ജുബൈൽ: ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒ.ഐ.സി.സി ജുബൈൽ ഘടകം പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ‘സത്യമേവ ജയതേ’ എന്ന തലക്കെട്ടിൽ നടന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടിയിൽപ്പെട്ട നേതാക്കളും മറ്റ് സാമൂഹിക സാംസ്കാരിക മേഖലയിലെ മുൻനിര വ്യക്തിത്വങ്ങളും പങ്കെടുത്തു. രാജ്യം വർഗീയ ഫാഷിസ്റ്റ് ശക്തികളിൽനിന്ന് കനത്ത വെല്ലുവിളി നേരിടുകയാണ്. ജുഡീഷ്യറി മുതൽ മാധ്യമങ്ങൾ വരെ പല സ്ഥാപനങ്ങൾക്കും സ്വന്തം ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നു.
ഫാഷിസ്റ്റുകൾക്ക് എതിരെ ശബ്ദിക്കുന്നു എന്ന ഒറ്റക്കാരണത്താൽ രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയും വ്യക്തമായ അജണ്ടയുടെ ഭാഗമാണ്. സംസ്ഥാന സർക്കാറുകളും ജനങ്ങളും ഇത് തിരിച്ചറിയണം . ഈ അനീതിക്കെതിരെയുള്ള സമരത്തിൽ കോൺഗ്രസിന് നേതൃപരമായ പങ്കുവഹിക്കാൻ കഴിയും. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വർഗീയ ഫാഷിസം രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനദ്രോഹ നയങ്ങൾക്കെതിരെ പോരാടാനും തോളോടുതോൾ ചേർന്ന് മുന്നേറാനും യോഗം ഐകകണ്ഠ്യേന ആഹ്വാനം ചെയ്തു. ചടങ്ങിൽ മുദ്രാവാക്യം വിളികളോടെ പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു.
നൂഹ് പാപ്പിനിശ്ശേരി അധ്യക്ഷത വഹിച്ചു. അഷ്റഫ് മൂവാറ്റുപുഴ ഉദ്ഘാടനം നിർവഹിച്ചു. സിറാജ് പുറക്കാട്, പി.കെ. നൗഷാദ്, രാകേഷ്, ശംസുദ്ദീൻ പള്ളിയാളി, ഫാറൂഖ് സലാഹി, ഫൈസൽ കോട്ടയം, മുഫീദ്, ശിഹാബ് പോഞ്ഞാശ്ശേരി, ഷുക്കൂർ മൂസ, നിസാം യാക്കൂബ് തുടങ്ങിയവർ സംസാരിച്ചു. നജീബ് നസീർ സ്വാഗതവും ശിഹാബ് കായംകുളം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.