ദമ്മാം: മൂന്നര പതിറ്റാണ്ടിന്റെ പ്രവാസ വഴിയിൽനിന്ന് ഇ.എം. കബീർ എന്ന ദമ്മാമിന്റെ കബീർ സഖാവ് മടങ്ങുന്നു. ഹൃദയത്തിൽ ചേർത്തുവെക്കാൻ സുന്ദര നേട്ടങ്ങളും മുഹൂർത്തങ്ങളും ഒരുപാട് സ്വന്തമാക്കിയാണ് തിരികെയാത്ര. നാട്ടിലെ തീപ്പൊരി രാഷ്ട്രീയത്തിൽനിന്ന് 1985ൽ ദമ്മാമിലെ സാദാ പ്രവാസിയായതാണ്. നവോദയ സാംസ്കാരിക വേദിയുടെ പ്രവർത്തകനായതോടെ ജീവിത ഗതിമാറിയൊഴുകി.
തിരിച്ചറിവ് നേടിയതു മുതൽ രാഷ്ട്രീയ പോരാട്ടങ്ങളുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ഒപ്പം നടന്ന ജീവിതം. നവോദയ സംസ്കാരിക വേദിയെ വളർത്തിയെടുക്കുന്നതിൽ അതിന്റെ സ്ഥാപക പ്രസിഡൻറ് പദവി മുതൽ തുടങ്ങിയ സംഘടന, ജീവകാരുണ്യ പ്രവർത്തനം.
ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ ശത്രുക്കൾ കൊലക്കത്തിക്ക് പേരു കുറിച്ചിടത്തുനിന്ന് രക്ഷതേടി ബന്ധുക്കൾ ഗൾഫിലേക്ക് അയച്ചതാണ്. 1982ൽ തിരുവിതാംകൂർ രാജാവിന്റെ ആറാട്ടു ദിവസം ഉച്ചനേരം. താനുൾപ്പെടെ അഞ്ചുപേർ തിരുവനന്തപുരം പാർട്ടി ഓഫിസിന് മുകളിലുള്ള വായനശാലയിൽ ഇരിക്കുന്നു. രാഷ്ട്രീയശത്രുതയുടെ എതിർപാളയത്തിലെ 35 പേർ ഇരച്ചുകയറിയ ആ ഉച്ചനേരമായിരുന്നു ജീവിതരേഖ മാറിയത്.
നെഞ്ചിലും പുറത്തും ആഴത്തിലുള്ള കുത്തേറ്റുവീണു. ശത്രുവിനെ എതിർത്തോടിക്കാനുള്ള കരുത്തിനെ തളർത്താനായില്ല ആ കൊലക്കത്തിക്കും. ജീവൻബാക്കിയായെങ്കിലും ഉമ്മയുടെ കണ്ണുനീരിനു മുന്നിൽ അലിയാതിരിക്കാനായില്ല. 'കീഴടങ്ങി'ഗൾഫിലേക്ക് വിമാനം കയറി. ദമ്മാമിൽ ഇടത് അനുകൂല സംഘടന രൂപപ്പെട്ടപ്പോൾ കബീറിനെക്കാൾ യോഗ്യനായ മറ്റൊരു പോരാളിയില്ലായിരുന്നു അതിന്റെ തലപ്പത്തിരുത്താൻ.
കബീർ നവോദയ പ്രസിഡൻറായിരുന്ന കാലത്താണ് ദിയാധനം നൽകാനില്ലാതെ കാലങ്ങളായി ജയിലിൽ കഴിഞ്ഞ 17 പേർക്ക് പുതുജീവൻ നൽകിയത്. തിരുവനന്തപുരം കാൻസർ സെന്ററിന് ഒരു കോടി രൂപ സമാഹരിച്ച് നൽകിയതും ദമ്മാമിലെ മുഴുവൻ സംഘടനകളെയും അതിന്റെ ഭാഗമാക്കിയതും ആ നേതൃത്വത്തിലാണ്. സൗദി അറേബ്യയുടെ ദേശീയദിനത്തോടനുബന്ധിച്ച് ആയിരത്തിലധികം കുപ്പി രക്തം നൽകാനും മുന്നിട്ടിറങ്ങി. ദമ്മാം കണ്ട വലിയ കലാ സംസ്കാരിക അരങ്ങേറ്റം നടന്നതും ഇക്കാലത്താണ്. ഒരു ലേബർ കമ്പനിയിലെ 5000 തൊഴിലാളികൾ പണിമുടക്കി സംഘർഷം ഉടലെടുത്തപ്പോൾ അധികൃതർ സഹായം തേടിയെത്തിയ ഇന്ത്യക്കാരൻ കബീർ ആയിരുന്നു. ആറു ദിവസം നീണ്ട സമരം മണിക്കൂറിനകം പരിഹരിച്ചു. അന്ന് തൊഴിലാളികൾക്ക് ന്യായമായ അവകാശങ്ങൾ നേടിക്കൊടുക്കാനും കഴിഞ്ഞു. വ്യക്തിപരമായ സഹായത്തിൽ പഠിച്ചിറങ്ങിയവരിൽ ഡോക്ടർമാരും എൻജിനീയർമാരുമുണ്ട്.
ഗൾഫിലെ 35 വർഷവും പിന്നിട്ട്, ജീവിതത്തിലെ 65ാം വയസ്സിൽ എത്തി നിൽക്കുമ്പോൾ പ്രവാസമവസാനിക്കുന്നതിന് മുമ്പ് മറ്റ് ചില ദൗത്യങ്ങൾകൂടി തീർക്കാനുള്ള ഒരുക്കത്തിലാണ്.
പ്രവാസ ലോകത്തുനിന്ന് കിട്ടിയ അപൂർവ സ്നേഹ സൗഹൃദങ്ങളാണ് കബീറിന്റെ സമ്പാദ്യം. കുടുംബവുമൊത്ത് കഴിയാനായത് അൽപകാലം. സ്വന്തത്തിനപ്പുറത്ത് ചുറ്റുമുള്ളവർക്കുവേണ്ടിയായിരുന്നു ജീവിതം. നീണ്ട പ്രവാസത്തിനിടയിൽ 20 ദിവസം മുമ്പാണ് ഭാര്യ ജുനൈദ ദമ്മാമിലെത്തിയത്. വിശ്രമമില്ലാത്ത ഓട്ടത്തിനിടയിൽ ശരീരം വഴങ്ങാത്ത അവസ്ഥയിലെത്തുമ്പോഴാണ് മടങ്ങാൻ നിർബന്ധിതനായത്. ഈ മണ്ണിൽനിന്ന് ഹൃദയം പറിച്ചെടുക്കാൻ ആവുന്നില്ലല്ലോ എന്നായിരുന്നു തിരികെയാത്രയെക്കുറിച്ചുള്ള പ്രതികരണം. ഫിറോസ്ഖാൻ, റിസ് വാന എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.