റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേള സെപ്റ്റംബർ 29ന് ആരംഭിക്കും. ഒക്ടോബർ എട്ടുവരെ നീണ്ടുനിൽക്കുന്ന മേളക്കുള്ള ഒരുക്കം സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന അതോറിറ്റിക്ക് കീഴിൽ പുരോഗമിക്കുകയാണ്. പ്രാദേശിക, അന്തർദേശീയ പ്രസാധകരെയും സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന മേഖലയിലുള്ളവരെയും ഒരുമിച്ച് കൊണ്ടുവരുന്ന സാംസ്കാരിക ജാലകം എന്ന നിലയിലാണ് മേള സംഘടിപ്പിക്കുന്നത്. കല, വായന, എഴുത്ത്, ആനുകാലിക പ്രസിദ്ധീകരണം, പുസ്തക പ്രസിദ്ധീകരണം, വിവർത്തനം എന്നീ മേഖലകളെ ഉൾക്കൊള്ളുന്ന നിരവധി സാംസ്കാരിക പരിപാടികൾ, സംഭാഷണ വേദികൾ, സംവേദനാത്മക പ്രഭാഷണങ്ങൾ, ശിൽപശാലകൾ എന്നിവ ഉൾപ്പെടുന്ന പരിപാടികളുമുണ്ടാകും. 10 ദിവസം നീളുന്ന മേളയിൽ എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 11വരെയാണ് സന്ദർശന സമയം.
റിയാദ് അന്താരാഷ്ട്ര പുസ്തകമേള സൗദി സാഹിത്യരംഗത്ത് അഗാധമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന അതോറിറ്റി സി.ഇ.ഒ ഡോ. മുഹമ്മദ് ഹസൻ അൽവാൻ പറഞ്ഞു. രാജ്യത്തിന്റെ സാഹിത്യം, സംസ്കാരം, ശാസ്ത്രം, കല എന്നിവയുടെ നവോത്ഥാനത്തിൽ പ്രധാന പങ്ക് അതിനുണ്ട്. സാംസ്കാരിക പാലമായി അതിനെ വിശേഷിപ്പിക്കുന്നു. ദേശീയ സാംസ്കാരിക പ്രസ്ഥാനത്തിന്റെ പ്രധാന സംഭാവനയാണെന്നും സി.ഇ.ഒ പറഞ്ഞു. മദീന പുസ്തക മേളക്ക് ശേഷമുള്ള ഈ വർഷത്തെ രണ്ടാമത്തെ മേളയായിരിക്കും റിയാദിൽ നടക്കാൻ പോകുന്നത്. വർഷാവസാനം ജിദ്ദയിൽ നടക്കുന്ന മൂന്നാമത്തെ പ്രദർശനത്തോടെ ഈ വർഷത്തെ പുസ്തക മേളകൾ സമാപിക്കും. രാജ്യത്തെ കൂടുതൽ നഗരങ്ങളിൽ പുസ്തകമേളകൾ സംഘടിപ്പിക്കാൻ അതോറിറ്റി ഉദ്ദേശിക്കുന്നതായും അതിനുള്ള പ്രവർത്തനം ആരംഭിച്ചതായും സി.ഇ.ഒ പറഞ്ഞു.
പ്രസിദ്ധീകരണ മേഖലയിലേക്കുള്ള ആഗോള കവാടമായി രാജ്യത്തെ മാറ്റുക, സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുക, സംസ്കാരത്തെ ഒരു ജീവിതരീതിയായി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പുസ്തകമേളയുടെ ലക്ഷ്യമെന്നും സി.ഇ.ഒ പറഞ്ഞു. അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷം നടന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേള വലിയ വിജയമായിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പുസ്തകമേളയായി ഇത് ചരിത്രത്തിലിടം നേടി. ഈ വർഷത്തെ പുസ്തകമേളയിൽ പങ്കെടുക്കുന്ന പ്രാദേശിക, അന്തർദേശീയ പ്രസിദ്ധീകരണ സ്ഥാപനങ്ങൾക്കുള്ള രജിസ്ട്രേഷൻ ജൂലൈ ഒന്ന് മുതൽ 20 വരെയായിരുന്നു. നൂറുകണക്കിന് അപേക്ഷകളാണ് ലഭിച്ചത്. പ്രദർശനത്തിന്റെ ഭാഗമായ സാംസ്കാരിക പരിപാടിയുടെ രൂപകൽപന പൂർത്തിയായി വരുന്നു. അതിന്റെ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും സി.ഇ.ഒ പറഞ്ഞു.
പുസ്തകമേളയിൽ ഇത്തവണ മലയാളത്തിൽനിന്ന് പ്രമുഖ പ്രസാധകരെല്ലാം പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞവർഷം ഡി.സി ബുക്സ് പങ്കെടുത്തിരുന്നു.
ഈ വർഷം ഹരിതം, ടി.ബി.എസ്, ഒലിവ് തുടങ്ങി നിരവധി പ്രസാധകർ കേരളത്തിൽനിന്ന് പങ്കെടുക്കും. അതിനുള്ള ഒരുക്കത്തിലാണ് പ്രസാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.