സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ന്യൂയോർക് സിറ്റിയിൽ യു.എൻ ജനറൽ അസംബ്ലിയുടെ 79-ാമത് സമ്മേളനത്തി​ന്റെ ഭാഗമായ മന്ത്രിതല യോഗത്തിൽ സംസാരിക്കുന്നു

ഫലസ്തീൻ രാഷ്​ട്രം സ്ഥാപിക്കാൻ അന്താരാഷ്​ട്ര സഖ്യം പ്രഖ്യാപിച്ച്​ സൗദി അറേബ്യ

റിയാദ്​: സ്വതന്ത്ര ഫലസ്തീൻ രാഷ്​ട്രം സ്ഥാപിക്കുന്നതിനും ദ്വിരാഷ്​ട്ര പരിഹാരം നടപ്പാക്കുന്നതിനും ഒരു അന്താരാഷ്​ട്ര സഖ്യം ആരംഭിക്കു​ന്നു​വെന്ന്​ പ്രഖ്യാപിച്ച്​ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. അറബ്​-ഇസ്​ലാമിക് രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെട്ട സഖ്യത്തി​ന്റെ ആദ്യ യോഗം റിയാദിൽ നടക്കുമെന്ന്​ അദ്ദേഹം വ്യക്തമാക്കി. ന്യൂയോർക് സിറ്റിയിൽ യു.എൻ ജനറൽ അസംബ്ലിയുടെ 79-ാമത് സമ്മേളനത്തി​െൻറ ഭാഗമായി ഫലസ്തീൻ പ്രശ്നത്തെയും സമാധാന ശ്രമങ്ങളെയും കുറിച്ച്​ നടന്ന മന്ത്രിതല യോഗത്തിൽ സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനാണ് പുതിയ കൂട്ടായ്​മയുടെ​ പ്രഖ്യാപനം നിർവഹിച്ചത്​.

‘ഗസ്സയിലെ സാഹചര്യവും നീതിയുക്തവും സമഗ്രവുമായ സമാധാനത്തിലേക്കുള്ള പാതയെന്ന നിലയിൽ ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുക’ എന്ന തലക്കെട്ടിലാണ്​ ന്യൂയോർക്കിൽ മന്ത്രിതല യോഗം ചേർന്നത്​. ഫലസ്തീൻ രാഷ്​ട്രം സ്ഥാപിക്കാനുള്ള സഖ്യം യൂറോപ്യൻ, അറബ് സംയുക്ത ശ്രമത്തി​ന്റെ ഫലമാ​ണ്​. അറബ്, ഇസ്​ലാമിക രാജ്യങ്ങളുടെയും യൂറോപ്യൻ പങ്കാളികളുടെയും പേരിൽ ദ്വിരാഷ്​ട്ര പരിഹാരം നടപ്പാക്കുന്നതിനായി അന്താരാഷ്​ട്ര സഖ്യം ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയാണെന്ന്​ വിദേശകാര്യ മന്ത്രി യോഗത്തിൽ പറഞ്ഞു.

സമാധാനം കൈവരിക്കുന്നതിന് സംഭാവന നൽകുന്നതിനായി സൗദിയിലെ ആദ്യ യോഗത്തിൽ പങ്കെടുക്കാൻ നിങ്ങളെ ക്ഷണിക്കുന്നു. ആഗ്രഹിക്കുന്ന സമാധാനം കൈവരിക്കുന്നതിന് പൊതുവായ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുള്ള ഒരു പ്രായോഗിക പദ്ധതി ഞങ്ങൾ വികസിപ്പിക്കും. നീതിയും സമഗ്രവുമായ സമാധാനത്തിലേക്കുള്ള പാത കൈവരിക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. യുദ്ധം ഉടനടി അവസാനിപ്പിക്കാനും ദ്വിരാഷ്​ട്ര പരിഹാരം നടപ്പാക്കാനും പ്രേരിപ്പിക്കുന്ന വ്യക്തമായ സ്വാധീനമുള്ള പ്രായോഗിക നടപടികൾ കൈക്കൊള്ളാൻ കൂട്ടായി നീങ്ങേണ്ടതിന്റെ ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു. ഇതി​ന്റെ മുൻനിരയിൽ ഉണ്ടാവേണ്ടത്​ സ്വതന്ത്ര ഫലസ്തീൻ രാഷ്​ട്രമെന്ന കാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

വെസ്​റ്റ്​ ബാങ്കിൽ ഇസ്രായേൽ സേന നടത്തുന്ന ഗുരുതരമായ ലംഘനങ്ങൾക്ക് പുറമേ ഗസ്സക്കെതിരായ യുദ്ധം വലിയ മാനുഷിക ദുരന്തത്തിന് കാരണമായിട്ടുണ്ട്​. അധിനിവേശ നയത്തി​ന്റെ അക്രമാസക്തമായ തീവ്രവാദത്തി​ന്റെയും നയം അൽ അഖ്‌സ പള്ളിയേയും ഇസ്​ലാമിക, ക്രിസ്ത്യൻ വിശുദ്ധ ഗേഹങ്ങൾക്ക്​ നേരെയും ഭീഷണിയുയർത്തുന്നു. സ്വതന്ത്ര ഫലസ്തീനിയൻ രാഷ്​ട്രം സ്ഥാപിക്കുന്നത് അവകാശവും സമാധാനത്തിനുള്ള അടിസ്ഥാനവുമാണ്.

അതില്ലാതെ രാഷ്​ട്രീയ പ്രക്രിയക്കുള്ളിൽ നടക്കുന്ന ചർച്ച അന്തിമ ഫലം കാണില്ല. സംഘർഷത്തി​ന്റെ കഷ്​ടപ്പാടുകളുടെയും ചക്രം തകർക്കുന്നതിനുള്ള അനുയോജ്യമായ പരിഹാരമാണ്​ ദ്വിരാഷ്​ട്ര പരിഹാരം നടപ്പാക്കലെന്ന്​​ വിദേശകാര്യ മന്ത്രി പറഞ്ഞു.


Tags:    
News Summary - Saudi Arabia has announced an international alliance to establish a Palestinian state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.