യാംബു: വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം ഹെലികോപ്റ്ററിൽ നിന്ന് ബോംബിട്ട് ആറ് ഫലസ്തീനികളെ കൊലപ്പെടുത്തിയതിനെ സൗദി ശക്തമായി അപലപിച്ചു. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന നടപടികളെ അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ആക്രമണത്തിനിരയായ വ്യക്തികളുടെ കുടുംബങ്ങളോടും ഫലസ്തീനിലെ സർക്കാരിനോടും ജനങ്ങളോടും രാജ്യം ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇസ്രായേൽ അധിനിവേശ സേന നടത്തുന്ന ഗുരുതരമായ നിയമ ലംഘനങ്ങളോടും മൃഗീയമായ അക്രമണങ്ങളോടും ശക്തിയായി പ്രതിഷേധിക്കുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ചയാണ് 15 കാരനടക്കം ആറ് ഫലസ്തീനികളെ കൊലപ്പെടുത്തുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഇസ്രായേൽ ആക്രമണം നടന്നത്. കുടിയേറ്റം വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ മുന്നോടിയായാണ് ഇസ്രേയേൽ ആക്രമണം അഴിച്ചുവിടുന്നതെന്ന് ഫലസ്തീൻ അതോറിറ്റി ആരോപിച്ചു.
കഴിഞ്ഞ മാസം ജറുസലേമിലെ മസ്ജിദുൽ അഖ്‌സ ആക്രമണത്തെ സൗദി അപലപിക്കുകയും ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യവും ഉറച്ച നിലപാടും ആവർത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഒ.ഐ.സിയും ഗൾഫ് സഹകരണ കൗൺസിലും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള പിന്തുണ ആവർത്തിച്ച് അറിയിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ ‘മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ ജിയോസ്ട്രാറ്റജിക് റോൾ' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പങ്കെടുക്കുകയും രാജ്യത്തിെൻറ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഫലസ്തീൻ സമാധാനത്തിലേക്കുള്ള വഴി കണ്ടെത്താൻ ശ്രമിക്കാനുള്ള ധാർമിക ഉത്തരവാദിത്തം നമുക്കുണ്ടെന്നും അതിന് കഴിഞ്ഞില്ലെങ്കിൽ ഫലസ്തീനിലും ഇസ്രായേലിലും വരാനിരിക്കുന്ന കഷ്ടപ്പാടുകൾ വിവരണാതീതമായിരിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതിനാൽ, സൗദിക്ക് കഴിയുന്നത് ഞങ്ങൾ ചെയ്യും. ഫലസ്തീൻ സമാധാനം നിലനിർത്താൻ മറ്റുള്ള രാജ്യങ്ങളുമായി ഇടപഴകി യോജിച്ച മുന്നേറ്റം നടത്താൻ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.