റിയാദ്: സാമൂഹിക സാംസ്കാരിക രംഗത്ത് ജയശങ്കർ നടത്തുന്ന ക്രിയാത്മക ഇടപെടലുകൾ പരിഗണിച്ച് അദ്ദേഹത്തിന് മൂന്നാമത് ‘റിഫ പുരസ്കാരം’ സമ്മാനിക്കാൻ റിയാദ് ഇന്ത്യൻ ഫ്രണ്ട്ഷിപ് അസോസിയേഷൻ (റിഫ) തീരുമാനിച്ചു. കേരള ഹൈകോടതിയിൽ നാല് പതിറ്റാണ്ടായി പ്രാക്ടിസ് ചെയ്യുന്ന ജയശങ്കർ സാമൂഹിക വിമർശകൻ, രാഷ്ട്രീയ നിരീക്ഷകൻ, ഗ്രന്ഥകർത്താവ്, നിരൂപകൻ, മാധ്യമ പ്രവർത്തകൻ തുടങ്ങി വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. മാധ്യമം ആഴ്ചപ്പതിപ്പിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാനാമത്തിൽ എഴുതിയ ലേഖനങ്ങളും ഇന്ത്യാവിഷൻ ചാനലിലെ ‘വാരാന്ത്യം’ എന്ന പ്രതിവാര ദിനപത്ര അവലോകന പരിപാടിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നതായും വാർത്തക്കുറിപ്പിൽ പറഞ്ഞു. ‘കമ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും’, ‘കാസ്റ്റിങ് മന്ത്രിസഭ’ എന്നീ പുസ്തകങ്ങൾ അദ്ദേഹത്തിേൻറതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അരലക്ഷം രൂപയും ഫലകവും അടങ്ങുന്ന റിഫ പുരസ്കാരം റിയാദിലെ പൊതുചടങ്ങിൽ സമ്മാനിക്കും. 26 വർഷമായി റിയാദിൽ പ്രവർത്തിക്കുന്ന റിഫയുടെ സാമൂഹിക സാംസ്കാരിക പ്രതിബദ്ധതയുടെ തുടർച്ചയാണ് ഈ പുരസ്കാര പ്രഖ്യാപനമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.