റിയാദ്: സൗദി തലസ്ഥാനനഗരം വേദിയാകുന്ന റിയാദ് സീസൺ ആഘോഷത്തിന്റെ അഞ്ചാമത് പതിപ്പ് ഒക്ടോബർ 12ന് തുടങ്ങും. പുതിയ 21 ഇവന്റുകൾ, 14 വിനോദ മേഖലകൾ, 11 ലോക ചാമ്പ്യൻഷിപ്പുകൾ, 10 ഫെസ്റ്റിവലുകളും എക്സിബിഷനുകളും ഇത്തവണയുണ്ടാകുമെന്ന് പൊതുവിനോദ അതോറിറ്റി മേധാവി തുർക്കി ആലുശൈഖ് പറഞ്ഞു. സീസണിന്റെ ഭാഗമായ ആഫ്രിക്കൻ സൂപ്പർ കപ്പ് ഫുട്ബാൾ മത്സരം സെപ്റ്റംബർ 21ന് തുടങ്ങും. 72 ലക്ഷം ചതുരശ്ര മീറ്റർ ചുറ്റളവിലാണ് റിയാദ് സീസൺ വേദികളുയരുക.
റിയാദ് സീസൺ വേദികളും പരിപാടികളും ഒരുക്കുന്നതിനായി ബന്ധപ്പെട്ട മേഖലകളിലുള്ള കമ്പനികളും വ്യക്തികളുമായി പൊതുവിനോദ അതോറിറ്റി 4,200 കരാറുകൾ ഒപ്പിട്ടു. 2,100 കമ്പനികളുമായാണ് കരാറുകളുണ്ടായിട്ടുള്ളത്. ഇതിൽ 95 ശതമാനവും പ്രാദേശിക കമ്പനികളാണെന്നും ആലുശൈഖ് പറഞ്ഞു. റിയാദ് സീസണിലെ ഒരു സുപ്രധാന വേദിയാണ് ‘ദി വെന്യു’ഏരിയ. 9,425 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് ഈ ഏരിയ ഒരുങ്ങുന്നത്. ഏകദേശം 8,000 ആളുകളെ ഈ ഏരിയക്കുള്ളിൽ ഉൾക്കൊള്ളാൻ കഴിയും. ഈ ഏരിയയിൽ ഏഴ് ഇവന്റുകളാണ് അരങ്ങേറുക. വളരെ അത്ഭുതകരവും വ്യത്യസ്തവുമായ ഒരു ഏരിയ ആയിരിക്കുമിത്.
ടെന്നിസ് സീസൺ കപ്പ് ടൂർണമെന്റും ഇത്തവണ റിയാദ് സീസൺ പരിപാടികളിൽ ഉൾപ്പെടും. അഞ്ചാം പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഇവന്റുകളിൽ ഒന്നാണിതെന്നും ആലുശൈഖ് പറഞ്ഞു. 70 ശതമാനം പരിപാടികളും അരങ്ങേറുന്നത് ബൊളിവാഡ് സിറ്റി ഏരിയയിലാണ്. സൗദി എയർലൈൻസിന്റെ പഴയതും ഉപയോഗശൂന്യവുമായ വിമാനങ്ങൾ അണിനിരത്തിയ ‘ബോളിവാഡ് റൺവേ’എന്ന പുതിയ വിനോദ മേഖല ഇത്തവണ തുറക്കും. ഇങ്ങനെ മൂന്ന് റൺവേ ഏരിയകളാണ് ഉണ്ടാവുക. ആകെ 1,40,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഈ ഏരിയ ഒരുങ്ങുക. 9,000 സന്ദർകരെ ഇവിടെ ഉൾക്കൊള്ളാൻ കഴിയുമെന്നും ആലുശൈഖ് വിശദീകരിച്ചു.
40 ശതമാനം ഉൾക്കൊള്ളൽ ശേഷി വർധനയോടെ ‘കിങ്ഡം അരീന’ഏരിയ വിപുലീകരിക്കും. 27,000 സന്ദർശകരെ ഉൾക്കൊള്ളാൻ കഴിയുന്ന രണ്ട് ലക്ഷം ചതുരശ്ര മീറ്ററിൽ കൂടുതലുള്ള പ്രദേശത്ത് നാല് അന്താരാഷ്ട്ര സ്പോർട്സ് ചാമ്പ്യൻഷിപ്പുകൾ നടക്കും. റിയാദ് സീസൺ പ്രവർത്തനങ്ങളുടെ ഭാഗമായി 12 ഗൾഫ്, അറബ്, അന്തർദേശീയ നാടകങ്ങൾക്ക് വേദിയൊരുങ്ങും. ‘വയാ റിയാദ്’പ്രദേശം പൂർണമായും എയർകണ്ടീഷൻ ചെയ്യപ്പെടും. ഇത് വേനൽ ചൂട് കുറക്കാൻ സഹായിക്കും. സന്ദർശകർക്ക് സുഖപ്രദമായ അനുഭവം നൽകുമെന്നും ആലുശൈഖ് പറഞ്ഞു.
40 പുതിയ ആക്ടിവിറ്റികളും അനുഭവങ്ങളും അവതരിപ്പിക്കുന്ന ബൊളിവാഡ് സിറ്റിയുടെ 70 ശതമാനം പ്രവർത്തനങ്ങളും പുതിയതായിരിക്കും. ഹാസ്യനടൻ മാർട്ടിൻ ലോറൻസിന്റെ പ്രകടനത്തിന് പുറമേ ‘ഹാരി പോട്ടർ’, ‘ഹാഫ്-ലൈഫ്’ഇവന്റുകൾ ഏറ്റവും ശ്രദ്ധേയമാകും.
ബൊളിവാഡ് വേൾഡ് അഞ്ച് പുതിയ മേഖലകളെ ഉൾപ്പെടുത്തി വിപുലീകരിക്കും. ഇതൊടെ മൊത്തം മേഖലകൾ 19 ആയി ഉയരും. മിഡിൽ ഈസ്റ്റിൽ ആദ്യമായി ഏറ്റവും സ്വാധീനമുള്ള മാർക്കറ്റിങ് അവാർഡ് ഫെസ്റ്റിവലിനും റിയാദ് സീസൺ ആതിഥേയത്വം വഹിക്കും. പങ്കെടുക്കുന്നവരുടെ എല്ലാ വിഭാഗം ആളുകളുടെയും താൽപ്പര്യം നിറവേറ്റുന്ന 21 പുതിയ ഇവന്റുകളും അരങ്ങേറുമെന്നും ആലുശൈഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.