതോറിറ്റി ആസ്ഥാനത്ത് ഡി.സി.എം എൻ. റാം പ്രസാദും എംബസി സെക്കൻഡ് സെക്രട്ടറി അസീം അൻവറും നേരിൽ കണ്ട് ചർച്ച നടത്തിയത്. ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഗാക അധികൃതർക്ക് അനുകൂല നിലപാടാണുള്ളതെന്നും എന്നാൽ ആരോഗ്യമന്ത്രാലയത്തിെൻറ അഭിപ്രായം കൂടി ആശ്രയിച്ചാണ് അന്തിമ തീരുമാനമുണ്ടാവുകയെന്നും എംബസി പ്രസ് സെക്രട്ടറി കൂടിയായ അസീം അൻവർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ആരോഗ്യമന്ത്രാലയത്തെ ബന്ധപ്പെട്ടും ചർച്ച നടത്തുകയാണ്. രണ്ട് ദിവസം മുമ്പ് അംബാസഡർ ഡോ. ഒൗസാഫ് സഇൗദ് ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി മന്ത്രി അബ്ദുറഹ്മാൻ അൽെഎബാൻ, അസിസ്റ്റൻറ് ഡെപ്യൂട്ടി മന്ത്രി സാറ അൽസഇൗദ് എന്നിവരുമായി ഇൗ വിഷയത്തിൽ വെർച്വലായി ചർച്ച നടത്തിയിരുന്നെന്നും പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും അസീം അൻവർ കൂട്ടിച്ചേർത്തു.
വിമാന സർവിസ് എത്രയും വേഗം പുനരാരംഭിക്കാനുള്ള ചർച്ചകൾ നടക്കുന്നതായി രണ്ടാഴ്ച മുമ്പ് ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ് സഇൗദും വ്യക്തമാക്കിയിരുന്നു. സൗദിയധികൃതരുമായി ചർച്ച നടത്തിവരികയാണെന്നും പുരോഗതിയുണ്ടെന്നുമാണ് അന്നദ്ദേഹം വ്യക്തമാക്കിയത്. അതോടെ പ്രവാസികൾക്കിടയിൽ പ്രതീക്ഷ വാനോളം ഉയർന്നു. അവധിക്ക് പോയവരും പുതിയ വിസയിൽ വരാൻ കാത്തുനിൽക്കുന്നവരുമായ നിരവധിയാളുകളാണ് സൗദിയിലേക്ക് നേരിട്ട് വിമാന സർവിസ് പുനരാരംഭിക്കുന്നത് കാത്ത് ഇന്ത്യയിൽ ജിജ്ഞാസയോടെ കഴിയുന്നത്. യാത്രാസൗകര്യം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് പ്രവാസികൾക്കിടയിൽ നിന്ന് ശക്തമായ ആവശ്യമാണ് ഉയർന്നത്. ഇൗ പശ്ചാത്തലത്തിലാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വിമാന സർവിസ് പുനരാരംഭിക്കണമെന്ന് ഗൾഫ് രാജ്യങ്ങളോട് ആവശ്യപ്പെട്ടത്.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞയാഴ്ച ജി.സി.സി അധികൃതരുമായി നടത്തിയ ചർച്ചയില്‍ ഇന്ത്യൻ പ്രവാസികൾക്ക് ഗൾഫ് രാജ്യങ്ങളിലെ ജോലി സ്ഥലത്തേക്ക് മടങ്ങാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്നാണ് ഇന്ത്യൻ മിഷൻ സൗദിയധികൃതരെ ബന്ധപ്പെട്ട് ഇൗ വിഷയത്തിൽ ചർച്ച സജീവമാക്കിയത്. ഇൗ വഴിയിലെ ഒടുവിലത്തെ സംഭവവികാസമാണ് എംബസി ഉന്നതസംഘം ബുധനാഴ്ച ഗാക അധികൃതരുമായി നടത്തിയ കൂടിക്കാഴ്ച. ഇന്ത്യക്കും സൗദിക്കുമിടയിൽ നേരിട്ട് വിമാന സർവിസ് ഇല്ലാത്തതിനാൽ പ്രവാസികൾ വളരെ ദുരിതത്തിലാണ്. അത്യാവശ്യമായി സൗദിയിലെത്തേണ്ടവര്‍ ദുബൈയിലും മറ്റുമെത്തി അവിടെ 14 ദിവസം താമസിച്ച് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരേണ്ട പണച്ചെലവും അലച്ചിലുമേറെയുള്ള ദുർഘടമായ മാർഗമാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ഇതിനൊരു പരിഹാരമാകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതും അധികൃതരുടെ പുതിയ നീക്കങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.