റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ 10 ദിവസം നീണ്ട റിയാദ് അന്താരാഷ്ട്ര പുസ്തകോത്സവം ശനിയാഴ്ച സമാപിച്ചു. വിവിധ രാജ്യങ്ങളിലെ മന്ത്രിമാരടക്കം നിരവധി പ്രഗല്ഭരാണ് സെപ്റ്റംബർ 28ന് കിങ് സഊദ് യൂനിവേഴ്സിറ്റി കാമ്പസിൽ നടന്ന പുസ്തകോത്സവത്തിൽ പങ്കെടുത്തത്.
32 രാജ്യങ്ങളിൽനിന്നുള്ള 1,800 പ്രസാധകരാണ് തങ്ങളുടെ ഏറ്റവും പുതിയ പുസ്തകങ്ങളുമായി കാമ്പസിൽ അരലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുങ്ങിയ മേളനഗരിയിൽ അണിനിരന്നത്.കഴിഞ്ഞ വർഷം കേരളത്തിൽ നിന്നടക്കം ഇന്ത്യയിൽനിന്ന് 11 പ്രസാധകർ പങ്കെടുത്തിരുന്നെങ്കിലും ഇത്തവണ ആരും എത്താതിരുന്നത് ഇന്ത്യൻ വായനക്കാരെ നിരാശരാക്കി. എന്നാലും മലയാളികളടക്കം നിരവധിയാളുകളാണ് പുസ്തകോത്സവം സന്ദർശിക്കാനെത്തിയത്.
സൗദി സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സൗദി സാഹിത്യ-പ്രസിദ്ധീകരണ-വിവർത്തന കമീഷെൻറ ആഭിമുഖ്യത്തിൽ ‘പ്രചോദിപ്പിക്കുന്ന ലക്ഷ്യസ്ഥാനം’ എന്ന മുദ്രാവാക്യത്തിൽ നടന്ന ഇത്തവണത്തെ ഉത്സവത്തിൽ ഒമാൻ ആയിരുന്നു അതിഥി രാജ്യം.
‘റിയാദ് റീഡ്സ് ഫ്രഞ്ച്’ പദ്ധതിയുടെ ഭാഗമായി 70 ഫ്രഞ്ച് പ്രസാധക സ്ഥാപനങ്ങളുടെ പങ്കാളിത്തവും പുസ്തകമേളയിൽ ശ്രദ്ധയാകർഷിച്ചിരുന്നു. ഈ വർഷത്തെ പുസ്തകമേളയിൽ 25ലധികം തരം അപൂർവ കൈയെഴുത്തു പ്രതികളുടെയും പുരാവസ്തുക്കളുടെയും പെയിൻറിങ്ങുകളുടെയും പ്രത്യേക പ്രദർശനങ്ങളുമുണ്ടായിരുന്നു.
10 ലക്ഷത്തിലധികം പുസ്തകപ്രേമികളാണ് 10 ദിവസത്തിനുള്ളിൽ പുസ്തകമേള സന്ദർശിച്ചത്.സാംസ്കാരിക പരിപാടികളുടെ വൈവിധ്യവും എല്ലാ പ്രായത്തിലുമുള്ള ആളുകളുടെയും അഭിരുചിക്കനുസരിച്ച് മേളയിൽ വിവിധ പരിപാടികളാണ് അരങ്ങേറിയത്. രാജ്യത്തെയും അറബ് ലോകത്തെയും പുസ്തകങ്ങളുടെ ഏറ്റവും വലിയ ഉത്സവമായാണ് പുസ്തകമേളയെ വയനക്കാർ ഉറ്റുനോക്കിയത്.
അറബ് ലോകത്തെ ഏറ്റവും വലിയ സാംസ്കാരിക പരിപാടിയിൽ, എക്സിബിഷൻ, ജീവചരിത്രം, ബാലസാഹിത്യം, കണ്ടൻറ് ക്രിയേഷൻ, ശാക്തീകരണം എന്നീ വിഷയങ്ങളിലുള്ള ആയിരക്കണക്കിന്ന് പുസ്തകളാണ് വിവിധ പ്രസാധകർ അവതരിപ്പിച്ചത്.
