മതകര്യ വകുപ്പ്​ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ്​ ആലുശൈഖും സമ്മേളന പ്രതിനിധികളും കൂടിക്കാഴ്​ച നടത്തിയപ്പോൾ

ആഗോള ഇസ്​ലാമിക സമ്മേളനം സമാപിച്ചു: മാനവൈക്യം കാത്തുസൂക്ഷിക്കാനും തീവ്രവാദത്തെ ചെറുക്കാനും ആഹ്വാനം

ജിദ്ദ: കോപ്പികൾ കത്തിച്ച് ഖുർആനെ തുടർച്ചയായി​​ അവഹേളിക്കുന്നതിനെ ശക്തമായി അപലപിച്ചും തീവ്രവാദത്തെയും ഭീകരവാദത്തെയും ചെറുക്കാനും മാനവൈക്യം കാത്തുസൂക്ഷിക്കാനും ആഹ്വാനം ചെയ്​ത്​ മക്കയിൽ ആഗോള ഇസ്​ലാമിക സമ്മേളനത്തിന്​ സമാപനം. നിരീശ്വരവാദത്തിൽ നിന്നും സമൂഹത്തെ സംരക്ഷിക്കാൻ യുവാക്കളെ സജ്ജരാക്കാനും സമ്മേളനം പ്രമേയം ആഹ്വാനം ചെയ്​തു. 85 രാജ്യങ്ങളിൽ നിന്ന്​ മുഫ്​തികളും ശൈഖ്​മാരും മന്ത്രിമാരും മതകാര്യ മേധാവികളും ഇസ്‌ലാമിക സംഘടന നേതാക്കളും ഉൾപ്പെടെ 150 പേർ പ​ങ്കെടുത്ത ദ്വിദിന സമ്മേളനം ഞായറാഴ്​ച രാവിലെയാണ്​ തുടങ്ങിയത്​. തിങ്കളാഴ്​ച വൈകീട്ട്​​ സമാപിച്ചു​.

മക്ക ഹിൽട്ടൽ ഹോട്ടൽ വേദിയായ സമ്മേളനത്തിൽ സഹിഷ്​ണുതയും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുകയും തീവ്രവാദവും വിദ്വേഷവും ചെറുക്കുകയും ചെയ്യുന്ന പ്രബന്ധങ്ങൾ ​ഏഴ് സെഷനുകളിലായി പ്രതിനിധികൾ അവതരിപ്പിച്ചു. സമ്മേളനത്തിന്റെ സമാപനത്തിൽ പങ്കെടുത്തവർ നിരവധി ശിപാർശകൾ പുറത്തിറക്കി.

മുസ്‌ലിംകൾക്കിടയിൽ ഐക്യം കൈവരിക്കുന്നതിന് വിവിധ മതകാര്യാലയങ്ങൾ, ഫത്​വ വകുപ്പ്​ തുടങ്ങിയവ തമ്മിൽ കൂടുതൽ ആശയവിനിമയത്തിനും സംയോജനത്തിനും ഇസ്‌ലാമിക കാര്യങ്ങളിൽ ആഴത്തിലുള്ള പങ്കാളിത്തത്തിനും ഊന്നൽ നൽകണമെന്ന്​ സമ്മേളനം ആവശ്യപ്പെട്ടു. ഇസ്‌ലാമിക ഐക്യം കെട്ടിപ്പടുക്കുന്നതിലെ ആദ്യത്തെ ഘടകം ഏകദൈവ വിശ്വാസമാണ്​. എല്ലാ പ്രവാചകരും ആഹ്വാനം ചെയ്തത്​ അ​താണെന്നും അവർ ഊന്നിപ്പറഞ്ഞു. ഖുർആനും സുന്നത്തും മുറുകെ പിടിക്കലാണ്​ മതത്തിന്റെ അടിസ്ഥാനം.

ഫത്‌വ പരിപാലിക്കേണ്ടതിന്റെയും അത്​ ശരീഅത്ത്​ ഗ്രന്ഥങ്ങൾക്കനുസൃതമായി നിയന്ത്രിക്കേണ്ടതിന്റെയും ആവശ്യകതയും അവർ വ്യക്തമാക്കി. ഫത്​വയുടെ താൽപ്പര്യങ്ങൾ നേടിയിരിക്കണം.​ നാശവും ദോഷവും തടയുന്നതായിരിക്കണം. ഫത്​വ യോഗ്യരായ പണ്ഡിതരിൽ നിന്ന് മാത്രമേ സ്വീകരിക്കാവൂ. അതല്ലാത്ത ആളുകളുടെ ഫത്‌വകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും സമ്മേളനം ആവ​ശ്യപ്പെട്ടു.

