യാംബു: ഗ്രീസിലെ ആൻഡ്രവിഡ എയർ ബേസിൽ ‘ഇനിയോകോസ് 2024’ എന്ന പേരിൽ നടന്ന ബഹുരാഷ്ട്ര വ്യോമാഭ്യാസ പ്രകടനത്തിൽ റോയൽ സൗദി എയർഫോഴ്സ് മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഏപ്രിൽ ഒന്നിന് ആരംഭിച്ച് ഏപ്രിൽ 18 നു അവസാനിച്ച സൈനികാഭ്യാസപ്രകടനം രണ്ടു ഘട്ടങ്ങളിലായി പൂർത്തിയായി. സൈപ്രസ്, ഫ്രാൻസ്, മോണ്ടിനെഗ്രോ, ഖത്തർ, റുമേനിയ, സ്പെയിൻ, യു.കെ, യു.എസ് എന്നീ രാജ്യങ്ങളോടൊപ്പമാണ് സൗദിയും പങ്കെടുത്തത്. റോയൽ സൗദി എയർഫോഴ്സ് ആറ് ടൈഫൂൺ വിമാനങ്ങളും എയർ, ടെക്നിക്കൽ, സപ്പോർട്ട് ക്രൂവും അഭ്യാസത്തിനായി അയച്ചിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ സൈനികാഭ്യാസങ്ങളിലൊന്നായി അറിയപ്പെടുന്ന ‘ഇനിയോകോസ് 2024’ പങ്കെടുത്ത സൗദി ഫോഴ്സിന് കൂടുതൽ കരുത്തും ആത്മവിശ്വാസവും കൈവരിക്കാൻ കഴിഞ്ഞതായി പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പ്ലാനിങ് സെല്ലുകൾ, എയർ മിഷനുകളുടെയും കാമ്പയിനുകളുടെയും കമാൻഡ്, ഇന്റലിജൻസ് മിഷനുകൾ, ഫോർവേഡ് എയർ കൺട്രോൾ ടാസ്ക്കുകൾ എന്നിവ വ്യോമാഭ്യാസത്തിൽ ഉൾപ്പെടുത്തി. മാസങ്ങൾ നീണ്ട തയാറെടുപ്പ് സൗദി എയർഫോഴ്സ് എടുത്തതോടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിച്ചതായി സൗദി സംഘത്തിന്റെ കമാൻഡിങ് പൈലറ്റ് ലെഫ്റ്റനന്റ് കേണൽ അബ്ദുൽ അസീസ് അൽ ഹർബി പറഞ്ഞു. പ്രഫഷണലിസവും ഉയർന്ന സന്നദ്ധതയും പ്രകടമാക്കിയ സൗദി എയർ, ടെക്നിക്കൽ, സപ്പോർട്ട് ക്രൂവിന്റെ പ്രയത്നങ്ങളെ അദ്ദേഹം പ്രശംസിച്ചു. വ്യോമസേന ഉദ്യോഗസ്ഥർക്ക് കൂടുതൽ ആത്മവിശ്വാസവും പോരാട്ട വൈദഗ്ധ്യവും ഉയർത്താനും നിയുക്ത ദൗത്യങ്ങൾ സമർഥമായി ഏറ്റെടുക്കാനും അവരെ പ്രാപ്തരാക്കാൻ ‘ഇനിയോകോസ് 2024’ൽ പങ്കെടുക്കുക വഴി സാധ്യമായതായി പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.