റിയാദ്: പൗർണമി നിലാവ് പൊഴിച്ച രാവിൽ റിയാദ് നഗരഹൃദയത്തെ പ്രഭാപൂരിതമാക്കിയും സംഗീതമധുരത്തിൽ മുക്കിയും റിയാദ് ബീറ്റ്സ് സമാപിച്ചപ്പോൾ സാക്ഷിയായത് വൻ ജനാവലി. രാജ്യത്തെ പുതിയ കലാ സാംസ്കാരിക നയത്തിന്റെ ധവളിമയിൽ ഗൾഫ് മാധ്യമം ദിനപത്രവും മീ ഫ്രൻഡ് ആപ്പും ഒരുക്കിയ സംഗീതനിശ മികച്ച സംഘാടനം കൊണ്ടും ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. മലസ് ലുലു ഹൈപ്പർമാർക്കറ്റിന്റെ റൂഫ് അറീനയിൽ ഒരുങ്ങിയ വേദിയിൽ പാട്ടുമധുരം പകർന്ന് ഗായകരും ചുവടുവെച്ച് നർത്തകരും ചിരിയും ചിന്തയുമുണർത്തി ഹാസ്യ കലാകാരന്മാരും നിറഞ്ഞാടി.
മാതൃഭാഷയുടെ മാധുര്യവും പുതുതലമുറയുടെ ഈണങ്ങളും ഇഴചേർന്ന രാഗവർഷത്തിൽ നാടൻ പാട്ടുകൾക്കും മാപ്പിളപ്പാട്ടുകൾക്കും ഇടം ലഭിച്ചു. പ്രവാചക സ്മരണയിൽ ജാസിം ജമാൽ ആലപിച്ച ‘അല്ലാഹു തന്ന പൊരുളെ’ എന്ന് തുടങ്ങുന്ന ഭക്തിഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. അറബ് തനിമയുടെയും ഗരിമയുടെയും പ്രതീകമായ തൂവെള്ള ഥൗബണിഞ്ഞ ജാസിം മനോഹരമായ ഒരു ഖവാലി കൂടി സമ്മാനിച്ചാണ് തുടക്കം ഗംഭീരമാക്കിയത്. ഹാസ്യ സാമ്രാട്ട് രമേശ് പിഷാരടി ഫലിതവും കൗതുകവും വിമർശനവും ധ്വനിപ്പിച്ച വാക്കുകൾ കൊണ്ട് അമ്മാനമാടിയപ്പോൾ സദസ്സ് കരഘോഷത്തോടെയാണ് സ്വീകരിച്ചത്.
പ്രശസ്ത ചലച്ചിത്ര താരം ഭാവനയായിരുന്നു മുഖ്യാതിഥി. ആടിയും പാടിയും പറഞ്ഞും സദസ്സിന്റെ ഹൃദയം കവർന്നെടുത്തു ഭാവന. റിയാദിലെ പോൾസ്റ്റാർ ഡാൻസ് അക്കാദമിയിലെ കുട്ടികളുടെ നൃത്തച്ചുവടുകളുടെ അകമ്പടിയിൽ വേദിയിലേക്ക് ആനയിക്കപ്പെട്ട ഭാവന കുതിച്ചുയരുന്ന സൗദിയുടെ വളർച്ചയിലുള്ള അത്ഭുതവും മലയാളികളായ വലിയൊരു വൃന്ദം പ്രവാസികളെ കാണാനായതിലെ സന്തോഷവും പ്രകടിപ്പിച്ചു. പ്രശസ്ത അവതാരകൻ മിഥുൻ രമേഷും പ്രശസ്ത ഗായകൻ വിധു പ്രതാപുമായി ചേർന്ന് ആലപിച്ച ഗാനത്തിനുശേഷം മുഖ്യ പ്രായോജകർക്കുള്ള ഗൾഫ് മാധ്യമത്തിന്റെ സ്നേഹോപഹാരങ്ങൾ പ്രിയ താരം ഭാവന പ്രതിനിധികൾക്ക് സമ്മാനിച്ചു.
