ജിദ്ദ: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാന കമ്പനിയായ ‘റിയാദ് എയർ’ 72 ബോയിങ് 787-9 ഡ്രീംലൈനർ വിമാനങ്ങൾ വാങ്ങും. ഇതിനുള്ള ആദ്യത്തെ ഓർഡർ കമ്പനി പ്രഖ്യാപിച്ചു. അമേരിക്കയിലെ ബോയിങ് കമ്പനിയുമായി കരാർ ഒപ്പിട്ടു. സൗദി പൊതുനിക്ഷേപ നിധിക്ക് കീഴിൽ റിയാദ് എയർ എന്ന പേരിൽ പുതിയ ദേശീയ വിമാന കമ്പനി ആരംഭിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസം തന്നെ 2025-ൽ അന്താരാഷ്‌ട്ര സർവിസ് ആരംഭിക്കുമെന്നും ഉടനെ വിമാനങ്ങൾക്കായുള്ള വലിയ ഓർഡർ പ്രഖ്യാപിക്കുമെന്നും കമ്പനി സി.ഇ.ഒ ടോണി ഡഗ്ലസ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
അന്താരാഷ്‌ട്ര നിലവാരത്തോടെ പ്രവർത്തനം ആരംഭിക്കുന്ന റിയാദ് എയറിന്റെ ലക്ഷ്യങ്ങളിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് 72 ബോയിങ് 787-9 ഡ്രീംലൈനർ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം. വ്യോമഗതാഗത്തിനുള്ള ആഗോള കേന്ദ്രമാകാനാണ് സൗദി അറേബ്യയുടെ നീക്കം. ആ അഭിലാഷത്തെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ പ്രഖ്യാപനം. വിമാനങ്ങൾ വാങ്ങാനുള്ള ഈ നീക്കം ബോയിങ് ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും വലിയ അഞ്ച് വാണിജ്യ ഓർഡറുകളിലൊന്നാണ്.
2030-ഓടെ 33 കോടിയലധികം യാത്രക്കാരെ എത്തിക്കാനും 10 കോടി സന്ദർശകരെ ആകർഷിക്കാനുമുള്ള സൗദി അറേബ്യയുടെ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതാണ് പുതിയ തീരുമാനം. രാജ്യത്തിന്റെ എണ്ണേതര ജി.ഡി.പി 750 കോടി റിയാൽ വരെ വർധിപ്പിക്കുന്നതിനും പ്രത്യക്ഷമായും പരോക്ഷമായും രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സംഭാവന ചെയ്യും. അമേരിക്കയെ സംബന്ധിച്ചിടത്തോളം ബോയിങ്ങുമായുള്ള പുതിയ കരാർ സാമ്പത്തിക രംഗത്ത് വലിയ തുണയാകുമെന്നും ഏകദേശം ഒരു ലക്ഷം പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും 145 ചെറുകിട ബിസിനസുകൾ ഉൾപ്പെടെ 38 സംസ്ഥാനങ്ങളിലെ 300-ലധികം വിതരണക്കാർക്ക് പ്രയോജനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
പാരിസ്ഥിതിക ലക്ഷ്യങ്ങളുടെ പ്രാധാന്യം അടിവരയിടുന്നതാണ് പുതിയ വിമാനങ്ങൾക്കായുള്ള കരാർ. ശബ്ദാഘാതം സംബന്ധിച്ച നിയന്ത്രണങ്ങൾ പാലിച്ച് ലോകത്തിലെ ഏറ്റവും ആധുനികവും സുസ്ഥിരവുമായ വിമാനങ്ങൾ പ്രവർത്തിപ്പിക്കാനാണ് റിയാദ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.