ആഗോള ഇസ്‌ലാമിക സമ്മേളനം സമാപിച്ചു: മാനവൈക്യം കാത്തുസൂക്ഷിക്കാനും തീവ്രവാദത്തെ ചെറുക്കാനും ആഹ്വാനം
text_fieldsജിദ്ദ: കോപ്പികൾ കത്തിച്ച് ഖുർആനെ തുടർച്ചയായി അവഹേളിക്കുന്നതിനെ ശക്തമായി അപലപിച്ചും തീവ്രവാദത്തെയും ഭീകരവാദത്തെയും ചെറുക്കാനും മാനവൈക്യം കാത്തുസൂക്ഷിക്കാനും ആഹ്വാനം ചെയ്ത് മക്കയിൽ ആഗോള ഇസ്‌ലാമിക സമ്മേളനത്തിന് സമാപനം. നിരീശ്വരവാദത്തിൽ നിന്നും സമൂഹത്തെ സംരക്ഷിക്കാൻ യുവാക്കളെ സജ്ജരാക്കാനും സമ്മേളനം പ്രമേയം ആഹ്വാനം ചെയ്തു. 85 രാജ്യങ്ങളിൽ നിന്ന് മുഫ്തികളും ശൈഖ്മാരും മന്ത്രിമാരും മതകാര്യ മേധാവികളും ഇസ്‌ലാമിക സംഘടന നേതാക്കളും ഉൾപ്പെടെ 150 പേർ പങ്കെടുത്ത ദ്വിദിന സമ്മേളനം ഞായറാഴ്ച രാവിലെയാണ് തുടങ്ങിയത്. തിങ്കളാഴ്ച വൈകീട്ട് സമാപിച്ചു.
മക്ക ഹിൽട്ടൽ ഹോട്ടൽ വേദിയായ സമ്മേളനത്തിൽ സഹിഷ്ണുതയും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുകയും തീവ്രവാദവും വിദ്വേഷവും ചെറുക്കുകയും ചെയ്യുന്ന പ്രബന്ധങ്ങൾ ഏഴ് സെഷനുകളിലായി പ്രതിനിധികൾ അവതരിപ്പിച്ചു. സമ്മേളനത്തിന്റെ സമാപനത്തിൽ പങ്കെടുത്തവർ നിരവധി ശിപാർശകൾ പുറത്തിറക്കി.
മുസ്‌ലിംകൾക്കിടയിൽ ഐക്യം കൈവരിക്കുന്നതിന് വിവിധ മതകാര്യാലയങ്ങൾ, ഫത്‌വ വകുപ്പ് തുടങ്ങിയവ തമ്മിൽ കൂടുതൽ ആശയവിനിമയത്തിനും സംയോജനത്തിനും ഇസ്‌ലാമിക കാര്യങ്ങളിൽ ആഴത്തിലുള്ള പങ്കാളിത്തത്തിനും ഊന്നൽ നൽകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഇസ്‌ലാമിക ഐക്യം കെട്ടിപ്പടുക്കുന്നതിലെ ആദ്യത്തെ ഘടകം ഏകദൈവ വിശ്വാസമാണ്. എല്ലാ പ്രവാചകരും ആഹ്വാനം ചെയ്തത് അതാണെന്നും അവർ ഊന്നിപ്പറഞ്ഞു. ഖുർആനും സുന്നത്തും മുറുകെ പിടിക്കലാണ് മതത്തിന്റെ അടിസ്ഥാനം.
