യാംബു: സൗദിയിലെ റോസാപ്പൂമേളക്ക് പ്രസിദ്ധിയാർജിച്ച ത്വാഇഫിൽ അടുത്തവർഷത്തെ പനിനീർപ്പൂക്കളുടെ വിളവെടുപ്പിന് തയാറെടുക്കുകയാണ് കർഷകർ. വസന്ത കാലത്തിെൻറ തുടക്കത്തിലാണ് തൈനടൽ തുടങ്ങാറ്.
മാർച്ച് പകുതിയോടെയാണ് വിളവെടുപ്പ്. തുടർന്ന് അഞ്ചു മുതൽ ഏഴ് ആഴ്ചവരെ വിളവെടുപ്പാണ്. സീസൺ തുടങ്ങുന്നതിലെ വ്യത്യാസമനുസരിച്ച് വർഷവും 10 മുതൽ 15 ദിവസം വരെ വിളവെടുപ്പിന് കാലതാമസം വരാറുണ്ട്.
ഇപ്പോൾ തകൃതിയായ മുന്നൊരുക്കത്തിലാണ് കൃഷിക്കാർ. ചെടി വെട്ടിയൊതുക്കുകയും ഉണങ്ങിയതും ബലം കുറഞ്ഞതുമായ ശിഖരങ്ങൾ മുറിച്ചും റോസ് കൃഷിക്കാവശ്യമായ ഒരുക്കം നടക്കുകയാണിപ്പോൾ. ചെറുതും വലുതുമായി രണ്ടായിരത്തോളം റോസാപ്പൂ തോട്ടങ്ങളാണ് ത്വാഇഫിലുള്ളത്. സമുദ്രനിരപ്പിൽനിന്ന് 1900 മീറ്റർ ഉയരത്തിലാണ് കൃഷിമേഖല സ്ഥിതിചെയ്യുന്നത്.
റോസാപ്പൂക്കൾക്ക് വളരാൻ അനുയോജ്യമായ മണ്ണും കാലാവസ്ഥയും ഇവിടെയുണ്ട്. ദിവസവും അഞ്ചോ ആറോ മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്ന കൃഷിയിടങ്ങളിൽ നന്നായി ജലസേചനം നടത്തി പരിചരണം നൽകിയാണ് കർഷകർ നല്ല വിള കൊയ്യുന്നത്. പകൽസമയത്തെ ചൂട് പനിനീർ തൈലം ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ എണ്ണയെ നശിപ്പിക്കുന്നതുകൊണ്ട് കർഷകർ അതിരാവിലെയാണ് പനിനീർപ്പൂക്കൾ വിളവെടുക്കുന്നത്.
റോസ് പൂക്കൾ കൃഷിക്കും പൂക്കളിൽനിന്ന് വിവിധ ഉൽപന്നങ്ങൾ നിർമിക്കാനും സീസണിൽ കർഷകർ വളരെ സജീവമാകും. റോസാപ്പൂക്കളിൽനിന്ന് വ്യത്യസ്ത ഉൽപന്നങ്ങൾ നിർമിക്കുന്നതിന് ത്വാഇഫ് മേഖലയിൽ ധാരാളം ഫാക്ടറികളുണ്ട്.
സ്വദേശികളുൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ത്വാഇഫിലെ റോസാപ്പൂ കാർഷിക വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നത്. വിവിധ തോട്ടങ്ങളിലെ വേറിട്ട കൃഷിരീതികളും സംവിധാനങ്ങളും സന്ദർശകർക്ക് അവാച്യമായ അനുഭൂതിയാണ് ഇവിടെ പകരുന്നത്. ത്വാഇഫിലെ പനിനീർപ്പൂക്കളും പനിനീരും പെർഫ്യൂമും ആഗോള പ്രസിദ്ധമാണ്. എ.ഡി 1517ൽ ഓട്ടോമൻ ഭരണാധികാരികളുടെ കാലത്താണ് ത്വാഇഫിൽ പനിനീർ പുഷ്പ കൃഷിക്ക് തുടക്കം കുറിച്ചതെന്ന് പറയപ്പെടുന്നു.
ജല കാർഷിക മന്ത്രാലയം പുറത്തിറക്കിയ സ്ഥിതിവിവര റിപ്പോർട്ടുപ്രകാരം പ്രതിവർഷം 50 കോടി മുതൽ 100 കോടി വരെ പനിനീർപ്പൂക്കളാണ് ത്വാഇഫിൽ വിളവെടുക്കുന്നത്.
ഇവിടത്തെ റോസ് വിപണിക്ക് 52 ദശലക്ഷം റിയാൽ (13.8 ദശലക്ഷം ഡോളർ) മൂല്യമുള്ളതായി കണക്കാക്കുന്നു.
ത്വാഇഫിലെ ഹദാ, ശഫാ മേഖലകളിൽനിന്ന് ഉൽപാദിപ്പിക്കുന്ന റോസ് വാട്ടർ, സ്പ്രേ, പെർഫ്യൂം, സോപ്പ്, ലോഷൻ എന്നിവക്ക് വിപണിയിൽ നല്ല ഡിമാൻഡാണ്.
2018ലെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ജനറൽ അതോറിറ്റി റിപ്പോർട്ട് അനുസരിച്ച്, പുതിയ അവസരങ്ങൾ വേണ്ടത്ര പ്രയോജനപ്പെടുത്തിയാൽ 700 ദശലക്ഷം റിയാൽ വരെ ത്വാഇഫിലെ റോസ് വിപണിക്ക് വളർച്ചാസാധ്യത ഉള്ളതായി വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.