റിയാദ്: ഇന്ത്യൻ ഫുട്ബാളിന്റെ സ്പന്ദനമായി നിലകൊള്ളുന്ന ഹീറോസ് സന്തോഷ് ട്രോഫിയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമിട്ട റിയാദിലെ കലാശപ്പോര് ശനിയാഴ്ച നടക്കും. റിയാദ് ബഗ്ലഫിലെ കിങ് ഫഹദ് ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ സൗദി സമയം വൈകീട്ട് 6.30ന് മേഘാലയയും കർണാടകയും ഏറ്റുമുട്ടും.
47 വർഷത്തിനുശേഷമാണ് കർണാടക സന്തോഷ് ട്രോഫി ഫൈനൽ കാണുന്നത്. 1975-76ലാണ് അവസാനമായി ഫൈനലിൽ കളിച്ചത്. ബുധനാഴ്ച റിയാദിൽ നടന്ന രണ്ടാം സെമിയിൽ ശക്തരായ സർവിസസിനെയാണ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കർണാടക തോൽപിച്ചത്.
ഒരു കോർണർകിക്കിലൂടെ കർണാടകയുടെ വലകുലുക്കിയ സർവിസസിനെതിരെ നിമിഷങ്ങൾക്കകം ഫ്രീകിക്കിലൂടെ അവർ സമനില നേടി. ബികാസ് ഥാപ്പർ മേഘാലയക്കുവേണ്ടിയും റോബിൻ യാദവ് കർണാടകക്കുവേണ്ടിയും ആദ്യ ഗോളുകൾ നേടി. ഇരു ഗോൾമുഖത്തും ആക്രമണങ്ങൾ അഴിച്ചുവിട്ട സ്ട്രൈക്കർമാർ വാശിയേറിയ മത്സരമാണ് കാഴ്ചവെച്ചത്. ആദ്യ പകുതി പിന്നിടുമ്പോൾ അങ്കിതിലൂടെ കർണാടകത്തിനായിരുന്നു ഒരു ഗോളിന്റെ മുൻതൂക്കം.
പോരാട്ടം മുഴുവൻ സമയം പിന്നിട്ടപ്പോൾ കർണാടകയെയാണ് ഭാഗ്യം തുണച്ചത്. 76ാം മിനിറ്റിൽ സുനിൽകുമാറിലൂടെ മൂന്നാമത്തെ ഗോളും നേടി സർവിസസിന്റെ പരാജയം ഉറപ്പുവരുത്തി കർണാടക ഫൈനലിൽ പ്രവേശിക്കുകയായിരുന്നു.
അന്നുതന്നെ നടന്ന ആദ്യ സെമിഫൈനൽ മത്സരത്തിൽ കരുത്തരായ പഞ്ചാബിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപിച്ചാണ് മേഘാലയ ആദ്യമായി സന്തോഷ് ട്രോഫി ഫൈനലിനെത്തുന്നത്. കളിയുടെ ഇരു പാതികളിലും വ്യക്തമായ ആധിപത്യം നേടിയാണ് മേഘാലയ ഫൈനൽ ബർത്ത് ഉറപ്പാക്കിയത്.
ശനിയാഴ്ച ഉച്ചക്കുശേഷം 3.30ന് ലൂസേഴ്സ് ഫൈനലിൽ പഞ്ചാബും സർവിസസും മൂന്നാം സ്ഥാനത്തിനായി പോരാടും. ഇതും വൈകീട്ട് 6.30ന് നടക്കുന്ന ഫൈനലും സൗജന്യമായി കാണാൻ അവസരമൊരുക്കിയിട്ടുണ്ട്. ticketmx എന്ന ആപ്പിൽ നിന്ന് സൗജന്യ ടിക്കറ്റ് എടുക്കാം. സൈറ്റിലെ ഹീറോ സന്തോഷ് ട്രോഫി ക്ലിക്ക് ചെയ്താൽ സീറ്റും ടിക്കറ്റും ബുക്ക് ചെയ്യാം.
ഒരു യൂസർ ഐഡിയിൽ പരമാവധി അഞ്ചു ടിക്കറ്റുകൾ വരെ ലഭ്യമായിരിക്കും. റിയാദ് ബഗ്ലഫിലെ കിങ് ഫഹദ് ഇൻറർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം. കൂടുതൽ ഇന്ത്യൻ കാൽപന്തുപ്രേമികൾ ഗാലറിയിൽ എത്തുമെന്നാണ് പ്രതീക്ഷ. സെമിഫൈനൽ മത്സരങ്ങളിൽ ഗാലറികളിൽ കാണികളുണ്ടായിരുന്നില്ല.
വിദേശത്ത് ആദ്യമായി നടക്കുന്ന സന്തോഷ് ട്രോഫി മത്സരത്തെക്കുറിച്ച് ആവശ്യമായ പ്രചാരണം ഇല്ലാതിരുന്നതും കളികൾ നടന്നത് സൗദിയിലെ പ്രവൃത്തിദിവസമായതും കേരളം സെമിയിൽ എത്താതിരുന്നതും കാരണമാകാം കാണികൾ എത്താതിരുന്നത് എന്നാണ് നിഗമനം. എന്നാൽ, ശനിയാഴ്ച വാരാന്ത്യ അവധി ദിനമായതിനാൽ ഈ പ്രതിസന്ധിയുണ്ടാവില്ല എന്ന് പ്രതീക്ഷയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.