ജിദ്ദ: 2030ൽ വേൾഡ് എക്സ്പോക്ക് ആതിഥേയത്വം വഹിക്കാനുള്ള ‘റിയാദ് എക്‌സ്‌പോ 2030’ വിശദാംശങ്ങൾ സൗദി അറേബ്യ അവതരിപ്പിച്ചു. പാരീസിലെ ഇൻറർനാഷനൽ ബ്യൂറോ ഓഫ് എക്സിബിഷൻസിന് മുമ്പാകെ ചൊവ്വാഴ്ചയാണ് വിശദാംശങ്ങളുടെ ഫയൽ അവതരിപ്പിച്ചത്. 12 കോടി സന്ദർശകരെ പങ്കെടുപ്പിക്കാനാണ് പദ്ധതിയെന്ന് റിയാദ് റോയൽ കമീഷൻ സി.ഇ.ഒ എൻജി. ഇബ്രാഹിം ബിൻ മുഹമ്മദ് അൽസുൽത്താൻ പറഞ്ഞു.
എക്സ്പോ 2030 നഗരികളുടെ നിർമാണവും എല്ലാ ഒരുക്കവും 2028 ഓടെ പൂർത്തിയാക്കും. ശുദ്ധമായ ഊർജത്തെ ആശ്രയിക്കുന്നതും പാരിസ്ഥിതിക മാനദണ്ഡങ്ങൾ പരിഗണിച്ചുള്ളതുമായിരിക്കും മേള നഗരികൾ. സൗദി അറേബ്യയിലെ അതിരുകളില്ലാത്ത നിക്ഷേപ അന്തരീക്ഷത്തിന് അനുസൃതമായാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നതെന്ന് നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽ ഫാലിഹ് പറഞ്ഞു.
പരിപാടിക്ക് ആതിഥേയത്വം വഹിക്കാൻ അനുവദിച്ച ബജറ്റ് 780 കോടി ഡോളറാണെന്നും സൗദിയിൽ അവസരങ്ങൾ തെരയുന്ന കമ്പനികൾക്കുള്ള ഒരു ആഗോള ഫോറമായിരിക്കും മേള നഗരികളെന്നും ധനമന്ത്രി പറഞ്ഞു. ആഗോള ഇൻവെസ്റ്റ്മെൻറ് ലാബ് വിജയിപ്പിക്കാൻ ഞങ്ങളുടെ വിഭവങ്ങളും മുഴുവൻ കഴിവുകളും ഞങ്ങൾ വിനിയോഗിക്കും. എക്സ്പോ 2030 സംഘടിപ്പിക്കുന്നതിൽ സ്വകാര്യ മേഖലക്ക് വലിയ ഇടം നൽകുമെന്നും അൽ ഫാലിഹ് ചൂണ്ടിക്കാട്ടി.
എക്സ്പോ കോൺഫറൻസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പതിപ്പ് സംഘടിപ്പിക്കാൻ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് അമേരിക്കയിലെ സൗദി അംബാസഡർ അമീറ റിമ ബിൻത് ബന്ദർ പറഞ്ഞു. റിയാദ് ഒരു അസാധാരണമായ ആഗോള വിനോദ സഞ്ചാര കേന്ദ്രമാണ്. അത് എക്‌സ്‌പോ 2030 ആതിഥേയത്വം വഹിക്കാൻ തയ്യാറാണ്. എക്സ്പോയിൽ പങ്കെടുക്കാൻ പ്രത്യേക വിസ നൽകുമെന്നും അവർ വിശദീകരിച്ചു.
റിയാദ് എക്സ്പോ 2030 ആഗോള സ്വാധീനം ചെലുത്തുന്ന പദ്ധതികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. നവീകരണം, സുസ്ഥിരത, ഉൾക്കൊള്ളൽ എന്നിവയിലൂടെ നമ്മുടെ പൊതുവായ വെല്ലുവിളികൾക്ക് ആഗോള പരിഹാരങ്ങൾ കണ്ടെത്താനുള്ള സഹകരണത്തിനുള്ള അവസരം കൂടിയാണ്. ഇതെല്ലാം റിയാദ് എക്‌സ്‌പോ 2030 ൽ അടങ്ങിയിട്ടുണ്ട്. വൈവിധ്യമാർന്ന രാജ്യങ്ങളെയും സംസ്‌കാരങ്ങളെയും പ്രതിനിധീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കി വികസ്വര രാജ്യങ്ങളോടുള്ള രാജ്യത്തിന്‍റെ ശക്തമായതും തുടർച്ചയായതുമായ പ്രതിബദ്ധതയാണ്.
പവലിയൻ നിർമാണം, അറ്റകുറ്റപ്പണികൾ, സാങ്കേതിക പിന്തുണ, യാത്ര, ഇവൻറുകൾ തുടങ്ങിയ മേഖലകളിൽ 100 രാജ്യങ്ങളെ സഹായിക്കുന്നതിന് 34.3 കോടി ഡോളറിന്റെ ഒരു പാക്കേജ് തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ ലോകമെമ്പാടുമുള്ള പങ്കാളികളുമായി ചേർന്ന് പിന്തുണ പരിപാടികൾ സൗദി അറേബ്യ വികസിപ്പിക്കും. ഇതെല്ലാം ഒരു സമഗ്രമായ ആഗോള പ്രദർശനം നടത്താനുള്ള സൗദിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.