ജിദ്ദ: ‘റിയാദ് ബഹിരാകാശ പ്രദർശനം’ ഞായറാഴ്ച ആരംഭിക്കും. വിദ്യാഭ്യാസ മന്ത്രാലയം, സൗദി സ്‌പേസ് അതോറിറ്റി, കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, കിങ് സൽമാൻ സയൻസ് ഒയാസിസ് എന്നിവയുമായി സഹകരിച്ച് റിയാദ് സിറ്റി റോയൽ കമീഷനാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
‘മനുഷ്യനും ബഹിരാകാശവും’എന്ന തലക്കെട്ടിൽ കിങ് സൽമാൻ സയൻസ് ഒയാസിസ് ആസ്ഥാനത്ത് നടക്കുന്ന പ്രദർശനം ഫെബ്രുവരി 20 വരെ നീണ്ടുനിൽക്കും.
മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെ ചിത്രീകരിച്ചുകൊണ്ട് എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കും ബഹിരാകാശ ശാസ്ത്രത്തെയും അതിന്റെ കണ്ടെത്തലുകളെയും കുറിച്ച് നേരിട്ട് പഠിക്കാൻ പ്രാപ്തമാക്കുന്ന വിദ്യാഭ്യാസപരവും സംവേദനാത്മകവുമായ അനുഭവങ്ങൾ പ്രദർശനം അവതരിപ്പിക്കും.
തത്സമയ അനുഭവങ്ങളുടെ പ്രദർശനങ്ങൾക്കായി എട്ട് സ്റ്റേഷനുകൾ പ്രദർശനത്തിലുണ്ടാകും. ജ്യോതിശാസ്ത്രം, പ്രപഞ്ചശാസ്ത്രം, പ്രപഞ്ചത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള നിരവധി ആധുനിക ശാസ്ത്ര സിദ്ധാന്തങ്ങൾ എന്നിവയുടെ വികസനം പര്യവേക്ഷണം ചെയ്യുന്നതിനുള്ള വിവരങ്ങളും സസ്പെൻസും നിറഞ്ഞതായിരിക്കും ഈ സ്റ്റേഷനുകൾ.
റിയാദ് ബഹിരാകാശ പ്രദർശനം സന്ദർശകരുടെ ശാസ്ത്രീയവും സാംസ്കാരികവുമായ ജീവിതത്തെ സമ്പന്നമാക്കുമെന്ന് റിയാദ് സിറ്റി റോയൽ കമീഷൻ ലൈഫ് സ്‌റ്റൈൽ സെക്ടർ സൂപ്പർവൈസർ എൻജി. ഖാലിദ് ബിൻ അബ്ദുല്ല അൽ ഹസാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.