ഫത്‌വ പരിപാലിക്കേണ്ടതിന്റെയും അത് ശരീഅത്ത് ഗ്രന്ഥങ്ങൾക്കനുസൃതമായി നിയന്ത്രിക്കേണ്ടതിന്റെയും ആവശ്യകതയും അവർ വ്യക്തമാക്കി. ഫത്വയുടെ താൽപ്പര്യങ്ങൾ നേടിയിരിക്കണം. നാശവും ദോഷവും തടയുന്നതായിരിക്കണം. ഫത്‌വ യോഗ്യരായ പണ്ഡിതരിൽ നിന്ന് മാത്രമേ സ്വീകരിക്കാവൂ. അതല്ലാത്ത ആളുകളുടെ ഫത്‌വകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പ്രഭാഷണങ്ങളിലും വിദ്യാഭ്യാസ പാഠ്യപദ്ധതികളിലും മിതത്വത്തിന്റെയും സഹിഷ്ണുതയുടെയും സമീപനം ഏകീകരിക്കുന്നതിലും ലോകത്തിലെ മതപരമായ സ്ഥാപനങ്ങൾ, ഫത്‌വ വകുപ്പുകൾ, പണ്ഡിതന്മാർ എന്നിവർക്ക് ഉത്തരവാദിത്വമുണ്ടെന്നും സമ്മേളനത്തിൽ സംസാരിച്ചവർ ഊന്നിപ്പറഞ്ഞു. തീവ്രവാദം, ഭീകരവാദം എന്നിവയ്‌ക്കെതിരെ പോരാടാൻ ഇമാമുമാരെയും പ്രബോധകരെയും യോഗ്യരാക്കുകയും പരിശീലിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.
പ്രതിരോധവും ശരിയായ പ്രതിവിധിയും ലക്ഷ്യമിട്ടുള്ള പരിപാടികളിലൂടെ നിരീശ്വരവാദത്തിന്റെ തരംഗങ്ങളിൽനിന്ന് സമൂഹങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും കുടുംബത്തെ സംരക്ഷിക്കുന്നതിനും അവരിൽ മൂല്യങ്ങളും തത്വങ്ങളും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഇസ്‌ലാമിനെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളെ നേരിടേണ്ടതുണ്ട്. അതിന്റെ സഹിഷ്ണുതാ നിലപാട്, സത്യം, കരുണ, നീതി, ശത്രുതയോടും അക്രമത്തോടുമുള്ള അതിന്റെ എതിർപ്പ് എന്നിവ സംബന്ധിച്ച് ആളുകളെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകതയും സമ്മേളനം വ്യക്തമാക്കി.
തീവ്രവാദ സംഘങ്ങളുടെ ആശയങ്ങളെയും ഇസ്‌ലാമിനെതിരായ അവരുടെ കുറ്റകൃത്യത്തിന്റെ വ്യാപ്തിയെയും കലഹത്തിനും ഭിന്നതയ്ക്കും അവർ ആക്കം കൂട്ടുന്നതിനെയും സമൂഹങ്ങളിൽ അരാജകത്വവും അരക്ഷിതാവസ്ഥയും പടർത്തുന്നതിൽ അവർക്കുള്ള സ്വാധീനത്തെയും കുറിച്ച് പൊതുജനങ്ങൾക്ക് വിവരിച്ചു കൊടുക്കേണ്ടതുണ്ട്.
ഖുർആന്റെ കോപ്പികൾ കത്തിക്കുന്ന സംഭവം ആവർത്തിക്കുന്നതിനെ സമ്മേളനം ശക്തമായി അപലപിച്ചു. അത്തരം ഹീനമായ പ്രവൃത്തികൾ വിദ്വേഷവും ബഹിഷ്‌കരണവും വംശീയതയും ഉളവാക്കുന്നുവെന്നും പൊതുവായ മാനുഷിക മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും സമ്മേളനത്തിൽ പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു. ലോകമെമ്പാടുമുള്ള മതകാര്യങ്ങൾ, ഫത്‌വ സമിതികൾ, പണ്ഡിതസഭകൾ തുടങ്ങിയവയുമായി ആശയവിനിമയം നടത്താനും സംയോജിപ്പിക്കാനും സൗദി മതകാര്യ വകുപ്പ് നടത്തുന്ന ശ്രമങ്ങളെ സമാപന പ്രസ്താവനയിൽ പ്രശംസിച്ചു.
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സേവിക്കുന്നതിലും ലോകത്തെ മതകാര്യ സ്ഥാപനങ്ങളുമായി ആശയവിനിമയത്തിന്റെ പാലങ്ങൾ നിർമിക്കാനും സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നേതൃത്വത്തിലുള്ള ഭരണകൂടം കാണിക്കുന്ന താൽപര്യത്തെ സമ്മേളനത്തിൽ പങ്കെടുത്തവർ പ്രശംസിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.