റിയാദ്: അൽ-നസ്റിൽ ചേർന്ന ലോക സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിൽ ആദ്യമായി മൈതാനത്തിറങ്ങുക ഈ മാസം 14 നായിരിക്കുമെന്ന് റിപ്പോർട്ട്. സൗദി പ്രോ ലീഗിൽ അൽ-ശബാബിനെ അൽ-നസ്ർ നേരിടുക റൊണാൾഡോ ഒപ്പമുള്ള ആത്മബലത്തിലായിരിക്കും. അഞ്ച് തവണ ലോകത്തിലെ മികച്ച കളിക്കാരനുള്ള ബാലൺ ഡി ഓർ പുരസ്കാരം അടക്കം നിരവധി നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കിയ താരത്തെ സ്വന്തമാക്കാനായ ആവേശത്തിലാണ് അൽ-നസ്ർ അനുയായികൾ. രണ്ട് സീസണിലെ മത്സരങ്ങൾക്ക് പ്രതിവർഷം 20 കോടി യൂറോ (1,750 കോടി രൂപ) നിരക്കിൽ പ്രതിഫലമുറപ്പിച്ചാണ് റൊണാൾഡോ സൗദിയിലെ മുൻനിര ക്ലബുമായി കരാർ ഒപ്പിട്ടത്. ഫുട്ബാൾ ചരിത്രത്തിലെ ഉയർന്ന പ്രതിഫലമാണിത്.
അറബ് ഫുട്ബാൾ ആരാധകരുടെ ആവേശത്തിലേക്ക് പറന്നിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഗംഭീര വരവേൽപാണ് സൗദി തലസ്ഥാനത്തെ കാൽപന്ത് പ്രേമികൾ നൽകിയത്. പ്രധാന വീഥികളിൽ ‘ഹലാ റൊണാൾഡോ’ എന്നെഴുതിയ കൂറ്റൻ ബോർഡുകളും കമാനങ്ങളും സ്ഥാപിച്ച് ആഘോഷപൂർവമാണ് വരവേറ്റത്. ചൊവ്വാഴ്ച രാത്രി പതിനായിരങ്ങൾ തിങ്ങിനിറഞ്ഞ മിർസൂൽ പാർക്കിൽ (കിങ് സഊദ് യൂനിവേഴ്സിറ്റി സ്റ്റേഡിയം) അൽ-നസ്ർ ഭാരവാഹികൾ റൊണാൾഡോയെ ഔദ്യോഗികമായി പരിചയപ്പെടുത്തി. 15 റിയാൽ നിരക്കിൽ ഓൺലൈൻ ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കകം ടിക്കറ്റുകൾ വിറ്റുതീർന്നു. റൊണാൾഡോയെ അൽ-നസ്ർ ഭാരവാഹികൾ സ്വീകരിച്ചപ്പോൾ സ്റ്റേഡിയം ആകാശം ഞെട്ടുന്ന ആരവത്തിൽ മുങ്ങി. ഏഴാം നമ്പർ മഞ്ഞ ജഴ്സി അണിഞ്ഞ റൊണാൾഡോ മൈതാന മധ്യത്തിൽ നിന്ന് ആരാധകരെ അഭിവാദ്യം ചെയ്തു. ഏഴ് പന്തുകൾ കൈയൊപ്പിട്ട് നിറഞ്ഞുകവിഞ്ഞ ഗാലറിയിലേക്ക് തൊടുത്തു.
കളിക്കളത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായി നടന്ന വാർത്തസമ്മേളനത്തിൽ മനസ്സ് തുറന്ന റൊണാൾഡോ തന്റെ ജീവിതത്തിലെ വലിയ തീരുമാനമാണ് അൽ-നസ്റിൽ ചേർന്നതിലൂടെ കൈക്കൊണ്ടതെന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.