ജിദ്ദ: മക്ക ഹറമിൽ ഇനി സംസം വിതരണത്തിന് റോബോട്ടും. ഇരു ഹറമുകളിലെയും സേവനങ്ങൾ സാങ്കേതിക വിദ്യയുടെയും നിർമിതബുദ്ധിയുടെയും വികസനത്തിന്റെ വെളിച്ചത്തിലാണ് സംസം വിതരണത്തിന് ഇരുഹറം കാര്യാലയം റോബോട്ട് വികസിപ്പിച്ചെടുത്തത്. 'ഡിജിറ്റൽ ലോകത്ത് എങ്ങനെ റോൾ മോഡൽ ആകാം' എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ സംവിധാനം സ്ഥാപിച്ചത്. മനുഷ്യ ഇടപെടലില്ലാതെ സംസം വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്യുന്നതിനാണ് സ്മാർട്ട് റോബോട്ട് സാങ്കേതികവിദ്യ ഒരുക്കിയതെന്ന് ഇരുഹറം കാര്യാലയ സംസം വാട്ടർ വകുപ്പ് അണ്ടർ സെക്രട്ടറി ബദർ അൽലുഖ്മാനി പറഞ്ഞു. സംസം വാട്ടർ ബോട്ടിലുകൾ വിതരണംചെയ്യുന്നതിലും മുൻകരുതൽ നടപടികൾ പ്രയോഗിക്കുന്നതിലും ഹറമിലെത്തുന്ന തീർഥാടകർക്ക് സേവനം നൽകുന്നതിലും നിർമിത ബുദ്ധി ഉപയോഗിക്കുന്നതിന്റെ ഭാഗമാണിത്. റോബോട്ട് 10 മിനിറ്റിനുള്ളിൽ 30 ബോട്ടിലുകൾ വിതരണം ചെയ്യും.
എട്ടു മണിക്കൂറാണ് റോബോട്ട് പ്രവർത്തിക്കുക. ഒരു കുപ്പി സംസംവെള്ളം എടുക്കാൻ 20 സെക്കൻഡ് സാവകാശമുണ്ടാകും. വെള്ളമെടുക്കുന്നിടത്ത് ആളുകൾക്ക് തിരക്കുകൂട്ടുകയോ കൂട്ടിയിടിക്കുകയോ ചെയ്യേണ്ടിവരില്ല. അവരുടെ ചലനം തടസ്സപ്പെടുകയുമില്ല. പേറ്റൻറും യൂറോപ്യൻ സി.എസ് സർട്ടിഫിക്കറ്റും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ റോബോട്ടിന് ലഭിച്ചിട്ടുണ്ടെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. ഹറമിന്റെ മുഴുവൻ ഭാഗങ്ങളിലും കൂടുതൽ റോബോട്ടുകളെ പ്രവർത്തിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. തീർഥാടകർക്കും സന്ദർശകർക്കും സുരക്ഷയുടെയും ഗുണനിലവാരത്തിന്റെയും ഉയർന്ന നിലവാരം നൽകാൻ ശ്രമിക്കുന്നുണ്ട്. സംസം ദൈനംദിന സാമ്പിളുകൾ എടുത്ത് ലബോറട്ടറികളിൽ പരിശോധിച്ച് സുരക്ഷയും ഉയർന്ന നിലവാരവും ഉറപ്പുവരുത്തുന്നുണ്ട്. കൂടാതെ, വിതരണത്തിനു മുമ്പ് ബോട്ടിലുകളും പരിശോധിച്ച് സുരക്ഷയും മാലിന്യങ്ങളിൽനിന്നും രോഗാണുക്കളിൽ നിന്നും മുക്തമാണെന്നും ഉറപ്പാക്കുന്നുണ്ട്. തീർഥാടകരെ സേവിക്കുന്നതിനായി സാങ്കേതികവിദ്യയുടെ ലോകത്തിലെ പുതിയതെല്ലാം പിന്തുടരുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട്. സംസം ടാപ്പിൽ തൊടാതെ പ്രവർത്തിക്കുന്ന സെൻസറുകൾ സ്ഥാപിക്കുന്ന ജോലിയും നടന്നുവരുകയാണെന്ന് അണ്ടർ സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.