റിയാദ്: നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് റിയാദ് നവോദയ പ്രവർത്തകർ മധുരം വിതരണം ചെയ്തു. ബത്ഹ കേന്ദ്രീകരിച്ചുള്ള ആഘോഷത്തിൽ ചുവന്ന നിറത്തിലുള്ള ലഡുവും പായസവുമായിരുന്നു വിഭവങ്ങൾ. നവോദയ ഭാരവാഹികളായ രവീന്ദ്രൻ പയ്യന്നൂർ, ബാലകൃഷ്ണൻ, ബാബുജി, വിക്രമലാൽ, ജയാജിത്, സഹീർ, കലാം, ഷാജു പത്തനാപുരം, പൂക്കോയ തങ്ങൾ, സജീവ്, കുമ്മിൾ സുധീർ എന്നിവർ നേതൃത്വം നൽകി.
ചരിത്ര വിജയം നല്ല ഭരണത്തിന് ജനം നൽകിയ സമ്മാനം –നവയുഗം
ദമ്മാം: ആപത്തുകാലത്ത് കൂടെനിൽക്കുകയും ജനക്ഷേമത്തിന് മുൻഗണന നൽകി നല്ല ഭരണം കാഴ്ചവെക്കുകയും ചെയ്തതിന് കേരളത്തിലെ ജനങ്ങൾ നൽകിയ സമ്മാനമാണ് ഇടതു മുന്നണിയുടെ ചരിത്ര വിജയമെന്ന് നവയുഗം സാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു. ജാതിമത സംഘടന നേതാക്കളെ സ്വാധീനിച്ച് പിന്തുണ തേടിയും ശബരിമലയെ മുൻനിർത്തി വർഗീയ പ്രചാരണം നടത്തിയും സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ എതിർത്തും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ആരോപണങ്ങൾ അഴിച്ചുവിട്ടും പ്രതിപക്ഷ കക്ഷികളും സംഘ്പരിവാറും നടത്തിയ ആക്രമണങ്ങളെ അതിജീവിച്ചാണ് ഇടതുമുന്നണി വൻ വിജയം നേടിയത്.
അഞ്ചു കൊല്ലം കൂടുമ്പോൾ ഭരണം മാറുന്ന കേരളത്തിെൻറ ശീലം അവസാനിപ്പിച്ച്, ജനങ്ങൾക്കുവേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്നവർക്ക് തുടർഭരണം നൽകാൻ തങ്ങൾക്ക് മടിയില്ല എന്ന് കേരളജനത വിധിയെഴുതി. പിണറായി വിജയെൻറ നേതൃത്വത്തിലുഉള്ള ഇടതുപക്ഷ സർക്കാറിെൻറ തുടർഭരണമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ജനങ്ങൾ ഉറപ്പിച്ചുപറഞ്ഞു. വിജയിച്ച എല്ലാ സ്ഥാനാർഥികളെയും അഭിനന്ദിക്കുന്നതായും മികച്ച ജനവിധി എഴുതിയ പ്രബുദ്ധകേരളത്തിലെ വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നതായും നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ബെൻസി മോഹനും ആക്ടിങ് സെക്രട്ടറി ദാസൻ രാഘവനും പറഞ്ഞു.
ജനപക്ഷ വികസനത്തിന് അംഗീകാരം –ഇടതുപക്ഷം റിയാദ്
റിയാദ്: ഇടതുമുന്നണിയുടെ തുടർഭരണത്തിന് പിന്തുണ നൽകിയ ജനങ്ങളെ റിയാദ് ഇടതുപക്ഷം അഭിവാദ്യം ചെയ്തു. യുഡിഎഫ് - ബിജെപി - മാധ്യമ കൂട്ടുകെട്ടുകൾ ഒരുക്കിയ നുണകളുടെ വന്മലകളെ ജനങ്ങൾ ഇടിച്ചുനിരത്തുകയും ജനപക്ഷ വികസനം നടത്തിയ സർക്കാറിനെ അവർ ഹൃദയത്തിലേറ്റുകയും ചെയ്തുവെന്നതാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠമെന്ന് അവർ പറഞ്ഞു. പ്രവാസികൾക്കുവേണ്ടി വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയ സർക്കാറിന് പ്രവാസി കുടുംബങ്ങളും വലിയ പിന്തുണയാണ് നൽകിയത്. ഒരു മുന്നണി എന്ന നിലയിലുള്ള കൂട്ടായ, ഒരുമയോടുള്ള പ്രവർത്തനവും ഇടതുപക്ഷ വിജയത്തിന് മുതൽക്കൂട്ടായതായി റിയാദ് ഇടതുപക്ഷം വിലയിരുത്തി. റിയാദിലെ വിവിധ ഇടതുപക്ഷ സംഘടനകളുടെയും പ്രവർത്തകരുടെയും പൊതുവേദിയാണ് റിയാദ് ഇടതുപക്ഷം.
തെരഞ്ഞെടുപ്പ് വിജയത്തിൽ നന്ദിയർപ്പിച്ച് ഖസീം പ്രവാസി സംഘം
ബുറൈദ: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് കേരള ജനത നൽകിയ ഐതിഹാസിക വിജയത്തിൽ ഖസീം പ്രവാസി സംഘം നന്ദി പ്രകടിപ്പിച്ചു. ഈ വിജയത്തിലൂടെ 40 വർഷത്തിന് ശേഷം കേരളത്തില്‍ തുടര്‍ഭരണം വരുകയാണ്. രാഷ്ട്രീയ പ്രതിയോഗികളുടെ കുപ്രചാരണങ്ങളെയാകെ തള്ളിക്കളഞ്ഞാണ് ഇടതുപക്ഷത്തിന് ഇത്രയും വലിയ വിജയം കേരളം സമ്മാനിച്ചത്. ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷതയും അട്ടിമറിക്കാന്‍ സംഘ്പരിവാർ നടത്തുന്ന ഗൂഢശ്രമങ്ങള്ക്കെതിരായി പൊരുതുന്ന ജനതക്ക് ഈ വിജയം ഊർജം പകരും. മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടർച്ചയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ഈ വിജയം വ്യക്തമാക്കുന്നുവെന്ന് സംഘടനയുടെ വാർത്തകുറിപ്പിൽ പറഞ്ഞു.
നവോദയ യാംബു മധുരവിതരണം നടത്തി
യാംബു: ഇടതു മുന്നണിയുടെ മിന്നുന്ന വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി പ്രവർത്തകർ മധുരം വിതരണം ചെയ്തു. യാംബു ഏരിയ കമ്മിറ്റി രക്ഷാധികാരി ഗോപി മന്ത്രവാദി, ഏരിയ കമ്മിറ്റി ട്രഷറർ സിബിൽ ബേബി എന്നിവർ ആഘോഷ ചടങ്ങിൽ സംസാരിച്ചു. പ്രവാസ ലോകത്തെ ഇടതു പ്രവർത്തകർ സമൂഹ മാധ്യമങ്ങൾ വഴിയും ഫോൺ വഴിയും നാട്ടിലുള്ളവരുമായി സമ്പർക്കവും പ്രചാരണവും നടത്തി ഈ വിജയത്തിൽ തങ്ങളാലാവും വിധം പ്രവർത്തിച്ചതായി ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.