റിയാദ്: ‘റിയാദ് എക്സ്പോ 2030’ന്റെ ആതിഥേയത്വത്തിനു വേണ്ടിയുള്ള സൗദി ശ്രമത്തിന്റെ ഭാഗമായി തിങ്കളാഴ്ച ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ വൻ സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ സാന്നിധ്യത്തിൽ നടക്കുന്ന സ്വീകരണ പരിപാടിയിൽ 179 രാജ്യങ്ങൾക്കായി ഔദ്യോഗിക സ്വീകരണമൊരുക്കും. എക്സ്പോ സംഘാടകരായ ബി.ഇ.ഐ (ദ ബ്യൂറോ ഇന്റർനാഷനൽ ഡെസ് എക്സ്പോസിഷൻസ്) പ്രതിനിധികളുടെ സാന്നിധ്യത്തിൽ എക്സ്പോക്ക് ആതിഥേയത്വം നേടുന്നതിന്റെ ഭാഗമായി രാജ്യങ്ങൾ നടത്തുന്ന പ്രധാന ചടങ്ങുകളിലൊന്നാണ് മെഗാ സ്വീകരണ പരിപാടി. ലോകാടിസ്ഥാനത്തിൽ നടത്തുന്ന എക്സ്പോയുടെ ആതിഥേയ നഗരത്തെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയയുടെ ഭാഗമായ വോട്ടെടുപ്പ് അടുത്ത നവംബറിലാണ് നടക്കുക.
ലോകത്തിന്റെ ഹൃദയഭാഗത്തുള്ള സൗദി അറേബ്യയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം, അതിന്റെ സംസ്കാരവും മൗലികതയും, പൈതൃക സമൃദ്ധി, സൗദി സമ്പദ് വ്യവസ്ഥയുടെ സുഭദ്രത, രാജ്യത്തിന്റെ വ്യതിരിക്തത എന്നിവക്കു പുറമെ സൗദിയുടെ വിദേശ നയവും വിനോദസഞ്ചാര സാധ്യതകളും ചടങ്ങിനോടനുബന്ധിച്ച് പ്രദർശനത്തിൽ ഉയർത്തിക്കാട്ടും. പാരിസിൽ നടക്കുന്ന സ്വീകരണ പരിപാടിക്കും പ്രദർശനത്തിനും ശേഷം ബി.ഇ.ഐ പ്രതിനിധികൾ റിയാദിലേക്ക് നടത്തുന്ന വെർച്വൽ ട്രിപ്പിലൂടെ എക്സ്പോയുമായി ബന്ധപ്പെട്ട പദ്ധതികൾ സമർപ്പിക്കും.
ഉന്നത സൗദി സംഘം ഒരുക്കുന്ന സ്വീകരണത്തിൽ പാരിസ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര നയതന്ത്ര സേനയിലെ അംഗങ്ങൾ, യുനെസ്കോ അംഗീകൃത രാജ്യങ്ങളുടെ അംബാസഡർമാർ, സൗദിയുടെ പ്രധാന പങ്കാളിത്ത സ്ഥാപനങ്ങളുടെയും പദ്ധതികളുടെയും പ്രതിനിധികൾ എന്നിവരെ കൂടാതെ ബ്യൂറോ ഇന്റർനാഷനൽ ഡെസ് എക്സ്പോസിഷനിലെ 179 അംഗരാജ്യങ്ങളുടെ പ്രതിനിധികൾ, ഫ്രഞ്ച് സർക്കാറിലെ മുതിർന്ന ഉദ്യോഗസ്ഥർ, സ്വകാര്യ മേഖലകളിലെ പ്രമുഖർ എന്നിവർ പങ്കെടുക്കും. രാജ്യത്തിന്റെ സംഘാടക ശേഷി, ബ്രാൻഡിങ് വൈദഗ്ധ്യം, പൊതു നയതന്ത്രം എന്നിവ ലോകത്തെ ബോധ്യപ്പെടുത്തുന്ന പരിപാടിയാണ് പാരിസിൽ നടക്കുക.
നാലു കോടി സന്ദർശകർ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ‘റിയാദ് എക്സ്പോ’യിൽ പങ്കെടുക്കുന്നവർക്ക് അസാധാരണമായ ആഗോള അനുഭവം നൽകാനാണ് സൗദി ലക്ഷ്യമിടുന്നത്. ‘മെറ്റാവേഴ്സ്’ എന്ന വെർച്വൽ റിയാലിറ്റി വഴി ലോകമെമ്പാടുമുള്ള 100 കോടി ആളുകൾക്ക് എക്സ്പോ 2030 അനുഭവവേദ്യമാക്കുമെന്നാണ് പ്രഖ്യാപനം. അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കാൻ കഴിഞ്ഞ മാർച്ച് ആദ്യവാരം സൗദി സന്ദർശിച്ച ബി.ഐ.ഇ സെക്രട്ടറി ജനറൽ ദിമിത്രി കെർക്കന്റ്സെസും സംഘവും റിയാദിന്റെ എക്സ്പോ സംഘാടനശേഷിയിൽ തൃപ്തി രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.