റിയാദ്: റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) സംഘടിപ്പിച്ച റിഫ പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരങ്ങൾ സമാപിച്ചു. എ ഡിവിഷനിൽ റോയൽ ഫോക്കസ് ലൈൻ ചാമ്പ്യൻസ് കിരീടം കരസ്ഥമാക്കി. ജയം അനിവാര്യമായിരുന്ന യൂത്ത് ഇന്ത്യ സോക്കർ ടീം അവസാന മത്സരത്തിൽ അസീസിയ സോക്കറിനോട് പൊരുതിയെങ്കിലും വിജയം കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞില്ല. വാശിയേറിയ മത്സരത്തിൽ ഇരുവരും സമനിലപാലിച്ചതിനെ തുടർന്നാണ് ഗ്രൂപ്പിൽ അതേ പോയൻറ് നിലയുള്ള റോയൽ ഫോക്കസ് ലൈൻ ഗോൾശരാശരിയിൽ മുന്നിലെത്തിയതും ട്രോഫിയിൽ മുത്തമിട്ടതും.
ബി ഡിവിഷനിൽ ബ്ലാസ്റ്റേഴ്സ് വാഴക്കാടും സി ഡിവിഷനിൽ റിയാദ് ബ്ലാസ്റ്റേഴ്സും വിജയകിരീടം സ്വന്തമാക്കി. ഇതോടെ നാലു മാസമായി നടക്കുന്ന കാൽപന്ത് മാമാങ്കത്തിന് അന്തിമവിസിൽ മുഴങ്ങി.
കെ.എം.സി.സി സ്പോൺസർ ചെയ്ത എ ഡിവിഷൻ പ്രീമിയർ ലീഗ് കിരീടം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, കംഫർട്ട് ട്രാവൽസ് പ്രതിനിധി മുജീബ് ഉപ്പട, ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ ബഷീർ കാരന്തൂർ, വൈസ് ചെയർമാൻ അബ്ദുൽ കരീം പയ്യനാട്, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ഷക്കീൽ തിരൂർക്കാട് എന്നിവർ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. ബി ഡിവിഷൻ ട്രോഫി പ്രായോജകരായ ജരീർ മെഡിക്കൽസ് പ്രതിനിധികളും കോഴിക്കോടൻസ്, മിന സൂപ്പർ മാർക്കറ്റ്, സ്കൈ ഫയേഴ്സ് ടയേഴ്സ് പ്രതിനിധികളും റിഫ സെക്രട്ടറിയേറ്റ് അംഗങ്ങളായ സൈഫു കരുളായി, മുസ്തഫ മമ്പാട്, കുട്ടൻ ബാബു, നാസർ മാവൂർ എന്നിവരും ചേർന്ന് നൽകി.
സി ഡിവിഷൻ ട്രോഫിയും മെഡലുകളും ദലാൽ ആൻഡ് സാറ സ്വീറ്റ്സ് ചോക്ലറ്റ് ആൻഡ് നട്സ്, റോയൽ ട്രാവൽസ് പ്രതിനിധികൾ, ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ ശറഫുദ്ദീൻ, റിഫ സെക്രട്ടേറിയറ്റ് അംഗങ്ങളായ മുസ്തഫ കവ്വായി, ജുനൈസ് വാഴക്കാട്, ഷരീഫ് കാളികാവ്, അഡ്വൈസറി മെംബർ അബ്ദുല്ല വല്ലാഞ്ചിറ, ഹംസ, ഹസൻ പുന്നയൂർ എന്നിവർ വിജയികൾക്ക് നൽകി. അടുത്തമാസം എ, ബി ഡിവിഷൻ ചാമ്പ്യന്മാരുടെ പ്രദർശന മത്സരം കെ.എം.സി.സി മണ്ഡലം മത്സരങ്ങളോടൊപ്പം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ജനറൽ സെക്രട്ടറി സൈഫു കരുളായി പരിപാടികൾക്ക് നേതൃത്വം നൽകി. റഫറി പാനൽ ഹെഡ് അലി ഖഹ്ത്വാനിക്ക് ബഷീർ ആദരഫലകം സമ്മാനിച്ചു. മെഡിക്കൽ പ്രതിനിധികൾക്കും റഫറിമാർക്കും ടൂർണമെൻറ് കമ്മിറ്റി ഉപഹാരങ്ങൾ നൽകി. കൺവീനർ ശറഫുദ്ദീൻ നന്ദി പറഞ്ഞു. ഇതോടെ രാവേറെ നീണ്ടുനിന്ന കളിയാരവങ്ങൾക്ക് അറുതിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.