അബ്ഹ: അസീർ രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) പ്രവാസി വിദ്യാർഥികൾക്കും യുവാക്കൾക്കും വേണ്ടി സംഘടിപ്പിക്കുന്ന ഖുർആൻ അധിഷ്ഠിത പരിപാടി തർതീൽ സൗദി വെസ്റ്റ് നാഷനൽ ഗ്രാൻഡ് ഫിനാലെ മേയ് അഞ്ച് വെള്ളി ഖമീസ് മുശൈതിലെ അൽ റാഖിയിൽ അമീറ ഓഡിറ്റോറിയത്തിൽ നടക്കും. ജിദ്ദ സിറ്റി, ജിദ്ദ നോർത്ത്, മക്ക, മദീന, യാംബു, ത്വാഇഫ്, ജീസാൻ, അസീർ, അൽബഹ, തബൂക്ക് എന്നീ 10 സോണുകളിൽ നിന്നും യൂനിറ്റ്, സെക്ടർ, സോൺ തലങ്ങളിൽ മത്സരിച്ച് വിജയിച്ച 200ലധികം പ്രതിഭകളാണ് നാഷനൽ തർതീലിൽ പങ്കെടുക്കുന്നത്.
പ്രവാസി വിദ്യാർഥി യുവ സമൂഹത്തിന് ഖുർആൻ പഠനത്തിന്നും പരായണത്തിനും അവസരം ഒരുക്കുന്നതോടൊപ്പം ഈ രാഗത്ത് മികവ് തെളിയിക്കുന്നവർക്കുള്ള അംഗീകാരവും മാനവ സമൂഹത്തിൽ ഒരുമയുടെ അധ്യാപനങ്ങൾ പകർന്നു നൽകാനുമാണ് വാർഷിക പരിപാടിയായ തർതീൽ സെമിനാർ, ഖുർആൻ എക്സ്പോ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തർതീലിന്റെ ആറാം എഡിഷനാണ് ഇത്തവണ നടക്കുന്നത്. കിഡ്സ്, ജൂനിയർ, സെക്കൻഡറി, സീനിയർ, സൂപ്പർ സീനിയർ, ഹാഫിള് എന്നീ വിഭാഗങ്ങളിലായി രിഹാബുൽ ഖുർആൻ, മുബാഹസ, ഇൽ ജലാല, ഖുർആൻ കഥപറയൽ, ഖുർആൻ ക്വിസ്, തിലാവത്, ഹിഫ്ദ് തുടങ്ങിയ വ്യത്യസ്ത ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
ആർ.എസ്.സി സൗദി വെസ്റ്റ് ജനറൽ സെക്രട്ടറി മൻസൂർ ചുണ്ടമ്പറ്റ പരിപാടി വിശദീകരിച്ചു. സ്വാഗത സംഘം ചെയർമാൻ മഹ്മൂദ് സഖാഫി വാർത്തസമ്മേളനം നിയന്ത്രിച്ചു. സൈനുദ്ദീൻ അമാനി,ബഷീർ നുവാനി,അബ്ദുൽ സലാം കുറ്റ്യാടി,മുനീർ മുണ്ടോടി,സുൽഫിക്കർ പതിമംഗലം എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.