ജിദ്ദ: സൗദിയിലെ ഫുട്ബാൾ പ്രേമികളായ പ്രവാസികൾക്ക് സന്തോഷ് ട്രോഫി മത്സരം നേരിൽ കാണാനുള്ള അവസരമൊരുങ്ങുന്നു. സന്തോഷ് ട്രോഫി നോക്കൗട്ട് മത്സരങ്ങള്‍ അടുത്ത വര്‍ഷം ആദ്യം സൗദി അറേബ്യയില്‍ നടത്താന്‍ ഓള് ഇന്ത്യ ഫുട്ബാൾ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) ആലോചിക്കുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയിൽ റിയാദിലും ജിദ്ദയിലുമായാണ് ടൂർണമെന്റ് നടക്കുക.
പ്രാരംഭ നടപടിയായി ഇത് സംബന്ധിച്ച സാധ്യതകള്‍ പഠിക്കുന്നതിനായി ഓള് ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷനുമായി (എസ്.എ.എഫ്.എഫ്) ധാരണപത്രം ഒപ്പുവെച്ചു. എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബെ, സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ, സൗദി അറേബ്യൻ എഫ്.എഫ് പ്രസിഡന്റ് യാസർ അൽ-മിഷാൽ, ജനറൽ സെക്രട്ടറി ഇബ്രാഹിം അൽ-കാസിം എന്നിവരുടെ സാന്നിധ്യത്തിലാണ് വ്യാഴാഴ്ച ധാരണപത്രം ഒപ്പുവെച്ചതെന്ന് എ.ഐ.എഫ്.എഫ് പ്രസ്താവനയിൽ പറഞ്ഞു.
സാങ്കേതിക പിന്തുണ നൽകൽ, സ്ഥിരമായി പുരുഷന്മാർക്കും സ്ത്രീകൾക്കും യുവജന മത്സരങ്ങൾ സംഘടിപ്പിക്കൽ, ഫുട്ബാൾ ഭരണവിദഗ്ധരുടെ കൈമാറ്റം എന്നിവ ഉൾപ്പെടുന്നതാണ് കരാർ. വലിയ സ്വപ്നങ്ങള്‍ കാണുവാന്‍ ഇന്ത്യൻ കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും സൗദിയിലെ ഇന്ത്യന്‍ സമൂഹത്തെ ഇന്ത്യന്‍ ഫുട്ബാളുമായി ബന്ധിപ്പിക്കുന്നതിനും ഇരു ഫെഡറേഷനുകള്‍ക്കും വിജയ സാഹചര്യം സൃഷ്ടിക്കുന്നതിനുമായാണ് സന്തോഷ് ട്രോഫിയുടെ അവസാനഘട്ടത്തിനായുള്ള ആതിഥേയത്വം വഹിക്കാനായി സൗദി നഗരങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്ന് എ.ഐ.എഫ്.എഫ് വ്യക്തമാക്കി.
ഇത് ഇന്ത്യൻ ഫുട്ബാളിനെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ ഒരു സംഭവമാണെന്ന് എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബെ പറഞ്ഞു. ഇത് സാക്ഷാത്കരിക്കുന്നതിൽ സജീവ സഹകരണം നൽകുന്ന സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷന് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ടിൽ സർവിസസ്, റെയിൽവേ എന്നീ ടീമുകളോടൊപ്പം യോഗ്യത നേടുന്ന മറ്റ് 10 സംസ്ഥാന ടീമുകൾ ഉൾപ്പെടെ ആകെ 12 ടീമുകൾ ഉണ്ടാകും. ക്വാർട്ടർ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളാണ് സൗദിയിൽ നടക്കുക. ടൂർണമെന്റുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.