പ്രഭാഷണങ്ങളിലും വിദ്യാഭ്യാസ പാഠ്യപദ്ധതികളിലും മിതത്വത്തിന്റെയും സഹിഷ്​ണുതയുടെയും സമീപനം ഏകീകരിക്കുന്നതിലും ലോകത്തിലെ മതപരമായ സ്ഥാപനങ്ങൾ, ഫത്‌വ വകുപ്പുകൾ, പണ്ഡിതന്മാർ എന്നിവർക്ക്​ ഉത്തരവാദിത്വമുണ്ടെന്നും സമ്മേളനത്തിൽ സംസാരിച്ചവർ ഊന്നിപ്പറഞ്ഞു. തീവ്രവാദം, ഭീകരവാദം എന്നിവയ്‌ക്കെതിരെ പോരാടാൻ ഇമാമുമാരെയും പ്രബോധകരെയും യോഗ്യരാക്കുകയും പരിശീലിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്​.

പ്രതിരോധവും ശരിയായ പ്രതിവിധിയും ലക്ഷ്യമിട്ടുള്ള പരിപാടികളിലൂടെ നിരീശ്വരവാദത്തിന്റെ തരംഗങ്ങളിൽനിന്ന് സമൂഹങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും കുടുംബത്തെ സംരക്ഷിക്കുന്നതിനും അവരിൽ മൂല്യങ്ങളും തത്വങ്ങളും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഇസ്‌ലാമിനെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളെ നേരിടേണ്ടതുണ്ട്​. അതിന്റെ സഹിഷ്ണുതാ നിലപാട്​, സത്യം, കരുണ, നീതി, ശത്രുതയോടും അക്രമത്തോടുമുള്ള അതിന്റെ എതിർപ്പ്​ എന്നിവ സംബന്ധിച്ച്​ ആളുകളെ ബോധവത്​കരിക്കേണ്ടതിന്റെ ആവശ്യകതയും സമ്മേളനം വ്യക്തമാക്കി.

തീവ്രവാദ സംഘങ്ങളുടെ ആശയങ്ങളെയും ഇസ്‌ലാമിനെതിരായ അവരുടെ കുറ്റകൃത്യത്തിന്റെ വ്യാപ്തിയെയും കലഹത്തിനും ഭിന്നതയ്ക്കും അവർ ആക്കം കൂട്ടുന്നതിനെയും സമൂഹങ്ങളിൽ അരാജകത്വവും അരക്ഷിതാവസ്ഥയും പടർത്തുന്നതിൽ അവർക്കുള്ള സ്വാധീനത്തെയും കുറിച്ച്​ പൊതുജനങ്ങൾക്ക്​​ വിവരിച്ചു കൊടുക്കേണ്ടതുണ്ട്​.

ഖുർആന്റെ കോപ്പികൾ കത്തിക്കുന്ന സംഭവം ആവർത്തിക്കുന്നതിനെ സമ്മേളനം ശക്തമായി അപലപിച്ചു. അത്തരം ഹീനമായ പ്രവൃത്തികൾ വിദ്വേഷവും ബഹിഷ്‌കരണവും വംശീയതയും ഉളവാക്കുന്നുവെന്നും പൊതുവായ മാനുഷിക മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും സ​മ്മേളനത്തിൽ പ​​ങ്കെടുത്തവർ ഊന്നിപ്പറഞ്ഞു. ലോകമെമ്പാടുമുള്ള മതകാര്യങ്ങൾ, ഫത്‌വ സമിതികൾ, പണ്ഡിതസഭകൾ തുടങ്ങിയവയുമായി ആശയവിനിമയം നടത്താനും സംയോജിപ്പിക്കാനും സൗദി മതകാര്യ വകുപ്പ്​ നടത്തുന്ന ശ്രമങ്ങളെ സമാപന പ്രസ്താവനയിൽ പ്രശംസിച്ചു.

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സേവിക്കുന്നതിലും ലോകത്തെ മതകാര്യ സ്ഥാപനങ്ങളുമായി ആശയവിനിമയത്തിന്റെ പാലങ്ങൾ നിർമിക്കാനും സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാന്റെയും നേതൃത്വത്തിലുള്ള ഭരണകൂടം കാണിക്കുന്ന താൽപര്യത്തെ സ​മ്മേളനത്തിൽ പ​ങ്കെടുത്തവർ പ്രശംസിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Tags:    
News Summary - Saudi Arabia international Islamic conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.