റിയാദ്: ഖത്തറിലെ ആവേശകരമായ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിന് ശേഷം ആരാധകരുടെ കണ്ണുകൾ റിയാദിലേക്ക് തിരിയുന്നു. ഫുട്ബാൾ പ്രേമികൾ കാത്തിരുന്ന സൂപ്പർ പോരാട്ടമായ പി.എസ്.ജി ക്ലബും ഹിലാൽ-അൽ നസ്ർ ക്ലബുകളുടെ സംയുക്ത ടീമായ സൗദി ആള് സ്റ്റാർ ഇലവനും തമ്മിലുള്ള സൗഹൃദമത്സരമായ റിയാദ് സീസൺ കപ്പ് ടൂർണമെൻറ് വ്യാഴാഴ്ച നടക്കും. റിയാദ് സീസൺ ആഘോഷങ്ങളുടെ ഭാഗമായി സൗദി ജനറൽ എൻറർടെയിൻമെൻറ് അതോറിറ്റി സംഘടിപ്പിച്ച ടൂർണമെൻറ് ‘സ്റ്റേഡിയങ്ങളുടെ മുത്ത്’ എന്നറിയപ്പെടുന്ന റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച രാത്രി എട്ടിനാണ് നടക്കുക. ലോക ഫുട്ബാളിലെ നിലവിലെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, എംബാപ്പെ, നെയ്മർ തുടങ്ങിയ താരങ്ങൾ പി.എസ്.ജി ക്ലബിനും ക്രിസ്റ്റ്യാനോ റൊണാൾഡോയും സൗദി ദേശീയ ടീമിൽ നിന്നടക്കമുള്ള മികച്ച കളിക്കാരും ഹിലാൽ-നസ്ർ സംയുക്ത ടീമിനും വേണ്ടി ബൂട്ടണിയും. 2020 ഡിസംബറിലാണ് മെസ്സിയും ക്രിസ്റ്റ്യാനോയും അവസാനം ഏറ്റുമുട്ടിയത്. അന്ന് ക്രിസ്റ്റ്യാനോയുടെ യുവൻറസ്, മെസ്സി നയിച്ച ബാഴ്സലോണയെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.
അൽ നസ്ർ ക്ലബുമായി കരാറിലേർപ്പെട്ട് സൗദിയിലെത്തിയതിന് ശേഷം റൊണാൾഡോ ആദ്യമായി ഇറങ്ങുന്ന ടൂർണമെൻറ് എന്ന പ്രത്യേകത കൂടി ഈ കളിക്കുണ്ട്. 68,752 ഇരിപ്പിടങ്ങളുള്ള കിങ് ഫഹദ് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെൻറ് വീക്ഷിക്കാൻ 170 രാജ്യങ്ങളില്‍നിന്ന് 20 ലക്ഷം പേരാണ് ടിക്കറ്റ് അന്വേഷിച്ചത്. സ്റ്റേഡിയത്തിൽ കാണികൾക്ക് രസകരമായ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുന്ന വിനോദപരിപാടികൾ, ലൈറ്റ് ഷോകൾ, കരിമരുന്ന് പ്രയോഗങ്ങൾ എന്നിവ ഉണ്ടായിരിക്കും. ഖത്തർ ആസ്ഥാനമായ ബീൻ സ്പോർട്സ് കളി തത്സമയം സംപ്രേഷണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.