റിയാദ്: കേടായ 55 ടൺ കോഴിയിറച്ചി കൃത്രിമം കാട്ടി വിൽപനക്കെത്തിച്ചതിന് പിടിയിലായ വിദേശി തൊഴിലാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ. ഭക്ഷ്യോൽപന്നങ്ങളിൽ മായം കലർത്തിയതിന് പ്രതികൾക്കെതിരെ കേസെടുത്ത സംഭവത്തിൽ അന്വേഷണം നടത്തിയതായും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.
ഇക്കണോമിക് ക്രൈം പ്രോസിക്യൂഷനാണ് അന്വേഷണം നടത്തിയത്. കാലാവധികഴിഞ്ഞതും ഉറവിടം അറിയാത്തതുമായ ഭക്ഷ്യ ഉൽപന്നങ്ങളിൽ തീയതി തിരുത്തി വിൽപനക്കെത്തിക്കുകയാണുണ്ടായതെന്ന് പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവനയിൽ പറഞ്ഞു.
55 ടണ്ണിലധികം കോഴിയിറച്ചിയാണ് പ്രതികൾ സംഭരിക്കുകയും വിൽപനക്ക് എത്തിക്കുകയും ചെയ്തത്. പാക്കേജിങ് മാറ്റി, സത്യവുമായി പൊരുത്തപ്പെടാത്ത വാണിജ്യ വിവരങ്ങൾ അവയിൽ ഉൾപ്പെടുത്തി, തെറ്റായ കാലഹരണ തീയതിയും ഉൽപാദന സ്ഥലവും നൽകി തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾ ചെയ്തത്.
പ്രതികളെ അറസ്റ്റ് ചെയ്ത് ക്രിമിനൽ കോടതിയിൽ ഹാജരാക്കി. കച്ചവടത്തിൽ വഞ്ചന നടത്തുന്നവർക്കെതിരായ ശിക്ഷ നിയമങ്ങൾക്ക് അനുസൃതമായി പ്രതികൾക്കെതിരെ കടുത്ത ശിക്ഷ തന്നെ ശിപാർശ ചെയ്തിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.
മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ ഇത്തരം ക്രിമിനൽ പ്രവൃത്തികൾ ചെയ്യാൻ തുനിയുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.