ജിദ്ദ: അക്കൗണ്ടിങ്, ഓഡിറ്റിങ് രംഗത്തെ സഹകരണത്തിനുള്ള ധാരണപത്രം സൗദിയും ചൈനയും ഒപ്പുവെച്ചു. ചൈനയിലെ ബെയ്ജിങ്ങിൽ സൗദി അംബാസഡർ അബ്ദുറഹ്മാൻ ബിൻ അഹമ്മദ് അൽഹർബിയുടെ സാന്നിധ്യത്തിൽ ജനറൽ ഓഡിറ്റിങ് ബ്യൂറോ പ്രസിഡൻറ് ഡോ. ഹുസാം ബിൻ അബ്ദുൽ മുഹ്സിൻ അൽഅൻഖരിയും ചൈനയുടെ നാഷനൽ ഓഡിറ്റ് ഓഫിസ് ഓഡിറ്റർ ജനറൽ ഹു കൈയും ആണ് ധാരണപത്രത്തിൽ ഒപ്പുവച്ചത്.
സൗഹൃദരാജ്യങ്ങളിലെ നിരവധി കൗണ്ടർപാർട്ട് ഏജൻസികളുമായി ജനറൽ ഓഡിറ്റിങ് ഓഫിസ് ഒപ്പുവെച്ച ധാരണപത്രങ്ങളുടെ വിപുലീകരണമായാണ് ഈ ധാരണാപത്രം വരുന്നതെന്ന് ഡോ. അൽഅൻഖരി വിശദീകരിച്ചു. പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ ബ്യൂറോ വഹിക്കുന്ന ഉയർന്ന പ്രഫഷനൽ നിലയും പൊതുധനകാര്യത്തിന്റെയും അക്കൗണ്ടിങ്ങിന്റെയും മേൽനോട്ടത്തിനും പരമോന്നത സ്ഥാപനങ്ങളുടെ പ്രാദേശിക, അന്തർദേശീയ ഓർഗനൈസേഷനുകളിൽ അംഗങ്ങളായ എതിർ സ്ഥാപനങ്ങളുമായി അതിന്റെ വിശിഷ്ട പ്രഫഷനൽ അനുഭവങ്ങൾ പങ്കിടുന്നതിനുള്ള പ്രധാന പങ്ക് പ്രതിഫലിപ്പിക്കുന്നതാണിത്.
നിരവധി ഗവേഷണ, കൺസൽട്ടിങ് പ്രോജക്ടുകളിലൂടെയും പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ കൂടിക്കാഴ്ചകളും സമ്മേളനങ്ങളും പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നതിലൂടെയും സാമ്പത്തിക ഓഡിറ്റിങ്, ധനം കൈകാര്യം ചെയ്യൽ, മേൽനോട്ടം എന്നീ മേഖലകളിൽ ചൈനയുടെ ജനറൽ ഓഡിറ്റിങ് ഓഫിസും സൗദി ദേശീയ ഓഡിറ്റ് ഓഫിസും തമ്മിലുള്ള സഹകരണം വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇൻറർനാഷനൽ ഓർഗനൈസേഷൻ ഓഫ് സുപ്രീം ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷൻസ് (ഇന്റോസൈ), ഏഷ്യൻ ഓർഗനൈസേഷൻ ഓഫ് സുപ്രീം ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷൻസ് (അസോസൈ) എന്നിവയുടെ ഘടനക്കുള്ളിലാണിത്. രണ്ടിലും ഇരു രാജ്യങ്ങളും പങ്കാളികളാണെന്നും അൽഅൻഖരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.