പുതുതലമുറയിലെ സംഗീത വാഗ്ദാനങ്ങളായ ആൻ ആമിയും ശിഖ പ്രഭാകറും ഇഷ്ടഗാനങ്ങൾ പാടി അനുവാചകർക്ക് അനുഭൂതിയുടെ നിമിഷങ്ങൾ പകർന്നുനൽകി. തമിഴ്, ഹിന്ദി, അറബി ഗാനങ്ങളുമായി ജാസിമും ആൻ ആമിയും ശിഖയും വ്യത്യസ്ത അഭിരുചിക്കാരുടെ സംഗീതം വേദിയിലവതരിപ്പിച്ചു.
അന്തരിച്ച മാപ്പിളപ്പാട്ട് ഗായികയും ഒരു കാലഘട്ടത്തിന്റെ വിസ്മയവുമായിരുന്ന റംല ബീഗം, മലബാറിന്റെ സ്വന്തം മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല എന്നിവർക്കുള്ള സ്മരണാഞ്ജലിയായി ശിഖ പ്രഭാകറും ആൻ ആമിയും വിധുവും പാടിപ്പതിഞ്ഞ മാപ്പിളപ്പാട്ടുകൾ പാടി. പ്രവാസി സമൂഹം മൂന്നുനാല് ദശകങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ച പ്രിയ ഗായികമാരുടെ ഓർമകൾക്ക് റിയാദ് ബീറ്റ്സ് നൽകിയ ആദരവ് തികച്ചും അവസരോചിതമായി. കൈതോലപ്പായ വിരിച്ച്, ഒല്ലുല്ലേരി തുടങ്ങി നിരവധി നാടൻ പാട്ടുകളും വേദിയിൽ അരങ്ങേറി.
നാട്ടിൽ നിന്നുള്ള ഗായകരോടൊപ്പം റിയാദിലെ പാട്ടുകാരായ കുഞ്ഞുമുഹമ്മദ്, രാജേഷ്, അമ്മു പ്രസാദ്, ദേവിക ബാബുരാജ് എന്നിവർ കോറസായും രംഗത്തുണ്ടായിരുന്നു. സ്പോട്ട് ഡബിങ്ങിൽ ശബ്ദാനുകരണത്തിന് പുതിയ മാനങ്ങൾ തീർത്ത അശ്വന്ത് അനിൽകുമാർ സിനിമ നടന്മാരുടെ ഭാവതീവ്രമായ രംഗങ്ങൾ മനോഹരമായി അവതരിപ്പിച്ചു. പോൾ സ്റ്റാർ ഡാൻസ് അക്കാദമിയിലെ കുട്ടികൾ കാഴ്ചവെച്ച പശ്ചാത്തല നൃത്തച്ചുവടുകൾ സംഗീത പരിപാടിക്ക് മികച്ച ദൃശ്യഭാഷ ഒരുക്കി. കൗമാരത്തിന്റെ ശക്തിയും ഓജസ്സും അനാവരണം ചെയ്യുന്നതായിരുന്നു അവരുടെ ഓരോ താളവും ചുവടുകളും. ഡാൻസ് മാസ്റ്റർ വിഷ്ണുവിന്റെ നേതൃത്വത്തിലായിരുന്നു കൊറിയോഗ്രഫി.
റിയാദിന്റെ പ്രവാസ ചരിത്രത്തിൽ മലയാളത്തിന്റെ കരുത്തുകൊണ്ട് അടയാളപ്പെടുത്തിയ ഒരു സാംസ്കാരിക പരിപാടിക്ക് വെള്ളിയാഴ്ച രാത്രി 11 മണിയോടെ തിരശ്ശീല വീണു. പ്രവാസ കേരളത്തിന്റെയും നഗരഹൃദയത്തിന്റെയും മിടിപ്പുകൾ ഒന്നായി താളം പിടിച്ച നിമിഷങ്ങളായിരുന്നു ഇംപെക്സ്, ഹോട്ട്പാക്ക്, ലുലു, റിയ മണി ട്രാൻസ്ഫർ, ഫൗരി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ മുഖ്യ പ്രായോജകരായ റിയാദ് ബീറ്റ്സ് സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.