സൗദി അറേബ്യ, ഒമാൻ, അറബ് ലോകത്തെ വിവിധയിടങ്ങളിലെ ബുദ്ധിജീവികൾ, പ്രഗല്ഭരായ എഴുത്തുകാർ, ചിന്തകർ, വിമർശകർ, കലാരംഗത്തെ പ്രഗല്ഭർ എന്നിവരുടെ സാന്നിധ്യത്തിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകൾ, സാംസ്കാരിക സർഗാത്മകതയുടെ എല്ലാ മേഖലകളും ഉൾകൊള്ളിച്ചുള്ള സാംസ്കാരിക പരിപാടികളാണ് മേളക്കിടയിൽ വ്യത്യസ്ത ദിവസങ്ങളിൽ അരങ്ങേറിയത്.
കൂടാതെ പ്രഭാഷണങ്ങൾ, ശിൽപശാലകൾ എന്നിവയും പുസ്തകോത്സവത്തിെൻറ ദിനങ്ങളെ സമ്പന്നമാക്കി.200ലധികം സാംസ്കാരിക പരിപാടികളാണ് നടന്നത്. ചർച്ച സെഷനുകൾ, സെമിനാറുകൾ, കവിത സായാഹ്നങ്ങൾ, വിവിധ വൈജ്ഞാനിക ശിൽപശാലകൾ, നോവലിസ്റ്റുകളുടെയും എഴുത്തുകാരുടെയും സംവാദങ്ങൾ എന്നിവയാണ് ഇതിലേറെയും.
സംസ്കാരത്തിെൻറ എല്ലാ ഘടകങ്ങളും പ്രതിഫലിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ സൗദി, അന്തർദേശീയ നാടക പ്രകടനങ്ങൾ, സംഗീതകച്ചേരികൾ, വായനക്കാർക്കിടയിൽ സ്വാധീനമുള്ള ചിന്തകരെയും എഴുത്തുകാരെയും ഉൾപ്പെടുത്തിയുള്ള ബുക്ക് ടോക്ക് ഇവൻറുകൾ, തങ്ങളുടെ ഇഷ്ടയെഴുത്തുകാരുടെ കൈയൊപ്പോടെ അവരുടെ ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങൾ കരസ്ഥമാക്കാനുള്ള സൗകര്യം എന്നിവയും മേളയിലുണ്ടായിരുന്നു.
ഈ വർഷം ആദ്യമായി റിയാദ് പുസ്തകമേളയിൽ കുട്ടികൾക്കായി കവിത പാരായണ മത്സരവുമുണ്ടായിരുന്നു. ഇതോടനുബന്ധിച്ച് നടന്ന ഇൻറർനാഷനൽ പബ്ലിഷേഴ്സ് കോൺഫറൻസിൽ വിവിധ രാജ്യങ്ങളിലെ പ്രസാധകരുടെ പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്തു.
സൗദി സാംസ്കാരികമന്ത്രി അമീർ ബദർ ബിൻ അബ്ദുല്ലയും ഒമാൻ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് യസിൻ ബിൻ ഹൈതം ആൽ സഇൗദും പുസ്തകമേള സന്ദർശിച്ചിരുന്നു. ഒമാൻ പവിലിയൻ സന്ദർശിച്ച ഇരുമന്ത്രിമാരും പുസ്തകങ്ങൾ, കൈയെഴുത്തുപ്രതികൾ, ഒമാനി സംസ്കാരത്തിെൻറ പ്രതീകങ്ങൾ, ഒമാനി പ്രസിദ്ധീകരണശാലകൾ എന്നിവ വീക്ഷിച്ചു.
സാംസ്കാരിക സാമൂഹിക അറിവുകളുടെയും സാഹിത്യത്തിെൻറയും വിവിധ പ്രസിദ്ധീകരണങ്ങളും കൈയെഴുത്തുപ്രതികളും അപൂർവ ശേഖരങ്ങളുമായി പ്രദർശനത്തിൽ പെങ്കടുക്കുന്ന മറ്റ് പവിലിയനുകളും സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.