ഇന്ത്യയുടെ 77ാമത്​ സ്വാതന്ത്ര്യദിനം ആഘോഷിച്ച്​ സൗദിയിലെ പ്രവാസി സമൂഹം

റിയാദ്​: ഇന്ത്യയുടെ 77ാമത്​ സ്വാതന്ത്ര്യദിനം ആഘോഷിച്ച്​ സൗദി അറേബ്യയിലെ പ്രവാസി സമൂഹം. റിയാദിൽ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഔദ്യോഗിമായ ആഘോഷം റിയാദ്​ ഡിപ്ലോമാറ്റിക്​ ക്വാർട്ടറിലെ എംബസി അങ്കണത്തിൽ നടന്നു. രാവിലെ എട്ടിന്​ അംബാസഡർ ഡോ. സുഹേൽ അജാസ്​ ഖാൻ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക്​ തുടക്കമായി. പ്രവാസി ഇന്ത്യൻ സമൂഹ പ്രതിനിധികളും സുഹൃത്ത്​ രാഷ്​ട്രങ്ങളിൽനിന്നുള്ളവരും എംബസി ഉദ്യോഗസ്​ഥരും മാധ്യമപ്രവർത്തകരും ഉൾപ്പടെ അഞ്ഞൂറോളം ആളുകൾ പ​ങ്കെടുത്തു.

 രാഷ്​ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദേശം അംബാസഡർ ചടങ്ങിൽ വായിച്ചു. തുടർന്ന്​ സദസിനെ അഭിസംബോധന ചെയ്​ത അംബാസഡർ ഇന്ത്യ-സൗദി സൗഹൃദം ശക്തിപ്പെടുന്നതിനെയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തി​ന്റെ നൂറാം വാർഷികം തികയുന്ന 2047 വരെ നീളുന്ന ശതാബ്​ദി ആഘോഷമായ ‘അമൃത്​ കാൽ’ പരിപാടിയെയും ഒരു വികസിത രാഷ്​ട്രമാക്കി മാറ്റുന്നതിനുള്ള പദ്ധതികളെയും കുറിച്ച്​ വിശദീകരിച്ചു. സൗദിയിലെ ഇന്ത്യൻ പ്രവാസിസമൂഹത്തിന്​ അംബാസഡർ ആശംസകൾ നേർന്നു.

ദേശീയപതാക ഉയർന്നയുടൻ പ്രവാസികലാകാരന്മാർ പ​ങ്കെടുത്ത സാംസ്​കാരിക പരിപാടികൾ അരങ്ങേറി. വിഭജനവുമായി ബന്ധപ്പെട്ടുണ്ടായ കലാപങ്ങളുടെ അതിഭീകര കാഴ്​ചകൾ അണിനിരത്തിയ ഫോ​ട്ടോപ്രദർശനവും സംഘടിപ്പിച്ചിരുന്നു. ആഘോഷങ്ങളുടെ മുന്നോടിയായി എംബസി സംഘടിപ്പിച്ച ഓൺലൈൻ ഫ്രീഡം ക്വിസ്​ മത്സരത്തിലെ വിജയികളെ ചടങ്ങിൽ അംബാസഡർ ഉപഹാരം നൽകി ആദരിച്ചു.

 

2021 മാർച്ച് 12-ന് ഔദ്യോഗികമായി ആരംഭിച്ച ഇന്ത്യൻ സ്വാതന്ത്ര്യത്തി​ന്റെ 75-ാം വാർഷിക സ്​മരണയായ ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ സമാപനവും ഇന്ന്​ കൊണ്ടാടി. ഈ ആഘോഷങ്ങളുടെ ഭാഗമായി എംബസി അസംഖ്യം കലാസാംസ്​കാരിക വൈജ്ഞാനിക കായിക വിനോദ പരിപാടികൾ ഒരുക്കിയിരുന്നു. നിരവധി സാംസ്​കാരിക പരിപാടികൾ, ചലച്ചിത്രോത്സവങ്ങൾ, ഗോൾഫ്​ ടൂർണമെന്റ്, പ്രഭാഷണ പരമ്പര, യോഗ പരിപാടി, പലവിധ പ്രദർശന മേളകൾ തുടങ്ങിയവയാണ്​ ഈ ആഘോഷ വർഷത്തിലെ വിവിധ കാലയളവുകളിലായി അരങ്ങേറിയത്​. ഇന്ത്യ-സൗദി നയതന്ത്രബന്ധത്തി​ന്റെ പ്ലാറ്റിനം ജൂബിലിയും യാദൃശ്ചികമായി ഇതേ കാലയളവിൽ തന്നെ ആയത്​ ആഘോഷത്തിന്​ പൊലിമ​യേറ്റി.

 ഈ വർഷം ഇന്ത്യൻ സർക്കാർ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ മുന്നോടിയായി ജന്മഭൂമിക്ക്​ ആദരം അർപ്പിക്കാനും ദേശസുരക്ഷക്കും ഭദ്രതക്കുമായി ജീവൻ ത്വജിച്ച രക്തസാക്ഷികളെ ഓർക്കാനുമായി ‘മേരി മാതി, മേരാ ദേശ്​’ (എ​ന്റെ ജന്മദേശം, എന്റെ രാജ്യം) എന്ന പേരിൽ ഒരു കാമ്പയിൻ സംഘടിപ്പിച്ചിരുന്നു.

 ഇതിൽ പങ്കുചേർന്ന്​ റിയാദിൽ എംബസിയും പ്രത്യേക പരിപാടി ഈ മാസം 12 ന്​ സംഘടിപ്പിച്ചിരുന്നു. പ്രവാസി സമൂഹം അതിലും പങ്കുകൊണ്ടു. അതിനോടൊപ്പം ‘ഹർ ഘർ തിരംഗ’ കാമ്പയിനെയും എംബസി കുടുംബാംഗങ്ങളും പ്രവാസി സമൂഹവും വർധിച്ച പങ്കാളിത്തം കൊണ്ട്​ സജീവമാക്കി.



 


Tags:    
News Summary - Saudi Arabia expatriates Celebrates Indian Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.