റിയാദ്: അറേബ്യൻ ഉപദ്വീപിലെ പരമ്പരാഗത നാടോടി നൃത്തമായ 'അർദ'യുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പ്രദർശനമേളക്ക് റിയാദിൽ തുടക്കം. 'അർദ എക്സിബിഷൻ' എന്ന തലക്കെട്ടിൽ സൗദി സാംസ്‌കാരിക മന്ത്രാലയമാണ് മേളയുടെ സംഘാടകർ. ബത്ഹക്ക് സമീപം ദീറയിലെ മസ്മക് കോട്ടയോട് ചേർന്നുള്ള മൈതാനിയിലാണ് പ്രദർശന നഗരി. ഈ മാസം അഞ്ച് മുതൽ 10 വരെ വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന പരിപാടിയിലേക്ക് പ്രവേശനം പൂർണമായും സൗജന്യമാണ്. വൈകീട്ട് നാല് മുതൽ അർദ്ധരാത്രി 12 വരെ പ്രദർശന നഗരി സന്ദർശകർക്കായി തുറക്കും. പ്രവേശനം സൗജന്യമാണെങ്കിലും 'ടിക്കറ്റ്മാക്സ്' (ticketMX.com) എന്ന ആപ്പിൽ രജിസ്റ്റർ ചെയ്ത് ബാർകോഡ് നേടണം. ഓൺലൈനിലിൽ ടിക്കറ്റ് നേടാൻ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിൽ നേരിട്ടെത്തിയാൽ സഹായിക്കാൻ ഗൈഡുകൾ നഗരിക്ക് പുറത്ത് സജ്ജരാണ്.
അർദ നൃത്തം ചെയ്യുന്ന രീതി, അതിനായി ഉപയോഗിക്കുന്ന പ്രത്യേക വസ്ത്രങ്ങൾ, വാളുകൾ, ദഫ്ഫുകൾ, തലപ്പാവ് തുടങ്ങിയ എല്ലാ സാമഗ്രികളുടെ പ്രദർശനവും നിർമാണ രീതിയും കാഴ്ചക്കാരെ കൗതകപ്പെടുത്തും വിധം സജ്ജമാക്കിയിട്ടുണ്ട്. 'അർദ' സൗദിയുടെ ചരിത്രത്തോടൊപ്പം എത്ര ആഴത്തിൽ വേരൂന്നിയിട്ടുണ്ടെന്ന് പറയുന്ന ഡോക്യൂമെൻറി ചിത്രങ്ങൾ കൂറ്റൻ സ്‌ക്രീനുകളിൽ ഇംഗ്ലീഷിലും അറബിയിലും പ്രദർശിപ്പിക്കുന്നുണ്ട്. അർദ പഠിക്കാൻ താൽപര്യമുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലനം നൽകുന്നതിനും അർദ അധ്യാപകർ നയിക്കുന്ന പ്രതേക ശിൽപശാലയും പ്രദർശനത്തിന്റെ ഭാഗമായുണ്ട്.
അർദ കലയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി പറയാനും പ്രദർശന ഹാളിൽ ഒരുക്കിയ ചിത്രങ്ങളെയും ദൃശ്യങ്ങളെയും കുറിച്ച് വിശദീകരിക്കാനും വിവിധ ഭാഷകൾ സംസാരിക്കുന്ന ഗൈഡുകളെയും ഹാളിൽ വ്യന്യസിച്ചിട്ടുണ്ട്. വിദേശ സന്ദർശകർ ഏറെ എത്തുന്ന ദീറ, മസ്മക് ഭാഗത്ത് നടത്തുന്ന പ്രദർശനം അർദക്ക് ആഗോള തലത്തിൽ പ്രചാരം നേടാനാകും. പ്രദർശനത്തിന്റെ ഭാഗമായി ഹാളിന് പുറത്തുള്ള വിശാല മൈതാനിയിൽ സൗദി കലാകാരന്മാരുടെ കലാപ്രകടനങ്ങളും അരങ്ങ് തകർക്കുന്നുണ്ട്.
സൗദിയുടെ തനത് കലാരൂപമായ അർദ നൃത്തം രാജ്യത്തിന്റെ സവിശേഷ ദിനങ്ങളിലും പൊതുപരിപാടികളിലും വിവാഹം ഉൾപ്പടെയുള്ള സ്വകാര്യ ചടങ്ങുകളിലും ഒഴിച്ച് കൂടാനാകാത്തതാണ്. സൗദിയുടെ അതിഥികളെ വരവേൽക്കുന്ന കലാരൂപം കൂടിയാണ് അർദ നൃത്തം. 2017-ൽ അന്നത്തെ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രമ്പിന്റെ സൗദി സന്ദർശന പരിപാടിയിൽ സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ട്രമ്പിനൊപ്പം അർദക്ക് ചുവട് വെച്ചിരുന്നു. ബ്രിട്ടീഷ് രാജാവ് ചാൾസിെൻറ സൗദി സന്ദർശന വേളകളിലും അദ്ദേഹത്തെ വരവേൽക്കാൻ അർദ നൃത്തമൊരുക്കിയിട്ടുണ്ട്. അദ്ദേഹവും നർത്തകർക്കൊപ്പം വാളുംപിടിച്ച് ചുവടുകൾ വെച്ചിട്ടുണ്ട്. മനോഹരമായ അറബിക് കവിതകളുടെ വരികൾക്കൊപ്പമാണ് അർദ നർത്തകർ ചുവടുവെക്കുക. പശ്ചാത്തലത്തിൽ ദഫ്ഫ് മുട്ടി തുടങ്ങി ആകാശത്തേക്ക് വെടിയുതിർത്ത് അവസാനിക്കുന്ന അർദയുടെ ചരിത്രം പറയുന്ന പ്രദർശനം കാണാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കലാ പ്രേമികളെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.