റിയാദ്: 'നിയമലംഘകരില്ലാത്ത രാജ്യം' എന്ന കാമ്പയിെൻറ ഭാഗമായി സൗദി ആഭ്യന്തര മന്ത്രാലയം തുടരുന്ന പരിശോധനയിൽ രാജ്യത്ത് ഒരാഴ്ക്കിടെ പിടിയിലായത് 15,088 വിദേശികൾ. ഇഖാമ (റെസിഡൻറ് പെർമിറ്റ്) കാലാവധി കഴിഞ്ഞ 7508 പേരും അതിർത്തിനുഴഞ്ഞുകയറ്റക്കാരായ 5730 പേരും തൊഴിൽ നിയമം ലംഘിച്ച 1850 പേരുമാണ് അറസ്റ്റിലായത്. ഇവരെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നാണ് റെയ്ഡിൽ പിടികൂടിയത്. അതിർത്തിനുഴഞ്ഞുകയറ്റത്തിനിടെ തൽക്ഷണം പിടിയിലായത് 454 പേരാണ്. ഇതിൽ 59 ശതമാനം എത്യോപ്യക്കാരും 34 ശതമാനം യമനികളും ഏഴ് ശതമാനം മറ്റ് വിവിധ രാജ്യക്കാരുമാണ്.
അതിർത്തി നിയമം ലംഘിച്ച് രാജ്യത്തിന് പുറത്തുകടക്കാൻ ശ്രമിച്ച 21 പേരും പിടിയിലായിട്ടുണ്ട്. വിവിധ നിയമലംഘകർക്ക് താമസ, വാഹന, ജോലി സൗകര്യമൊരുക്കിയ 16 ആളുകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ ഇതുവരെ നിയമനടപടി നേരിട്ടുകൊണ്ടിരിക്കുന്ന മൊത്തം നിയമലംഘകരുടെ എണ്ണം 91551 ആയി. ഇതിൽ 82841 പുരുഷന്മാരും 8710 സ്ത്രീകളുമുണ്ട്. സ്വന്തം നാടുകളിലേക്ക് കയറ്റി അയക്കാൻ ആവശ്യമായ രേഖകൾക്ക് വേണ്ടി അതത് രാജ്യങ്ങളുടെ സൗദിയിലെ എംബസികൾക്ക് കൈമാറിയ മൊത്തം കേസുകൾ 79,863 ആണ്. 2170 പേരുടെ യാത്രാനടപടിക്രമങ്ങളെല്ലാം പൂർത്തിയായിരിക്കുകയാണ്. ഉടൻ തന്നെ നാടുകടത്തും.
7663 വരെ ഇതിനകം നാടുകടത്തി. അതിർത്തി സുരക്ഷാ സംവിധാനം ലംഘിക്കുന്നവർക്ക് രാജ്യത്തേക്ക് പ്രവേശനം സുഗമമാക്കുകയോ അവർക്ക് യാത്രസൗകര്യമൊരുക്കുയോ അഭയം നൽകുകയോ മറ്റേതെങ്കിലും വിധത്തിൽ എന്തെങ്കിലും സഹായമോ സേവനമോ നൽകുകയോ ചെയ്യുന്നവരെ പിടികൂടി ശിക്ഷക്ക് വിധേയമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം താക്കീത് നൽകി. 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും സ്വത്ത് കണ്ടുകെട്ടലുമാണ് ശിക്ഷ. ഇത്തരത്തിലുള്ള നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും ശ്രദ്ധയിൽപെട്ടാൽ പൊതുജനം മക്ക, റിയാദ് മേഖലകളിൽ 911 എന്ന നമ്പറിലും രാജ്യത്തിെൻറ മറ്റെല്ലാ പ്രദേശങ്ങളിലും 999, 996 എന്നീ നമ്പറുകളിലും വിളിച്ചറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.