റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് ഉജ്ജ്വല തുടക്കം. കിങ് സഊദ് യൂനിവേഴ്സിറ്റി കാമ്പസിൽ ആരംഭിച്ച മേള സെപ്റ്റംബർ 26 മുതൽ ഒക്ടോബർ അഞ്ച് വരെ നീണ്ടുനിൽക്കും. രാജ്യത്തെയും ലോകത്തെയും സംസ്കാരം, സാഹിത്യം, ചിന്ത എന്നീ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ‘റിയാദ് വായിക്കുന്നു’ എന്ന തലക്കെട്ടിലാണ് റിയാദ് അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചിരിക്കുന്നത്.
പൊതുജനങ്ങൾ, മാതാപിതാക്കൾ, കുട്ടികൾ, യുവജനങ്ങൾ, വായനക്കാർ, പ്രസാധകർ എന്നിവരുടെ ശ്രദ്ധ ആകർഷിക്കാൻ പുസ്തകമേളയുടെ മുദ്രാവാക്യത്തെക്കുറിച്ച് സൗദി സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന അതോറിറ്റി വലിയ ബോധവൽക്കരണ കാമ്പയിനാണ് സംഘടിപ്പിച്ചത്.
റിയാദിലെ തെരുവുകളിലും കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും നിരവധി പരസ്യ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പുസ്തകവുമായി നിരവധി ആളുകളുടെ ചിത്രങ്ങൾ ബോർഡുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. 32ലധികം രാജ്യങ്ങളിൽനിന്നുള്ള 2000ലധികം പ്രസാധക സ്ഥാപനങ്ങളും ഏജൻസികളും ഈ വർഷത്തെ പുസ്തകമേളയിൽ പങ്കെടുക്കുന്നുണ്ട്. 800 പവലിയനുകളുണ്ട്. റിയാദ് അന്താരാഷ്ട്ര പുസ്തകമേളയുടെ മഹത്തായ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നതാണിത്.
സന്ദർശകർക്ക് സവിശേഷവും വൈവിധ്യപൂർണവുമായ അറിവും സാംസ്കാരിക അനുഭവവും നൽകുന്ന വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. നിരവധി സെമിനാറുകൾ, ഡയലോഗ് സെഷനുകൾ, പ്രഭാഷണങ്ങൾ, കവിത സായാഹ്നങ്ങൾ, കലാ-നാടക പ്രകടനങ്ങൾ, വിവിധ മേഖലകളിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ശിൽപശാലകൾ എന്നിങ്ങനെ എല്ലാ പ്രായക്കാർക്കും അനുയോജ്യമായ 200 ഇവന്റുകൾ ഇതിലുൾപ്പെടുന്നു. വെള്ളിയാഴ്ച ഒഴികെയുള്ള 10 ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 12 വരെയാണ് പൊതുജനങ്ങൾക്കുള്ള പ്രവേശനം. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ രാത്രി 12 വരെയാണ്.
ഖത്തറാണ് ഇത്തവണത്തെ അതിഥി രാജ്യം. ഖത്തറിന്റെ സാഹിത്യപരവും ബൗദ്ധികവുമായ നേട്ടങ്ങൾ, ആധികാരികമായ സാംസ്കാരിക പൈതൃകം എന്നിവ പ്രതിഫലിപ്പിക്കുന്ന വിവിധ പരിപാടികൾ മേളയിൽ അരങ്ങേറും. ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന്റെ കൈയെഴുത്തു പ്രതികളും പ്രസിദ്ധീകരണങ്ങളും പ്രദർശിപ്പിക്കും.
വൈവിധ്യവും സമ്പന്നവുമായ സാംസ്കാരിക പരിപാടികളിൽ ഖത്തരി സാംസ്കാരിക ചിഹ്നങ്ങൾ, ഖത്തരി പ്രതിഭകൾ, എഴുത്തുകാർ എന്നിവരുടെ പങ്കാളിത്തവുമുണ്ടാകും. അറബ്, ആഗോള തലങ്ങളിൽ സൗദിയുടെ സാംസ്കാരിക നേതൃത്വം വർധിപ്പിക്കുന്നതിന് ഭരണകൂടത്തിന്റെ കാഴ്ചപ്പാട്, നിർദേശങ്ങൾ, തീക്ഷ്ണത എന്നിവ വിവർത്തനം ചെയ്യുന്ന സംയോജിത പദ്ധതിക്കനുസരിച്ചാണ് ഞങ്ങൾ പ്രവർത്തിക്കുന്നതെന്ന് അതോറിറ്റി സി.ഇ.ഒ ഡോ. മുഹമ്മദ് ഹസൻ അൽവാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.