ഹജ്ജിനിടെ മരിച്ച ഉപ്പയുടെ ഖബറിനരികെ മക്കയിൽ മകൻ റിയാസിനും അന്ത്യവിശ്രമം

മക്ക: ഇക്കഴിഞ്ഞ വ്യാഴാഴ്ച ത്വാഇഫിൽ നിന്നും 200 കിലോമീറ്റർ അകലെ റിദ് വാനിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് റിയാസിന്റെ മൃതദേഹം മക്കയിൽ ഖബറടക്കി. ഇക്കഴിഞ്ഞ ഹജ്ജ് കർമത്തിനിടെ മിനയിൽ വെച്ച് കാണാതാവുകയും ശേഷം മരിച്ചെന്ന് കണ്ടെത്തുകയും ചെയ്ത ഇദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് മാസ്റ്ററുടെ ഖബറിനടുത്തായി ജന്നത്തുൽ മഹല്ല മഖ്‌ബറയിൽ തന്നെയാണ് കുടുംബത്തിന്റെ ആഗ്രഹപ്രകാരം റിയാസിന്റെയും മൃതദേഹം ഖബറടക്കിയത്.

പിതാവിന്റെ ഖബറടക്കത്തിനായി കുവൈത്തിൽനിന്ന് കുടുംബസമേതം എത്തിയതായിരുന്നു മക്കളായ റിയാസും സഹോദരൻ സൽമാനും. ആഗസ്റ്റ് ഏഴിന് ബുധനാഴ്ച ഉപ്പയുടെ മൃതദേഹം മക്കയിൽ ഖബറടക്കിയതിന് ശേഷം റിയാസും കുടുംബവും മക്കയിൽ നിന്നും കാറിൽ കുവൈത്തിലേക്ക് മടങ്ങുമ്പോഴാണ് വ്യാഴാഴ്ച റിദ് വാനിൽ വെച്ച് അപകടത്തിൽപെട്ടത്.

കൂടെയുണ്ടായിരുന്ന ഭാര്യക്കും മൂന്ന് കുട്ടികൾക്കും അപകടത്തിൽ നിസാര പരിക്കേറ്റിരുന്നു. സഹോദരൻ സൽമാനും കുടുംബവും വിമാനമാർഗം കുവൈത്തിലേക്ക് മടങ്ങാനിരിക്കെയായിരുന്നു സഹോദരന്റെയും കുടുംബത്തിന്റെയും അപകടം. റിദ് വാനിലെ അൽമോയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന റിയാസിന്റെ മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെയാണ് മക്കയിൽ ഖബറടക്കിയത്.

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയതായിരുന്നു മണ്ണിൽകടവത്ത് മുഹമ്മദ്. കർമങ്ങൾക്കിടെ ജൂൺ 15ന് ശനിയാഴ്ച ബലിപെരുന്നാൾ ദിവസം മുതലാണ് മിനയിൽ വെച്ച് ഇദ്ദേഹത്തെ കാണാതായത്. തുടർന്ന് ആഴ്ചകളോളം മിനയിലെ ആശുപത്രികളിലും മറ്റ് സ്ഥലങ്ങളിലും സാമൂഹിക പ്രവർത്തകരും ബന്ധുക്കളും വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.

ഉപ്പയെ തിരയുന്നതിനായി മക്കളായ റിയാസും സൽമാനും കുവൈത്തിൽ നിന്നും ഇടക്ക് മക്കയിൽ വന്നു തിരിച്ചുപോയിരുന്നു. പിന്നീട് ഇദ്ദേഹം മരിച്ചതായി ഇന്ത്യൻ എംബസി മുഖേന നാട്ടിലെ ബന്ധുക്കൾക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് ഇരുവരും വീണ്ടും മക്കയിലെത്തിയത്. എന്നാൽ ഉപ്പക്ക് പിന്നാലെ റിയാസിനെയും മരണം പിടികൂടുകയായിരുന്നു.

Tags:    
News Summary - Riyas burial near father's qabr in makkah who died during Hajj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.