റിയാദ്: പ്രവാസികൾക്ക് വേണ്ടി നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുന്ന 'മാധ്യമം' ദിനപത്രത്തെ പൂട്ടിക്കാൻ ശ്രമം നടത്തിയ കെ.ടി. ജലീൽ എന്ന മുൻ മന്ത്രി രാജ്യത്തിന് അപമാനമാണെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രവാസികളുടെ വിഷയങ്ങൾക്ക് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് അതിനൊക്കെ പരിഹാരം കാണുന്നതിന് കഴിഞ്ഞ കാലങ്ങളിൽ മാധ്യമവും ഗൾഫ് മാധ്യമവും നടത്തിയ ശ്രമങ്ങളെ ഒരു പ്രവാസിക്കും മറക്കാൻ സാധിക്കില്ല.
കോവിഡ് കാലഘട്ടത്തിൽ പ്രവാസികൾ പ്രവാസലോകത്ത് അനുഭവിച്ചു കൊണ്ടിരുന്ന വിഷമങ്ങൾ നിരന്തരം അധികൃതരുടെ ശ്രദ്ധയിൽകൊണ്ടുവരുകയും അതിനുവേണ്ടി ശ്രമിക്കുകയും ചെയ്ത പത്രമാണ്.
അത്തരമൊരു പത്രത്തിനെതിരെ മറ്റൊരു രാജ്യത്തെ ഭരണാധികാരികൾക്ക് ഒരു അടിസ്ഥാനവുമില്ലാതെ പരാതി കൊടുക്കുകയും പത്രസ്ഥാപനം പൂട്ടിക്കണം എന്നാവശ്യപ്പെടുകയും ചെയ്ത മുൻ മന്ത്രി നമ്മുടെ രാജ്യത്തിനെതിരെയാണ് പ്രവർത്തിച്ചിരിക്കുന്നത്. ഗൾഫ് രാജ്യത്ത് പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിനെതിരെ നമ്മുടെ സംസ്ഥാനത്തെ ഒരു മന്ത്രി ആ രാജ്യത്തെ ഭരണാധികാരികൾക്ക് പരാതി കൊടുത്ത് നടപടിയെടുപ്പിക്കാനുള്ള ഹീനശ്രമം അങ്ങേയറ്റം അപലപനീയമാണ്. പ്രത്യേകിച്ചും ഗൾഫ് നാടുകളിലെ കർശന നിയമങ്ങളെ കുറിച്ച് ഒരു ബോധവുമില്ലാത്തയാളാണോ ഈ മുൻ മന്ത്രി.
ഭരിക്കുന്ന പാർട്ടിയിൽ ഒരു മന്ത്രി മറ്റൊരു രാജ്യത്തെ ഭരണാധികാരികളോട് സ്വന്തം നാട്ടുകാർക്കെതിരെ പരാതി കൊടുക്കുന്നു എന്നുവെച്ചാൽ അത് എത്രത്തോളം ഗൗരവമുള്ള കാര്യമാണെന്ന് ചിന്തിക്കാനുള്ള ബുദ്ധിപോലും ഈ മന്ത്രിക്ക് ഇല്ലാതെ പോയത് മലയാളികളായ എല്ലാവർക്കും അപമാനകരമാണ്.
സ്വർണ കള്ളക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ഉയർത്തിയ ആരോപണങ്ങൾ സ്വതന്ത്രമായൊരു ഏജൻസിയെ കൊണ്ട് അന്വേഷിപ്പിച്ച് സത്യം വെളിച്ചത്തു കൊണ്ടുവരണം. ഈ മുൻ മന്ത്രിയുടെ പങ്ക് വെളിച്ചത്തു കൊണ്ടു വരാൻ സർക്കാർ തയാറാകണമെന്ന് ഒ.ഐ.സി.സി ആവശ്യപ്പെട്ടു. ഇതുപോലെയുള്ള ആളുകളെയൊക്കെ ജനപ്രതിനിധിയായി തെരഞ്ഞെടുത്ത തവനൂരിലെ ജനങ്ങൾക്ക് പറ്റിയ ഒരു വലിയ തെറ്റാണ് ഈ മുൻ മന്ത്രിയെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു.
ബുറൈദ: കോവിഡ് സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ മലയാളികൾക്ക് വേണ്ടി ഇടപെടൽ നടത്തിയ മാധ്യമം ദിനപത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യു.എ.ഇ അധികൃതർക്ക് പരാതി നൽകിയ മുൻമന്ത്രി കെ.ടി. ജലീൽ പ്രവാസി സമൂഹത്തോട് കടുത്ത വഞ്ചനയാണ് കാട്ടിയതെന്ന് ഒ.ഐ.സി.സി അൽഖസീം മേഖല കമ്മിറ്റി അഭിപ്രായപ്പെട്ടു. കളവ് പറഞ്ഞ് യു.എ.ഇ ഭരണകൂടത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ജലീൽ മന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് സ്വന്തം നാട്ടിലെ ജനങ്ങളെയും അവരുടെ ആവശ്യം പ്രതിഫലിപ്പിച്ച മാധ്യമത്തെയും ഒറ്റുകൊടുക്കുന്ന പ്രവൃത്തിയാണ് ചെയ്തത്. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി സംസാരിക്കാറുള്ള മുഖ്യമന്ത്രി പിണറായി വിജയന് അക്കാര്യത്തിൽ ആത്മാർഥതയുണ്ടെങ്കിൽ തന്റെ കഴിഞ്ഞ മന്ത്രിസഭയിലെ അംഗം ചെയ്ത പ്രവൃത്തിയെ തള്ളിപ്പറയാൻ തയാറാകണമെന്ന് ഭാരവാഹികളായ സക്കീർ പത്തറ, പ്രമോദ് കുര്യൻ കോട്ടയം, ആദം അലി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.