ജിദ്ദ: വേൾഡ് എക്സ്പോ നടത്തിപ്പുകാരായ അന്താരാഷ്ട്ര എക്സിബിഷൻ പ്രതിനിധി സംഘം ‘റിയാദ് എക്സ്പോ 2030’ നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലം സന്ദർശിച്ചു. എക്സ്പോക്ക് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ അപേക്ഷയിൽ തുടർനടപടികൾക്കായി മൂന്നു ദിവസം മുമ്പ് റിയാദിലെത്തിയ സംഘം റിയാദ് റോയൽ കമീഷൻ സി.ഇ.ഒ ഫഹദ് ബിൻ അബ്ദുൽ മുഹ്സിൻ അൽറഷീദിനൊപ്പമാണ് എക്സ്പോ നടത്താൻ നിശ്ചയിച്ചിരിക്കുന്ന നഗരത്തിലെ നിർദിഷ്ട ഭാഗങ്ങൾ നോക്കിക്കണ്ടത്. 60 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതി സ്ഥലമാണ് എക്സ്പോക്കായി നിശ്ചയിച്ചിരിക്കുന്നത്.
റിയാദിലെ കിങ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ മെട്രോ സ്റ്റേഷനും സംഘം സന്ദർശിച്ചു. റിയാദ് നഗരത്തിെൻറ ഭാവിഗതാഗത പദ്ധതികളും ചർച്ച ചെയ്തു. തലസ്ഥാന നഗരത്തിെൻറ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റിയാദ് മെട്രോയിലെ സുപ്രധാന ലൈനുകളിലൊന്ന് നിർദിഷ്ട എക്സ്പോ സ്ഥലം വഴിയാണ് കടന്നുപോകുന്നത്. ഈ ലൈനിലൂടെ പ്രതിനിധി സംഘം ട്രെയിൻ യാത്ര നടത്തുകയും ചെയ്തു.
റിയാദ് നഗരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചതും വൻകിട പദ്ധതികൾ നടപ്പാകുന്നതും സംഘം കാണുകയുണ്ടായെന്ന് റോയൽ കമീഷൻ സി.ഇ.ഒ പറഞ്ഞു. ‘എക്സ്പോ 2030’ന് ആതിഥേയത്വം വഹിക്കാനുള്ള റിയാദിെൻറ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പ്രതിനിധിസംഘത്തോട് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരം വേദിയാകുന്ന മെഗാ ഇവൻറുകളിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടാകുന്നത്. ഇത് ആഗോള പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാൻ രാജ്യത്തെ പൊതുവെയും റിയാദിനെ പ്രത്യേകിച്ചും അനുയോജ്യമായ സ്ഥലമാക്കിയതായും സി.ഇ.ഒ പറഞ്ഞു.
ഗതാഗത-ലോജിസ്റ്റിക് മന്ത്രി എൻജി. സാലിഹ് അൽജാസറും പ്രതിനിധി സംഘവുമായി ചർച്ച നടത്തി. അന്താരാഷ്ട്ര സൂചകങ്ങൾ അനുസരിച്ച് രാജ്യത്തിന് ശക്തവും വികസിതവുമായ അടിസ്ഥാന സൗകര്യമുണ്ടെന്ന് ഗതാഗതമന്ത്രി പറഞ്ഞു. ‘റിയാദ് എക്സ്പോ 2030’ൽ പങ്കെടുക്കാൻ വിവിധ ലോകരാജ്യങ്ങളിൽ നിന്നെത്താനിടയുള്ള നാലു കോടിയിലധികം സന്ദർശകരെ സ്വീകരിക്കാൻ നഗരം സജ്ജമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. 2030ലെ വേൾഡ് എക്സ്പോ നടത്താനുള്ള സൗദിയുടെ അപേക്ഷയിന്മേൽ ചർച്ച തുടരുകയാണെന്നും അന്താരാഷ്ട്ര എക്സിബിഷൻ പ്രതിനിധിസംഘ വൃത്തങ്ങൾ വ്യക്തമാക്കി. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി സംഘം കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.