ഫലസ്തീനിലെ ആദ്യ സൗദി അംബാസഡറായി നിയുക്തനായ നായിഫ് ബിൻ ബന്ദർ അൽ സുദൈരി ഫലസ്തീൻ അധികാരികൾക്ക് അധികാര പത്രം കൈമാറുന്നു

ഫലസ്​തീനിൽ ആദ്യ അംബാസഡറെ നിയമിച്ച്​ സൗദി അറേബ്യ

യാംബു: സൗദി അറേബ്യയും ഫലസ്തീനും നയതന്ത്ര ബന്ധങ്ങൾ ശക്തമാക്കുന്നു. ഫലസ്തീനിലെ ആദ്യ സൗദി അംബാസഡറും ജറുസലമിലെ സൗദി കോൺസൽ ജനറലുമായി നായിഫ് ബിൻ ബന്ദർ അൽ സുദൈരി നിയമിതനായി. ഇത്​ ബന്ധത്തിന് കൂടുതൽ കരുത്തു പകരും. പ്രസിഡൻറ്​ മഹ്‌മൂദ്‌ അബ്ബാസിന്റെ നയതന്ത്രകാര്യ ഉപദേഷ്​ടാവ് ഡോ. മജ്​ദ് അൽ ഖാലിദിന് ജോർദാനിലെ ഫലസ്തീൻ എംബസിയിൽ വെച്ച്​ അധികാര പത്രം കൈമാറിയതായി സൗദിയധികൃതർ പ്രഖ്യാപിച്ചു.

ഫലസ്തീനിലെ സൗദി അറേബ്യയുടെ നോൺ റസിഡൻറ്​ അംബാസഡറും കോൺസൽ ജനറലുമായി നായിഫ് അൽ സുദൈരി പ്രവർത്തിക്കും. ഇരു രാജ്യങ്ങൾ തമ്മിൽ സുദൃഢമായ ബന്ധം നിലനിൽക്കണെമെന്ന സൽമാൻ രാജാവിന്റെയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും താൽപര്യത്തിന്റെ ഫലമായാണ്​ ഈ നിയമനം. ഫലസ്തീൻ ജനതയോടുള്ള സൗദിയുടെ ഐക്യദാർഢ്യം കൂടുതൽ സജീവമാക്കാനും സൗദി ഭരണകൂടത്തിന്റെ പ്രതിബദ്ധതക്ക് കൂടുതൽ നേട്ടങ്ങൾ നൽകാനും കഴിയുന്ന സുപ്രധാനമായ ഒരു കാൽവെപ്പാണിതെന്ന് നിയുക്ത അംബാസഡർ നായിഫ് അൽ സുദൈരി പറഞ്ഞു.

രാഷ്​ട്രീയ, സാമ്പത്തിക, സാമൂഹിക മേഖലകളിൽ ഉടനീളമുള്ള ബന്ധങ്ങൾ സജീവമാക്കാനും ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിലൂടെ നല്ല ഫലങ്ങൾ ഫലസ്തീനിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേൽ-ഫലസ്തീൻ സംഘർഷം രൂക്ഷമാകുന്നതിനിടെ സൗദിയും ഫലസ്തീനും ബന്ധം ശക്തമാക്കാനുള്ള നീക്കം ലോക ജനത വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഫലസ്തീൻ ജനതക്കുമേൽ ഇസ്രായേൽ നടത്തുന്ന ഏകപക്ഷീയമായ നടപടികൾ സമാധാനം ആഗ്രഹിക്കുന്ന ലോകത്തുടനീളമുള്ള ആളുകൾക്കിടയിൽ ഏറെ ദുഃഖമുണ്ടാക്കിയിരിക്കുകയാണ്. ഏഴു ദശാബ്​ദത്തിലേറെയായി സ്വന്തം നാട്ടിൽ നിന്ന് കുടിയിറക്കപ്പെട്ട ഫലസ്തീനികൾ ലോകമെമ്പാടും അഭയാർഥികളായി കഴിഞ്ഞുകൂടുകയാണ്.

എന്നെങ്കിലും സ്വന്തം നാട്ടിൽ തിരിച്ചെത്തുമെന്നാണ് അവരുടെ സ്വപ്നം. ഫലസ്തീനികളെ കൂട്ടമായി കൊന്നൊടുക്കിയും വസ്തുവകകൾ നശിപ്പിച്ചും വംശവെറിയാഘോഷിക്കുന്ന ഇസ്രായേൽ, ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതും കുറ്റമായി കാണുന്ന സാഹചര്യത്തിലാണ് സൗദി സ്വന്തം സ്ഥാനപതിയെ ഫലസ്തീനിൽ നിയമിച്ച് മാതൃകയാകുന്നത്.

Tags:    
News Summary - Saudi Arabia appoints first Ambassador to Palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.