റിയാദ്: റിയാദ് സീസണിലെ ഏറെ പ്രശസ്തമായ പ്രമുഖ ആഘോഷവേദികളിലൊന്നായ ‘വണ്ടർ ഗാർഡൻ’ സന്ദർശകർക്കായി തുറന്നു. പുതുതായി നിരവധി ഗെയിം ആക്ടിവിറ്റികളും കാഴ്ചകളും ഉൾപ്പെടുത്തി ഏതു പ്രായക്കാർക്കും ഉല്ലാസദായക രീതിയിൽ നവീകരിച്ച ശേഷമാണ് ഗാർഡൻ വാതിൽ വീണ്ടും തുറന്നത്.
നാല് വിഭിന്ന മേഖലകളായി വണ്ടർ ഗാർഡനെ വകതിരിച്ചിട്ടുണ്ട്. ‘ഫ്ലോറ’ ഏരിയയാണ് ഒന്ന്. പൂക്കളും നിറങ്ങളും നിറഞ്ഞ കലാ ശിൽപങ്ങൾ ഒരുക്കി നയനമനോഹരമാക്കിയ ഇവിടം ഏത് പ്രായക്കാരെയും ആകർഷിക്കും. ‘ബട്ടർഫ്ലൈ ഹൗസ്’ ആണ് മറ്റൊന്ന്. ചിത്രശലഭങ്ങൾ പാറിക്കളിക്കുന്ന ഈ ബട്ടർഫ്ലൈ ഗാർഡനിൽ വിവിധ ഇനങ്ങളിൽപെട്ട ആയിരത്തിലധികം ചിത്രശലഭങ്ങളാണ് നിറഞ്ഞിരിക്കുന്നത്. ‘ജംഗിൾ അഡ്വഞ്ചർ’ ഏരിയയാണ് മൂന്നാമത്തേത്.
മരങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ പ്രകൃതിവന്യത ശരിക്കും ഒരു നിബിഡ വനത്തിലെത്തിയ പ്രതീതി സന്ദർശകർക്ക് സമ്മാനിക്കുന്നു. ‘ഡാർക്ക് ഗാർഡൻ’ വണ്ടർ ഗാർഡൻ എന്ന ഫാന്റസി കഥാപാത്രത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട നിരവധി മൊബൈൽ ഷോകൾ, വിനോദ സംഗീത പ്രകടനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഏരിയയാണ്.
കുടുംബാംഗങ്ങൾക്ക് അനുയോജ്യമായ സംവേദനാത്മക തിയറ്റർ ഷോകളുമുണ്ട്. ആഴ്ചയിൽ ഏഴു ദിവസവും വൈകീട്ട് നാല് മുതൽ പുലർച്ചെ 12 വരെ വണ്ടർ ഗാർഡനിൽ സന്ദർകരെ അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.